നുണ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ക്ക് നുണകളുടെ അന്തകരാവാനും കഴിയും; സാമൂഹമാധ്യമങ്ങള്‍ക്ക് പൂട്ടിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് തോമസ് ഐസക്

നുണ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ക്കു നുണകളുടെ അന്തകരാവാനും കഴിയുമെന്ന് മുന്‍ മന്ത്രി തോമസ് ഐസക്. ലക്ഷക്കണക്കിന് ആളുകള്‍ അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പുകളുടെ പിന്‍ബലത്തില്‍ ഊറ്റംകൊണ്ട അമിത്ഷായ്ക്ക് ഇപ്പോള്‍ അവ ഭാരമായിരിക്കുന്നുവെന്നും നുണ മാത്രമല്ല, സത്യവും വസ്തുതയും പ്രചരിപ്പിക്കാനും സോഷ്യല്‍ മീഡിയയ്ക്ക് കഴിയുമെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

തങ്ങളുടെ തനിനിറം ജനങ്ങളിലെത്തിക്കാനും സോഷ്യല്‍ മീഡിയയ്ക്കു കഴിയും എന്ന തിരിച്ചറിവു തന്നെയാണ് ഇപ്പോഴുള്ള ഹാലിളക്കത്തിനു കാരണം. സര്‍ക്കാരിനെതിരെയുള്ള ബഹുജനാഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തടയുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.

ഒന്നുകില്‍ നാവു പൂട്ടി സമ്പൂര്‍ണ വിധേയരായി സര്‍ക്കാരിനെ അനുസരിക്കുക, അല്ലെങ്കില്‍ ബിജെപി സംഘം സൃഷ്ടിക്കുന്ന നുണകള്‍ വിഴുങ്ങുകയോ വിതരണം ചെയ്യുകയോ ചെയ്യുക. ഇതിലപ്പുറം സ്വാതന്ത്ര്യം സോഷ്യല്‍ മീഡിയയ്ക്കു നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലെന്നും തോമസ് ഐസക് കുറിച്ചു.

ജനങ്ങളെ ഭയപ്പെടുത്തി വരുതിയ്ക്കു നിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും ചെറുത്തു തോല്‍പ്പിക്കപ്പെടണം. ക്രൂരമായ സ്വേച്ഛാധിപത്യവാഴ്ചയിലേയ്ക്കുള്ള മുന്നോടിയാണ് സാമൂഹ്യമാധ്യമങ്ങള്‍ക്കെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ കടന്നു കയറ്റം. ജനാധിപത്യവിരുദ്ധമായ ഇത്തരം നിയമഭേദഗതികള്‍ പിന്‍വലിച്ചേ മതിയാകൂ എന്നും തോമസ് ഐസക് വ്യക്തമാക്കി.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘ഇനിയ്ക്കുന്നതോ കയ്ക്കുന്നതോ, നല്ലതോ ചീത്തയോ ആകട്ടെ, ഞങ്ങള്‍ ആഗ്രഹിക്കുന്ന ഏതു വാര്‍ത്തയും ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്”. അഹങ്കാരം സ്ഫുരിക്കുന്ന ഈ വാക്കുകള്‍ അമിത്ഷായുടേയാണ്. ഇതു പറഞ്ഞവരാണ് ഇന്ന് വാട്‌സാപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ക്കെതിരെ ചന്ദ്രഹാസമിളക്കുന്നത്. പുരുഷുവിനിത് എന്തു പറ്റി എന്ന് ആരും സ്വാഭാവികമായി സംശയിക്കും.

32 ലക്ഷം പേരടങ്ങുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളുപയോഗിച്ച് ഉത്തര്‍പ്രദേശ് ഭരണം പിടിച്ച സോഷ്യല്‍ മീഡിയാകളികള്‍ ഓര്‍മ്മിപ്പിച്ചാണ് 2018 സെപ്തംബറില്‍ അമിത്ഷാ ബിജെപി പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചത്. രാജസ്ഥാനിലെ കോട്ടയില്‍ സംഘടിപ്പിച്ച പാര്‍ടി യോഗമായിരുന്നു വേദി.

മുലായം സിംഗ് യാദവിനെ മകന്‍ അഖിലേഷ് യാദവ് കൈയേറ്റം ചെയ്തു എന്ന കള്ളക്കഥ നിമിഷം കൊണ്ട് ഉത്തര്‍പ്രദേശില്‍ വൈറലാക്കിയ തങ്ങളുടെ സോഷ്യല്‍ മീഡിയാ സംഘത്തിന്റെ വൈഭവത്തെക്കുറിച്ചാണ് ഷാ വാചാലനായത്. സംശയമുള്ളവര്‍ക്കു സാക്ഷാല്‍ അമിട്ടാഷായുടെ വചനങ്ങള്‍ തന്നെ വീഡിയോയില്‍ കേള്‍ക്കാം. നമ്മുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നത് സംഘപരിവാറിന്റെ വാട്‌സാപ്പ് ഗ്രൂപ്പുകളാണ്.

പ്രചാരവേലയ്ക്കും പ്രതിച്ഛായ തകര്‍ക്കാനുമൊക്കെ നുണക്കഥകള്‍ സമര്‍ത്ഥമായി ഉപയോഗിച്ചിട്ടുണ്ട് ബിജെപി. സോഷ്യല്‍ മീഡിയാ സൈറ്റുകള്‍ തന്നെയായിരുന്നു പ്ലാറ്റ്‌ഫോം. അവര്‍ക്കിപ്പോഴെന്താണ് സംഭവിച്ചത്? പൊടുന്നനെ സോഷ്യല്‍ മീഡിയാ സൈറ്റുകള്‍ ഇവര്‍ക്ക് അലര്‍ജിയാകാന്‍ എന്താണ് കാരണം?

ലക്ഷക്കണക്കിന് ആളുകള്‍ അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പുകളുടെ പിന്‍ബലത്തില്‍ ഊറ്റംകൊണ്ട അമിത്ഷായ്ക്ക് ഇപ്പോള്‍ അവ ഭാരമായിരിക്കുന്നു. നുണ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ക്കു നുണകളുടെ അന്തകരാവാനും കഴിയും. നുണ മാത്രമല്ല, സത്യവും വസ്തുതയും പ്രചരിപ്പിക്കാനും സോഷ്യല്‍ മീഡിയയ്ക്ക് കഴിയും. തങ്ങളുടെ തനിനിറം ജനങ്ങളിലെത്തിക്കാനും സോഷ്യല്‍ മീഡിയയ്ക്കു കഴിയും എന്ന തിരിച്ചറിവു തന്നെയാണ് ഇപ്പോഴുള്ള ഹാലിളക്കത്തിനു കാരണം.

സര്‍ക്കാരിനെതിരെയുള്ള ബഹുജനാഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തടയുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഒന്നുകില്‍ നാവു പൂട്ടി സമ്പൂര്‍ണ വിധേയരായി സര്‍ക്കാരിനെ അനുസരിക്കുക, അല്ലെങ്കില്‍ ബിജെപി സംഘം സൃഷ്ടിക്കുന്ന നുണകള്‍ വിഴുങ്ങുകയോ വിതരണം ചെയ്യുകയോ ചെയ്യുക. ഇതിലപ്പുറം സ്വാതന്ത്ര്യം സോഷ്യല്‍ മീഡിയയ്ക്കു നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല.

അഭിപ്രായപ്രകടനത്തിനുള്ള ജനങ്ങളുടെ മൗലികാവകാശം തടയുന്നതിനൊപ്പം, സ്വകാര്യതയിലേയ്ക്കുള്ള നഗ്‌നമായ കടന്നുകയറ്റം കൂടി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ആ ഉദ്ദേശത്തോടെയാണ് ഐടി നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. നിര്‍ഭയരായി അഭിപ്രായം പറയാനുള്ള ജനതയുടെ അവകാശമാണ് ജനാധിപത്യത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. ജനങ്ങളെ ഭയപ്പെടുത്തി വരുതിയ്ക്കു നിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും ചെറുത്തു തോല്‍പ്പിക്കപ്പെടണം. ക്രൂരമായ സ്വേച്ഛാധിപത്യവാഴ്ചയിലേയ്ക്കുള്ള മുന്നോടിയാണ് സാമൂഹ്യമാധ്യമങ്ങള്‍ക്കെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ കടന്നു കയറ്റം. ജനാധിപത്യവിരുദ്ധമായ ഇത്തരം നിയമഭേദഗതികള്‍ പിന്‍വലിച്ചേ മതിയാകൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News