ദ്വീപ് നിവാസികളുടെ ഉപജീവനമാര്‍ഗ്ഗങ്ങളെയും, ജീവിതരീതികളെയും തകര്‍ക്കാനുള്ള നീക്കങ്ങളാണ് പ്രഫുല്‍ ഖോഡ പട്ടേലിന്റേത് ; ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി മന്ത്രി ആര്‍ ബിന്ദു

ദ്വീപ് നിവാസ്സികളുടെ ഭക്ഷണക്രമത്തേയും, ഉപജീവനമാര്‍ഗ്ഗങ്ങളെയും, ജീവിതരീതികളെയും എല്ലാം തകര്‍ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പ്രൊഫസര്‍ ആര്‍ ബിന്ദു.

ടൂറിസത്തെ ശക്തിപ്പെടുത്താന്‍ എന്ന പേരില്‍ ആ നാടിന്റെ സാംസ്‌കാരികമായ സ്വത്വവും തനിമയും സമ്പന്നമായ ഭൂപ്രകൃതിയും നശിപ്പിക്കുവാനുള്ള ശ്രമമാണ് നടന്നുവരുന്നത്. ലക്ഷദ്വീപ് ഭരണകൂടത്തിന് വ്യക്തികളുടെ ഭൂമിയും, സ്വത്തും ഏറ്റെടുക്കാന്‍ അമിതാധികാരം നല്‍കുന്ന വ്യവസ്ഥകള്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

പുതിയ നിയമങ്ങളും, നിയന്ത്രണങ്ങളും കൊണ്ടുവന്നുകൊണ്ട് ദ്വീപ് നിവാസ്സികളുടെ ജീവിത്തില്‍ അട്ടിമറികള്‍ സൃഷ്ടിക്കുവാനാണ് പരിശ്രമം. ബീഫ് നിരോധനം, രണ്ടിലധികം മക്കളുള്ളവര്‍ വില്ലേജ് കൌണ്‍സിലിലേക്ക് മല്‍സരിക്കാന്‍ പാടില്ല എന്ന നിലപാട്, ഭൂമിയുടെ ഉടമകളുടെ താല്പര്യങ്ങള്‍ ആരായാതെ നിരുപാധികം വികസനത്തിന്റെ പേരില്‍ ഭൂമി പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍, ഇവയെല്ലാം തന്നെ സമീപകാലത്ത് ലക്ഷദ്വീപില്‍ അരങ്ങേറുന്ന നാടകങ്ങളുടെ ഭാഗമാണ്. ദ്വീപിലെ സ്വച്ഛമായ പ്രകൃതിക്കുമേലെ അധിനിവേശസാദ്ധ്യതകള്‍ തുറന്നിട്ടുകൊണ്ട് ഭൂപരിവര്‍ത്തനത്തിനും, വാണിജ്യവല്‍ക്കരണത്തിനും ആണ് നീക്കം. ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ക്ക് ദ്വീപിനെ അടിയറവെക്കുന്നതിനായുള്ള ശ്രമമാണ് ഇതിനു പിന്നിലോന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

അതിമനോഹരമായ ഭൂപ്രകൃതിയും, അനന്യമായ ആദിമഗോത്ര സംസ്‌കൃതിയും ഒത്തുചേര്‍ന്ന് അനുഗൃഹീതമായ ലക്ഷദ്വീപിന്റെ തനതു ജീവിതരീതികള്‍ക്കും സാംസ്‌കാരിക സവിശേഷതകള്‍ക്കും നേരെ സമീപകാലത്ത് നടന്നുവരുന്ന കടന്നുകയറ്റങ്ങള്‍ക്കെതിരെ പ്രതിഷേധവും, പ്രതിരോധവും ഉയര്‍ത്തുന്ന ലക്ഷദ്വീപ് നിവാസ്സികളോട് കേരളജനത ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുകയാണ്.
ദ്വീപ് നീവാസ്സികളുടെ ഭക്ഷണക്രമത്തേയും, ഉപജീവനമാര്‍ഗ്ഗങ്ങളെയും, ജീവിതരീതികളെയും എല്ലാം തകര്‍ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലക്ഷദ്വീപ് ജനതയുടെ ഏതാണ്ട് തൊണ്ണൂറ്റിയേഴ് ശതമാനം മുസ്ലീങ്ങള്‍ ആണ് എന്നുള്ളതുകൊണ്ട് വൈരാഗ്യകരമായ സമീപനമാണ് നരേന്ദ്രമോഡിയുടെ അടുത്തസുഹൃത്തായ അഡ്മിനിസ്‌ട്രേറ്റര്‍ കൈക്കൊണ്ടുവരുന്നത്.
ടൂറിസത്തെ ശക്തിപ്പെടുത്താന്‍ എന്ന പേരില്‍ ആ നാടിന്റെ സാംസ്‌കാരികമായ സ്വത്വവും തനിമയും സമ്പന്നമായ ഭൂപ്രകൃതിയും നശിപ്പിക്കുവാനുള്ള ശ്രമമാണ് നടന്നുവരുന്നത്. ലക്ഷദ്വീപ് ഭരണകൂടത്തിന് വ്യക്തികളുടെ ഭൂമിയും, സ്വത്തും ഏറ്റെടുക്കാന്‍ അമിതാധികാരം നല്‍കുന്ന വ്യവസ്ഥകള്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
പുതിയ നിയമങ്ങളും, നിയന്ത്രണങ്ങളും കൊണ്ടുവന്നുകൊണ്ട് ദ്വീപ് നിവാസ്സികളുടെ ജീവിത്തില്‍ അട്ടിമറികള്‍ സൃഷ്ടിക്കുവാനാണ് പരിശ്രമം. ബീഫ് നിരോധനം, രണ്ടിലധികം മക്കളുള്ളവര്‍ വില്ലേജ് കൌണ്‍സിലിലേക്ക് മല്‍സരിക്കാന്‍ പാടില്ല എന്ന നിലപാട്, ഭൂമിയുടെ ഉടമകളുടെ താല്പര്യങ്ങള്‍ ആരായാതെ നിരുപാധികം വികസനത്തിന്റെ പേരില്‍ ഭൂമി പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍, ഇവയെല്ലാം തന്നെ സമീപകാലത്ത് ലക്ഷദ്വീപില്‍ അരങ്ങേറുന്ന നാടകങ്ങളുടെ ഭാഗമാണ്. ദ്വീപിലെ സ്വച്ഛമായ പ്രകൃതിക്കുമേലെ അധിനിവേശസാദ്ധ്യതകള്‍ തുറന്നിട്ടുകൊണ്ട് ഭൂപരിവര്‍ത്തനത്തിനും, വാണിജ്യവല്‍ക്കരണത്തിനും ആണ് നീക്കം. ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ക്ക് ദ്വീപിനെ അടിയറവെക്കുന്നതിനായുള്ള ശ്രമമാണ് ഇതിനു പിന്നില്‍.
പ്രഫുല്‍ പട്ടേലിന്റെ ഏറ്റവും വിവാദജനകമായ നിയമനിര്‍മ്മാണം കരട് ലക്ഷദ്വീപ് വികസന അതോറിറ്റി റെഗുലേഷന്‍ 2021 ആണ്. ദ്വീപ് നിവാസ്സികളുടെ ഭൂമി ഹൈവേകളും, റെയില്‍വേ ലൈനുകളും മറ്റു നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഒക്കെ നടത്താന്‍ ഏറ്റെടുക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫലത്തില്‍ തങ്ങള്‍ ജീവിച്ചുപോരുന്ന ഭൂമിയില്‍ നിന്ന് ദ്വീപ് നിവാസ്സികളെ പറിച്ചെറിഞ്ഞുകൊണ്ട് അവരുടെ പ്രകൃതിക്കുമേലെ അധിനിവേശം നടത്തുന്നതിനുള്ള സാധ്യതയാണ് സൃഷ്ടിക്കപ്പെടുന്നത് എന്നത് ഉറപ്പായ കാര്യം.
ഭയത്തിന്റെയും, ക്ഷോഭത്തിന്റെയും, ധാര്‍മ്മിക രോഷത്തിന്റെയും സമ്മിശ്ര വികാരങ്ങളിലൂടെയാണ് ഇന്ന് ദ്വീപ് നിവാസ്സികള്‍ കടന്നു പോകുന്നത്. അപൂര്‍വ്വമായ മുസ്ലീം ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് ഗണ്യമായ സാന്നിദ്ധ്യം ഉള്ള ലക്ഷദ്വീപിന് നേരെ പ്രഫുല്‍ പട്ടേലും അദ്ദേഹത്തിന്റെ ബി ജെ പി നിലപാടുകളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ശക്തമായി എത്തിക്കപ്പെടേണ്ടതാണ്.
ലക്ഷദ്വീപിന്റെ വ്യത്യസ്തവും വിലയേറിയതുമായ ഭൂപ്രകൃതിയും, ജീവനോപാധികളും, സാംസ്‌കാരിക വ്യതിരിക്തകളും സംരക്ഷിക്കാനുള്ള തദ്ദേശീയരുടെ പോരാട്ടങ്ങളില്‍ ദ്വീപ് ജനതയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ കേരളീയരും പങ്കുചേരേണ്ടതാണ്. തലമുറകളായി ജീവിച്ചുപോരുന്ന ഭൂമിയില്‍ തങ്ങളുടെ സ്വത്വവും, തൊഴിലും, ഭാഷയും, മറ്റവകാശങ്ങളും സംരക്ഷിച്ചു മുന്നോട്ടു പോകാനുള്ള ദ്വീപ് നിവാസ്സികളുടെ ചെറുത്തുനില്‍പ്പു പോരാട്ടത്തില്‍ നാം കൈകോര്‍ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News