കൊവിഡല്ലേ വന്നു പോട്ടെ എന്ന് പറയുന്നവർ ഈ കുറിപ്പ് വായിക്കാതെ പോവരുത്!!!

കൊവിഡ് പോസിറ്റീവ് ആയ ശേഷം നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് എഴുതുകയാണ് കൈരളി ന്യുസിൽ ജോലി ചെയ്യുന്ന ജീന മട്ടന്നൂർ. ‘കൊവിഡല്ലേ വന്നു പോട്ടെ’ എന്ന് പറയുന്നവർ ഈ കുറിപ്പ് വായിക്കാതെ പോവരുത്. കഴിഞ്ഞു പോയ കൊവിഡ് നാളുകളെയും കടന്നുപോയിക്കൊണ്ടിരിക്കുന്ന അനാരോഗ്യത്തിന്റെ കറുത്ത നാളുകളെയുമാണ് ജീന പങ്കുവയ്ക്കുന്നത്.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം

 ‘കൊവിഡല്ലേ, വരട്ടന്നേ വന്നുപോട്ടെ’ എന്ന് പറയുന്നവരോടാണ്. 🙏

കടുത്ത തലവേദനയിലാലിരുന്നു തുടക്കം. മൈഗ്രെയ്ന് ഉള്ളതിനാല് അതായിരിക്കും എന്നാണ് ആദ്യം കരുതിയത്. ഒരു പാരസെറ്റാമോള് കഴിച്ചാലോ ഒന്ന് ഉറങ്ങിയാലോ മാറുന്ന തലവേദനയ്ക്ക് വിട്ടുപോകുന്ന ലക്ഷണമില്ലായിരുന്നു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം പതിവിലും കൂടുതല് തിരക്കിലായതിനാലും നല്ല ആവേശത്തിലായതിനാലും തലവേദന എനിക്കൊരു പ്രശ്നമേ ആയിരുന്നില്ല. അന്ന് രാത്രി ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്തിയപ്പോഴേക്കും നല്ല ക്ഷീണം തോന്നിത്തുടങ്ങി. ആ ദിവത്തെ ജോലിത്തിരക്കിന്റെ ഭാഗമായി തോന്നുന്ന സ്വാഭാവിക ക്ഷീണമാണെന്ന് കരുതി. പിറ്റേന്ന് രാവിലെ വീണ്ടും ഓഫീസിലേക്ക്. റൂമീന്ന് ഇറങ്ങുമ്പോ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന എനിക്ക് കൂടുതല് കൂടുതല് വയ്യാതായി. കണ്പോളയില് വേദനയോടെ ഒരു ചെറിയ കുരുവും കണ്ടു. കമ്പ്യൂട്ടര് നോക്കാനോ സ്റ്റുഡിയോയിലെ ലൈറ്റില് ഇരിക്കാനോ പറ്റുന്നുണ്ടായിരുന്നില്ല. അത്രയ്ക്ക് അസഹനീയമായ തലവേദന. പ്രോംറ്ററിലെ വാക്കുകള് മങ്ങിത്തുടങ്ങി, നാക്ക് കുഴഞ്ഞുപോകുന്നു. ഒരു വിധത്തില് ആ ബുള്ളറ്റിന് വായിച്ചിറങ്ങി. ഡെസ്‌കില് കാര്യം പറഞ്ഞ് പിന്നെ നേരെ റൂമിലേക്ക്.
ചെന്നപാടെ കിടന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും പനിച്ച് വിറയ്ക്കാന് തുടങ്ങി. മൂക്കടപ്പും ജലദോഷവും തോന്നി. ഒരു ഗുളിക കഴിക്കാമെന്നോര്ത്ത് എഴുന്നേറ്റ എനിക്ക് കട്ടിലില് ഒന്നിരിക്കാന് പോലും കഴിഞ്ഞില്ല. പിന്നീടങ്ങോട്ട് ഒരു യുദ്ധം തന്നെയായിരുന്നു. ഓര്ക്കാന് പോലും പേടി തോന്നുന്ന ഒരു കറുത്ത രാത്രിയായിരുന്നു അന്ന്.
ഞാനോ നീയോ എന്ന തരത്തില് പനിയും തലവേദനയും മത്സരിച്ചു. കൂട്ടത്തില് കണ്ണ് വേദനയും. ലൈറ്റിലേക്ക് നോക്കാനോ ഇമവെട്ടാനോ കഴിയുന്നില്ല. എന്തിനധികം പറയുന്നു ഒന്ന് മുഖം കഴുകാന് വെള്ളം കൊള്ളാന് പോലും പറ്റുന്നുണ്ടായിരുന്നില്ല. റൂമില് ഒറ്റയ്ക്കായിപ്പോയ എനിക്ക് അടുത്ത റൂമിലെ സൗമ്യയായിരുന്നു ആശ്രയം.(പിന്നീട് അവളും പോസിറ്റീവായി) ഒന്നും കഴിച്ചില്ല, കുടിച്ചില്ല കിടന്നു. ഒരു തുള്ളി ഉറങ്ങാന് പറ്റിയില്ല അന്ന്. ഛര്ദി തുടങ്ങി. മണിക്കൂറുകളോളം ബാത്ത്റൂമില് തന്നെ. തളര്ന്ന് വന്ന് കിടക്കാന് നോക്കുമ്പോ സമയം രാവിലെ അഞ്ച് കഴിഞ്ഞു.
ഒന്നാലോചിച്ച് നോക്കൂ. ചെറിയൊരു അസുഖം വരുമ്പോള് നമുക്ക് ഉണ്ടാകുന്ന അസ്വസ്ഥത എത്രത്തോളമാണ്. അപ്പോള് ഒരേസമയം നാലോ അഞ്ചോ അസുഖം ഒരുമിച്ച് വരുമ്പോള് അത് നമ്മളെ എത്രത്തോളം തളര്ത്തുമെന്ന്. ടെസ്റ്റ് നടത്തി. പോസിറ്റീവ്. അപ്പോഴേക്കും ചുമയും തുടങ്ങി. പിറ്റേന്ന് രുചി നഷ്ടപ്പെട്ടു. പിന്നാലെ മണവും.
ക്ഷീണം,നെഞ്ചുവേദന, നടുവേദന, കാല് വേദന, നിക്കാന് പോലും കഴിയാത്തത്ര തളര്ച്ച. ഓരോ ദിവസവും ഓരോ ലക്ഷണങ്ങള് വന്നുകൊണ്ടിരുന്നു. അപ്പോഴും കൊവിഡ് രോഗികളില് ഗുരുതരാവസ്ഥ ഉണ്ടാക്കുന്ന ശ്വാസം മുട്ടല് ഉണ്ടായിരുന്നില്ല. ഹോസ്റ്റലില് തന്നെ കഴിഞ്ഞു. അഞ്ചാമത്തെ ദിവസം മറ്റ് അസുഖങ്ങള് കുറഞ്ഞതായി തോന്നി. എന്നാല് അന്ന് വൈകുന്നേരത്തോടെ ശ്വാസം മുട്ടല് തുടങ്ങി. പിന്നെയത് കൂടിക്കൊണ്ടിരുന്നു. ജീവിതത്തില് ആദ്യത്തെ അനുഭവം.ഓഫീസില് അറിയിച്ചു.റിനു ചേട്ടനെയും ഷീജ ചേച്ചിയെയും വിളിച്ച് കാര്യം പറഞ്ഞു. ഡോക്ടര് വിളിച്ചു. ആംബുലന്സ് വന്നു.ഹോസ്പിറ്റലിലേക്ക് മാറി.മൂന്ന് ദിവസത്തിന് ശേഷം ഹോസ്പിറ്റലില് നിന്ന് ഡിസ്ചാര്ജ് ആയി വീണ്ടും ഹോസ്റ്റലിലേക്ക്.
‘ഒന്ന് വന്നു പൊയ്‌ക്കോട്ടെ, അത്രയും നാള് റെസ്റ്റ് എടുക്കാല്ലോ, പ്രായം കുറഞ്ഞവര്ക്കൊന്നും പ്രശ്‌നമില്ലാന്നേ, മറ്റ് അസുഖങ്ങളില്ലാത്തവര് പേടിക്കേണ്ട കാര്യമേയില്ല’ ചുറ്റിലും കേട്ടതൊക്കെ ഇങ്ങനെയാണ്. ഒക്കെ വെറുതെയാണ്. മറ്റ് അസുഖങ്ങളൊന്നും എനിക്കില്ല, വലിയ പ്രായവും ആയിട്ടില്ല. എന്നിട്ടും കൊവിഡ് കാലത്ത് എനിക്ക് അനുഭവിക്കേണ്ടി വന്നത് ഇതൊക്കെയാണ്. പ്രശ്‌നങ്ങളൊന്നും ഇല്ലാതെ വന്ന് പോയവരും ഉണ്ട്. എന്നാല് ചില രോഗികള്ക്കുണ്ടാകുന്ന ലക്ഷണങ്ങളും അനുഭവങ്ങളും കണ്ട് കൊണ്ട് ഇത്രയേയുള്ളൂ എന്ന് ഒരിക്കല് പോലും കരുതല്ലേ. നമ്മള് പഴയ ആരോഗ്യത്തിലേക്ക് മടങ്ങാന് കുറച്ച് കൂടുതല് പാടാണ്.
ഇത്രയും ദിവസം പിന്നിട്ടിട്ടും കൊവിഡ് ബാക്കി വെച്ചതും കൂടി പറയട്ടെ. കഠിനമായ ക്ഷീണം, കൂടുതല് സംസാരിക്കുമ്പോഴും നടക്കുമ്പോഴും ഉണ്ടാകുന്ന തലവേദനയും കിതപ്പും നെഞ്ചുവേദനയും. ഇടയ്ക്ക് ശ്വാസം എടുക്കാന് ഉണ്ടാകുന്ന ബുദ്ധിമുട്ട്. ഇടക്കിടെ ഉണ്ടാകുന്ന പനി. കൂടുതല് നേരം ഇരിക്കാനോ നടക്കാനോ കഴിയാത്തത്ര നടുവേദന. രുചിയും മണവും പൂര്ണമായും തിരിച്ച് കിട്ടിയിട്ടില്ല. ചുരുക്കി പറഞ്ഞാല് നെഗറ്റീവായതും രോഗത്തിന്റെ തീവ്രത കുറഞ്ഞതുമൊഴിച്ചാല് ഒന്നും പഴയത് പോലെ ആയിട്ടില്ല. പഴയ ആരോഗ്യം തിരിച്ച് കിട്ടാന് ഇനിയും നാളുകള് എടുക്കുമെന്നര്ത്ഥം. അതുവരെ ഇങ്ങനെയുള്ള പല തരത്തിലുള്ള ബുദ്ധിമുട്ടുകള് നേരിട്ടുകൊണ്ടേയിരിക്കണം. കഠിനമായിരിക്കും വരും നാളുകള് എന്നുറപ്പാണ്. അതിജീവിച്ചല്ലേ പറ്റൂ നമുക്ക്. അതല്ലെ ശീലം. 💪

ഹോസ്റ്റല് ഓണറിനും കുക്കിനുമടക്കം പോസിറ്റീവായതിനാല് ഒരു മാസത്തോളം അന്നദാതാക്കളായത് സുഹൃത്തുക്കളും ഡിവൈഎഫ്‌ഐ പ്രവര്ത്തകരുമായിരുന്നു😍. പെരുത്ത് നന്ഡ്രി എല്ലാവര്ക്കും. 🙏നന്മയുള്ള ലോകമേ…😀💕

നാളെ മുതല് വീണ്ടും ജോലിയിലേക്ക്….🥳

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News