“മൂന്ന് ദിവസമായി അന്നം മുടങ്ങിയിട്ട്”: സഹായമഭ്യർത്ഥിച്ചുള്ള കോളിനു മറുപടിയായി അന്നമെത്തിച്ച് മന്ത്രി കെ.രാധാകൃഷ്ണൻ

മാധ്യമപ്രവർത്തകൻ വി എസ് ശ്യാംലാൽ മന്ത്രി കെ.രാധാകൃഷ്ണനെക്കുറിച്ച് പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു.

മന്ത്രിയെന്ന നിലയിലല്ല,മറിച്ച് ഒരു സഹോദരന്റെ കരുതൽ എങ്ങനെയായിരുന്നോ അതായിരുന്നു കോഴിക്കോട് മാവൂർ സ്വദേശിനി ശ്രീദേവിയ്ക്ക് കെ.രാധാകൃഷ്ണൻ നൽകിയത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന പി.എസ്.നാരായണ അയ്യരുടെ പേരക്കുട്ടിയായിരുന്നു ദുരിതത്തിൽപ്പെട്ട് സഹായത്തിനായി മന്ത്രി ഓഫീസിലേയ്ക്ക് വിളിച്ചത്. മലയാളികൾക്കാകമാനം മന്ത്രി കെ.രാധാകൃഷ്ണൻ അഭിമാനമാണെന്ന കാര്യത്തിൽ സംശയമില്ല.

വി എസ് ശ്യാംലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

“സ്ഥലം തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ പിന്നാക്കക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യ മന്ത്രി കെ.രാധാകൃഷ്ണന്റെ ഓഫീസ്. സമയം വെള്ളിയാഴ്ച ഉച്ചയൂണിന്റെ ഇടവേള. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിനു ശേഷമെത്തിയ മന്ത്രി ഓഫീസിലുണ്ട്. ഓഫീസിലെ ലാൻഡ് ഫോൺ മണിയടിച്ചു. മന്ത്രിയുടെ ഡ്രൈവർ മിഥുനാണ് ഫോണെടുത്തത്. മറുഭാഗത്തു നിന്നുള്ള സംസാരം വളരെ ഗൗരവത്തോടെ കേൾക്കുന്നതു കണ്ട് അപ്പോൾ ഓഫീസിലുണ്ടായിരുന്ന മറ്റുള്ളവർ ശ്രദ്ധിച്ചു. മുന്നിൽ കിട്ടിയ കടലാസിൽ അയാൾ എന്തൊക്കെയോ കുറിക്കുന്നുമുണ്ട്.

ഫോൺ തിരികെവെച്ച ശേഷം മിഥുൻ പറഞ്ഞു -‘കോഴിക്കോട് മാവൂരിൽ നിന്നൊരു സ്ത്രീയാണ് വിളിച്ചത്. അവരും മകനും ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായെന്നു പറയുന്നു. നമ്മുടെ മന്ത്രിയെ വിളിച്ചു പറഞ്ഞാൽ സഹായം കിട്ടുമെന്നാണ് അവരുടെ വിശ്വാസം. എന്തു ചെയ്യണം?’ ഓഫീസ് പൂർണ്ണമായും പ്രവർത്തനക്ഷമമായിട്ടില്ല. നിയമനങ്ങൾ നടക്കുന്നതേയുള്ളൂ. മന്ത്രിയുടെ ചില സഹായികൾ മാത്രമാണ് അവിടെയുണ്ടായിരുന്നത്. അവരിലാർക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല -മന്ത്രിയെ വിവരമറിയിക്കുക. വിവരം രാധാകൃഷ്ണനെ അറിയിച്ചു. മിഥുൻ കുറിച്ചെടുത്ത വിലാസവും കൈമാറി.

‘അവിടത്തെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ വിളിക്കൂ’ -മന്ത്രിയുടെ നിർദ്ദേശം. അല്പസമയത്തിനകം കോഴിക്കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി.ജെ.അരുൺ മറുതലയ്ക്കൽ. തന്റെ ഓഫീസിൽ കിട്ടിയ സന്ദേശത്തിന്റെ വിശദാംശങ്ങൾ രാധാകൃഷ്ണൻ ആ ഉദ്യോഗസ്ഥനു കൈമാറി. ആദ്യം ഭക്ഷണമെത്തിക്കാനും മറ്റെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അന്വേഷിച്ച് വിവരമറിയിക്കാനും നിർദ്ദേശം നൽകി.

മന്ത്രിയുടെ ഓഫീസിൽ വിളിച്ച സ്ത്രീ കൈമാറിയ വിവരമനുസരിച്ച് അവർ താമസിക്കുന്നത് മാവൂർ ഗ്രാമപഞ്ചായത്തിലെ ഡയമണ്ട് ജംഗ്ഷനു സമീപമാണ്. അതനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ, മെമ്പർമാരായ എം.പി.അബ്ദുൾ കരീം, മോഹൻദാസ്, ഗീതാമണി, സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എൻ.രാജേഷ് ശങ്കർ എന്നിവർ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു തന്നെ സ്ഥലത്തെത്തി. അവിടെ ‘സൈക്കസ്’ എന്ന പാർപ്പിടസമുച്ചയത്തിന്റെ മുകളിലത്തെ നിലയിലാണ് അവരും മകനും വാടകയ്ക്കു താമസിക്കുന്നത്. 4,000 രൂപയാണ് പ്രതിമാസ വാടക.

ശ്രീദേവി എന്നാണ് അവരുടെ പേര്. മകൻ കെ.എസ്.ശ്രീക്കുട്ടൻ. മൂന്നു ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്ന് മകൻ പറഞ്ഞത് മടിച്ചുമടിച്ചാണ്. പാചകവാതകം തീർന്നുപോയി. പതിമൂന്നാം വാർഡിലെ മെമ്പറായ അബ്ദുൾ കരീമിന് ശ്രീദേവിയെ നേരത്തേ പരിചയമുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലാണ് അവരും മകനും നേരത്തേ വാടകയ്ക്കു താമസിച്ചിരുന്നത്. അഭിമാനബോധം കാരണം ഇവർ മെമ്പറോട് ബുദ്ധിമുട്ടുകൾ ഒന്നും പറഞ്ഞിരുന്നില്ല. അദ്ദേഹത്തോടു മാത്രമല്ല, ആരോടും സ്വന്തം ബുദ്ധിമുട്ടുകൾ പറയാൻ ഇഷ്ടപ്പെടാത്ത രീതിയാണ് അവരുടേത് എന്ന് അന്വേഷിച്ചെത്തിയവർക്ക് മനസ്സിലായി.

കൂടുതൽ സംസാരിച്ചപ്പോഴാണ് ശ്രീദേവിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലായത്. അവിടെയാണ് ട്വിസ്റ്റ്!! മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന പി.എസ്.നാരായണ അയ്യരുടെ പേരക്കുട്ടിയാണ് ശ്രീദേവി -മകളുടെ മകൾ! ആ പ്രൗഢിയിൽ നിന്നെല്ലാം തീർത്തും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഈ അമ്മയും മകനും. അവരുടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് വർഷങ്ങൾക്കു മുമ്പു തന്നെ പുറന്തള്ളപ്പെട്ടു. പിന്നീട് ചെറിയ ജോലികൾ ചെയ്ത് വാടക വീടുകളിൽ മാറി മാറി താമസിച്ചു. ഇപ്പോഴത്തെ വീട്ടിൽ എത്തിയിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. അവിടെത്തന്നെ ഒരു മാസത്തെ വാടക കുടിശ്ശികയാണ്.

പഞ്ചായത്ത് അധികൃതർ അങ്ങോട്ടു പോകുമ്പോൾ ജനകീയ ഹോട്ടലിൽ നിന്നു വാങ്ങിയ ഭക്ഷണം കൈയിൽ കരുതിയിരുന്നു. അത് അവർക്കു കൊടുത്തു. കൂടാതെ മുന്നോട്ടുള്ള ദിവസങ്ങളിൽ മൂന്നു നേരവും ഭക്ഷണം നൽകാൻ ജനകീയ ഹോട്ടലിനെ ചുമതലപ്പെടുത്തുകയും ചെയ്തു. പാചകവാതകം മുടങ്ങാതെ ലഭ്യമാക്കാൻ പ്രസിഡന്റ് അദ്ദേഹത്തിന്റെ ഒരു സുഹൃത്തിനെ ഏർപ്പാടാക്കി. പഞ്ചായത്തിലെ ഡ്രൈവർ ദിലീപ് കുമാറിന്റെ വകയായി 10 കിലോ അരി അപ്പോൾത്തന്നെ വീട്ടിലെത്തിച്ചു. മറ്റു ഭക്ഷ്യവസ്തുക്കളും പച്ചക്കറിയുമെല്ലാം പല ഭാഗത്തുനിന്നും സംഭാവനയായി ലഭ്യമായത് ‘കൂട്ടായ്മ’ എന്ന സംഘടന ശ്രീദേവിയുടെ വീട്ടിലെത്തിച്ചു നൽകി. ആവശ്യമെങ്കിൽ അവർക്ക് ഭക്ഷണം നല്കാമെന്ന് അഗ്നിസേന മേഖലാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്.

അമ്മയുടെ പ്രാരാബ്ധങ്ങൾക്കിടയിൽ വളർന്നതിനാലാവം ശരിക്കും മറ്റുള്ളവരോട് നേരെ ചൊവ്വേ സംസാരിക്കാൻ പോലുംശ്രീക്കുട്ടന് മടിയാണ്. അങ്ങേയറ്റം നിരാശ ബാധിച്ച പ്രതീതിയിലായിരുന്നു അമ്മയും മകനും. ശ്രീക്കുട്ടന് ജീവിക്കാൻ ഒരു ജോലിയില്ല എന്നതാണ് ശ്രീദേവിയുടെ പ്രധാന പ്രശ്നം. തന്റെ കാലം കഴിഞ്ഞാൽ മകൻ ശരിക്കും പ്രശ്നത്തിലാവും എന്ന് അവർ ഭയപ്പെടുന്നു. ശ്രീക്കുട്ടൻ ബി.കോം കോ-ഓപറേഷൻ കോഴ്സ് കഴിഞ്ഞതാണ്. മകന് ഒരു ജോലി കണ്ടെത്താൻ സഹായിക്കണം എന്ന് ആ അമ്മ ആവശ്യപ്പെട്ടു. കോവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൗൺ കഴിയുമ്പോൾ സെക്രട്ടറിയെ സമീപിക്കാൻ അവരോട് ആവശ്യപ്പെട്ടു. അവിടെ സ്വകാര്യമേഖലയിൽ ഉള്ള ഏതെങ്കിലും കമ്പനിയിൽ താൽക്കാലികമായി ഒരു ജോലി ശ്രീക്കുട്ടന് ലഭ്യമാക്കാനാവുമോ എന്നു പരിശോധിക്കാമെന്നും ഉറപ്പുനല്കി. പ്രസിഡന്റ് ഉമ്മർ മാസ്റ്ററും മെമ്പർ അബ്ദുൾ കരീമും വ്യക്തിപരമായി തന്നെ ശ്രമിക്കാം എന്നു വാഗ്ദാനം ചെയ്തിട്ടുണ്ട്. വല്ലാത്ത നിരാശാബോധത്തിൽ കഴിയുന്ന അവർക്ക് താൽക്കാലികമായെങ്കിലും ഒരു പ്രതീക്ഷയുണ്ടാവുന്നത് ജീവിതം മുന്നോട്ടു നീക്കാൻ അവരെ പ്രേരിപ്പിക്കും എന്നു കണ്ടായിരുന്നു ആ നടപടി.

കാര്യങ്ങൾ എങ്ങനെയെന്നു വിലയിരുത്താൻ പഞ്ചായത്ത് സെക്രട്ടറി രാജേഷ് ശങ്കറും ക്ലാർക്ക് സാജനും ശനിയാഴ്ച വീണ്ടും അവരുടെ വീട്ടിലെത്തി. നിരാശ വിട്ടൊഴിഞ്ഞ് അല്പം പ്രതീക്ഷയുള്ള ഭാവത്തിലായിരുന്നു അമ്മയും മകനും. ഇനിയും വരാം എന്ന ഉറപ്പുനൽകി ഉദ്യോഗസ്ഥർ മടങ്ങി. അതിനുശേഷം സ്വീകരിച്ച നടപടികൾ മന്ത്രിയെ അറിയിച്ചു. തുടർനടപടികൾ അറിയിക്കണമെന്ന് മന്ത്രിയുടെ അടുത്ത നിർദ്ദേശം.

അയൽക്കാർ ഉൾപ്പെടെ ആരോടും സ്വന്തം ബുദ്ധിമുട്ടുകൾ പറയാൻ ഇഷ്ടപ്പെടാത്ത രീതിയാണ് ശ്രീദേവിയുടേത്. എന്നിട്ടും അവർക്ക് മന്ത്രി രാധാകൃഷ്ണന്റെ ഓഫീസിലേക്കു നേരിട്ടു വിളിക്കാൻ മടിയുണ്ടായില്ല. രാധാകൃഷ്ണനെക്കുറിച്ച് കേട്ടറിഞ്ഞിട്ടുള്ള കാര്യങ്ങൾ അദ്ദേഹത്തിൽ അവർക്കുണ്ടാക്കിയ വിശ്വാസമായിരിക്കാം കാരണം. ആ വിശ്വാസം ശരിയായിരുന്നു എന്ന് ഇപ്പോൾ ആ അമ്മയ്ക്കും മകനും ബോദ്ധ്യമായിരിക്കുന്നു. തന്നെ വിളിച്ചു സഹായമഭ്യർത്ഥിച്ച ഒരു സ്ത്രീക്ക് ഉടനെ അതെത്തിക്കാൻ തന്നെക്കൊണ്ടാവുന്നത് ചെയ്യുക എന്നതായിരുന്നു രാധാകൃഷ്ണന്റെ തീരുമാനം. അന്വേഷിച്ചു ചെന്നപ്പോൾ ആ സ്ത്രീ മുൻ പ്രധാനമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയുടെ ചെറുമകളായി!”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News