രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു: ജൂൺ മാസത്തിൽ 12 കോടി വാക്‌സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകളിൽ തുടർച്ചയായ കുറവാണ് രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ 28,869 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 483 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു. കർണാടകയിൽ 20,378 പേർക്ക് കൊവിഡ് റിപ്പോർട്ട്‌ ചെയ്തപ്പോൾ , 382 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

മഹാരാഷ്ട്രയിൽ 18,600 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.402 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തു. ദില്ലിയിൽ 946 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്ത്. തുടർച്ചയായ രണ്ടാം ദിവസവസമാണ് ദില്ലിയിൽ 1000ത്തിൽ താഴെ കേസുകൾ റെജിസ്റ്റർ ചെയ്യുന്നത്.

ബംഗാളിൽ ഒരു മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. 11,514 കേസുകളാണ് ബംഗാളിൽ റിപ്പോർട്ട്‌ ചെയ്തത്. ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം 1908 കൊവിഡ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ യുപിയിൽ ലോക്ക്ഡൌൺ ഇളവുകൾ നൽകുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

എന്നാൽ രാത്രി 7 മുതൽ രാവിലെ 7 വരെയുള്ള രാത്രി കർഫ്യൂവും വാരാന്ത്യ നിയന്ത്രണങ്ങളും തുടരുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ജൂൺ മാസത്തിൽ 12 കോടി ഡോസ് കൊറോണ വൈറസ് വാക്സിൻ രാജ്യത്ത് ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെയ് മാസത്തിൽ 7,94 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് ലഭ്യമാക്കിയത്.

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാക്‌സിൻ അനുവദിക്കുന്നത് ഉപഭോഗ രീതി, ജനസംഖ്യ, വാക്സിൻ പാഴാക്കൽ എന്നിവ അടിസ്ഥാനമാക്കിയാകുമെന്നും കേന്ദ്രം വ്യക്തമാക്കി.
ജൂൺ മാസത്തിൽ കോവിഷീൽഡിന്റെ 9 മുതൽ 10 കോടി വരെ ഡോസുകൾ നിർമ്മിച്ച് വിതരണം ചെയ്യുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിനെ അറിയിച്ചു.

കൊവിഡ് പശ്ചാത്തലത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും ജൂൺ 15 വരെ അടച്ചിടുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം പറഞ്ഞു.
കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ ഒഡിഷയിൽ 16 ദിവസത്തേക്ക് കൂടി ലോക്ക്ഡൌൺ നീട്ടി.

ജൂൺ 17 രാവിലെ 5 മണി വരെയാണ് ലോക്ക്ഡൌൺ. തെലങ്കാനായിൽ അടുത്ത 10 ദിവസം കൂടി ലോക്ക്ഡൌൺ ഉണ്ടാകുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. കർണാടകയിൽ ജൂൺ 7 വരെ ലോക്ക്ഡൌൺ നീട്ടിയിട്ടുണ്ട്. അതേ സമയം ഇന്ത്യ ബംഗ്ലാദേശ് ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഇറ്റലി നീട്ടി. ഇന്ത്യൻ വൈറസ് വകഭേദം ഇറ്റലിയിൽ പടരാതിരിക്കാനുള്ള മുന്നൊരുക്കമാണെന്ന് ഇറ്റലി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here