“ലക്ഷദ്വീപിലെ ജനങ്ങൾക്കുമേലും ആ നാടിന്റെ സംസ്‌കാരത്തിനുമേലും അമിതാധികാരത്തിന്റെ ബുൾഡോസർ കയറിയിറങ്ങുന്നു”

ലക്ഷദ്വീപിലെ ജനങ്ങൾക്കുമേലും ആ നാടിന്റെ സംസ്‌കാരത്തിനുമേലും അമിതാധികാരത്തിന്റെ ബുൾഡോസർ കയറിയിറങ്ങുകയാണെന്ന് ഡോ. ഇക്ബാൽ ബാപ്പുകുഞ്ഞ് .

അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ നടപടികളെക്കുറിച്ചുള്ള ആപൽസൂചനകൾ ആദ്യം നൽകിയവരിൽ ഒരാളായ ഐഷ സുൽത്താനയെക്കുറിച്ച് അദ്ദേഹം ഫെയ്സ്ബുക്കിൽ പരാമർശിക്കുന്നു.

ലക്ഷദ്വീപുകാരിയായ സംവിധായിക സംസാരിക്കുന്നു

കുറ്റവാളികളില്ലാതെ ജയിലുകൾ പൂട്ടിയിടേണ്ടി വന്ന നാടിനെ ഗുണ്ടാ ആക്‌ടും പുതിയ പരിഷ്‌കാരങ്ങളുമായി പൊറുതിമുട്ടിക്കുകയാണ്‌ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ. പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമം പുറത്തറിയിച്ചത്‌ ലക്ഷദ്വീപിലെ ചെത്‌ലാത്ത്‌ സ്വദേശിയായ യുവ സംവിധായിക ഐഷ സുൽത്താനയാണ്‌. പുറത്തിറങ്ങാനിരിക്കുന്ന ഫ്ളഷ്‌ സിനിമയുടെ സംവിധായിക ഐഷ സുൽത്താന സംസാരിക്കുന്നു. പ്രശ്‌നങ്ങൾ അറിഞ്ഞത്‌
പുതിയ അഡ്‌മിനിസ്‌ട്രേറ്റർ ചുമതലലയേറ്റ വിവരം കൊച്ചയിൽ വച്ചാണ്‌ അറിഞ്ഞത്‌. സിനിമയുമായി ബന്ധപ്പെട്ട്‌ നാട്ടിലെത്തിയപ്പോഴാണ്‌ പ്രശ്‌നം ഗുരുതരമാണെന്ന്‌ മനസ്സിലായത്‌.

നാട്ടിലെത്തിയാൽ ക്വാറന്റൈൻ നിർബന്ധമായിരുന്നു. എന്നാൽ, പുതിയ അഡ്‌മിനിസ്‌ട്രേറ്റർ കോവിഡ്‌ പ്രോട്ടോകോൾ അട്ടിമറിച്ചു. രോഗികൾ 60 ശതമാനമായി. പ്രോട്ടോകോൾ നടപ്പാക്കണം എന്ന്‌ ആവശ്യപ്പെട്ട മെഡിക്കൽ ഡയറക്ടറെ തരംതാഴ്‌ത്തി.

നാടിനെ വിൽക്കുന്നു.

ദ്വീപിലെ തൊഴിൽ ഇല്ലാതാക്കി പുറത്തുനിന്നുള്ളവരെ കൊണ്ടുവരികയാണ്‌ അഡ്‌മിനിസ്‌ട്രേറ്റർ. ടൂറിസം വകുപ്പിൽനിന്നുമാത്രം 190 പേരെ പുറത്താക്കി. അങ്കണവാടികൾ പൂട്ടിച്ചു. താൽക്കാലിക അധ്യാപകരെ പിരിച്ചുവിട്ടു. പകരം അഡ്‌മിനിസ്‌ട്രേറ്ററുടെ ആളുകളെ നിയമിച്ചു. മലയാള മീഡിയം സ്‌കൂളുകളിൽ മലയാളമറിയാത്ത വടക്കേ ഇന്ത്യക്കാർക്ക്‌ എന്തുകാര്യം? ഡെയ്‌റി ഫാമുകളെല്ലാം പൂട്ടിച്ചു. അമൂൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ പോകുന്നു. അവരുടെ കച്ചവടത്തിന്‌ ഞങ്ങളുടെ തൊഴിൽ ഇല്ലാതാക്കേണ്ട കാര്യമെന്താണ്‌.

മത്സ്യത്തൊഴിലാളികളോടും ക്രൂരത

കാലാവസ്ഥ മോശമാകുമ്പോൾ മത്സ്യത്തൊഴിലാളികൾ ബോട്ട്‌ കരയിലെ ഷെഡിൽ കയറ്റി ഇടാറുണ്ട്‌. എന്നാൽ, അഡ്‌മിനിസ്‌ട്രേറ്ററുടെ നിർദേശപ്രകാരം അത്‌ പൊളിച്ചുകളഞ്ഞു. അതോടെ ലഗൂണിൽത്തന്നെ ബോട്ടുകൾ ഇടേണ്ടിവന്നു. കടൽക്ഷോഭത്തിൽ 73 ബോട്ട്‌ നശിച്ചു. പുതിയ ബോട്ടുകളോ നന്നാക്കാൻ ധനസഹായമോ നൽകിയില്ല. ബോട്ട്‌ നഷ്‌ടപ്പെട്ടവർ ഇനിയെന്ത്‌ ചെയ്യും.

സമ്പൂർണ കാവിവൽക്കരണം

സമ്പൂർണ കാവിവൽക്കരണമാണ്‌ ദ്വീപിൽ നടക്കുന്നത്‌. ബീഫ്‌ നിരോധിച്ച്‌ തീൻമേശയിൽവരെ കൈകടത്തി. കെട്ടിടങ്ങൾ പൊളിക്കാനുള്ള കരാർ സർക്കാർ കരാറുകാർക്ക്‌ നൽകാതെ പ്രഫുൽ പട്ടേലിന്റെ മകന്‌ നൽകുന്നു. പറ്റാവുന്ന ഇടങ്ങളിലെല്ലാം സ്വന്തക്കാരെ തിരുകിക്കയറ്റി. രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്‌ വിലക്കി.

ഞങ്ങൾ തീവ്രവാദികളോ

ഞങ്ങളെ തീവ്രവാദികളാക്കി ചാപ്പയടിച്ചു. കുറ്റകൃത്യങ്ങൾ കുറഞ്ഞ ദ്വീപിൽ ഗുണ്ടാ ആക്‌ട്‌ പാസാക്കിയതെന്തിനാണ്‌. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തു. ഞങ്ങൾ തീവ്രവാദികളാണെന്നാണ്‌ കേരളത്തിലെ ബിജെപിക്കാർ പ്രചരിപ്പിക്കുന്നത്‌. ലക്ഷദ്വീപിൽനിന്ന്‌ ആയുധങ്ങൾ പിടിച്ചുവെന്ന്‌ പ്രചരിപ്പിക്കുന്നു. ഞങ്ങളുടെ ദേശസ്‌നേഹത്തെ ചോദ്യംചെയ്യുന്നു. സ്വാതന്ത്ര്യം ലഭിച്ചയുടൻ മുഴുവൻ ദ്വീപിലും ദേശീയ പതാക ഉയർത്തി ഇന്ത്യൻ യൂണിയനിലാണെന്ന്‌ പ്രഖ്യാപിച്ചവരാണ്‌ ഓരോ ശ്വാസത്തിലും ഇന്ത്യക്കാരായ ഞങ്ങൾ. ഞങ്ങളുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യാൻ അവർക്ക്‌ എന്താണ്‌ യോഗ്യത.

ഭരണഘടനാ പ്രശ്‌നമാണിത്‌

ഇത്‌ ഹിന്ദു‐മുസ്ലിം പ്രശ്‌നമാണെന്ന്‌ പ്രചരിപ്പിക്കുന്നുണ്ട്‌. ഇതൊരു ഭരണഘടനാ പ്രശ്‌നമാണ്‌. ലക്ഷദ്വീപിൽ ബഹുഭൂരിപക്ഷം മുസ്ലിങ്ങളാണെങ്കിലും അവിടെ മറ്റു മതത്തിൽപ്പെട്ടവരുമുണ്ട്‌. എല്ലാവരും സാഹോദര്യത്തോടെ കഴിയുന്ന ഇടം. നിലവിലുള്ള പ്രശ്‌നങ്ങൾ എല്ലാവരെയും ബാധിക്കും. ഭരണഘടന ഉറപ്പാക്കിയ അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റത്തെ അങ്ങനെതന്നെ കാണേണ്ടതുണ്ട്‌.

കേരളത്തിന്റെ പിന്തുണ വലുത്‌

കേരളത്തിൽനിന്ന്‌ ഞങ്ങൾക്ക്‌ ലഭിക്കുന്ന പിന്തുണ വലുതാണ്‌. ബിജെപി ഒഴികെയുള്ള എല്ലാവരും പിന്തുണച്ചു. അതുതരുന്ന ഊർജം വലുതാണ്‌. ഞാൻ കൊച്ചിയിൽ സുരക്ഷിതയാണെങ്കിലും കേന്ദ്രസർക്കാരിനോട്‌ ഏറ്റുമുട്ടുന്നത്‌ കരിയറിനെ ബാധിച്ചേക്കാം. എന്നാലും പേടിയില്ല. എന്റെ നാട്ടുകാർ വലിയ പ്രക്ഷോഭത്തിലാണ്‌. നാടില്ലാതായി ഞാൻ ഉണ്ടായിട്ട്‌ എന്ത്‌ കാര്യം?
(ദേശാഭിമാനി വാരാന്തപ്പതിപ്പ്‌ മെയ്‌ 30)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News