ചവറയിലെ യുഡിഎഫ് തോല്‍വി :രാഷ്ട്രീയ കാരണങ്ങളാലല്ലെന്ന ഷിബു ബേബി ജോണിന്‍റെ നിലപാട് ഒരു രാഷ്ട്രീയ നേതാവിന് ചേര്‍ന്നതല്ല

ചവറയിലെ യുഡിഎഫിൻറെ തോൽവി രാഷ്ട്രീയ കാരണങ്ങളാലല്ലെന്ന ഷിബു ബേബിജോണിൻറെ നിലപാട് ഒരു രാഷ്ട്രീയ നേതാവിന് ചേർന്നതല്ലെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറി എസ്.സുദേവൻ പ്രസ്താവനയിൽ വ്യക്തമാക്കി. സംസ്ഥാനത്ത് 140 ൽ 99 സീറ്റോടെ ചരിത്രം കുറിച്ച രാഷ്ട്രീയ വിജയത്തോടൊപ്പമാണ് ചവറയിലും എൽഡിഎഫ് വിജയിച്ചത്.

പിണറായി വിജയൻ സർക്കാരിൻറെ ഭരണ മികവും അന്തരിച്ച മുൻ എംഎൽഎ എൻ.വിജയൻപിള്ളയുടെ നേതൃത്വത്തിൽ നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങളും, വർഗ്ഗീയ-സാമുദായിക ശക്തികൾക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുമാണ് ചവറയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനും യുഡിഎഫിൻറെ പരാജയത്തിനും കാരണമായത്.

ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 44.22% വോട്ടും യു.ഡി.എഫിന് 43.52% വോട്ടുമാണ് ലഭിച്ചത്. 2020 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 22049 (15.78%) വോട്ട് ലഭിച്ചത് ഇപ്പോൾ 14211 (9.95%) ആയി ചുരുങ്ങി.

ബിജെപി വോട്ടിൽ 5.83 % കുറവുണ്ടായി. ബിജെപി-യുഡിഎഫ് വോട്ട് കച്ചവടം ചവറയിലും നടന്നെങ്കിലും ജനഹിതം യുഡിഎഫിന് എതിരായിരുന്നു.1980 ൽ സരസൻ സംഭവത്തിൻറെ പേരിൽ യുഡിഎഫ് ബേബിജോണിനെ വേട്ടയാടുകയുണ്ടായി. അദ്ദേഹത്തെ കൊലയാളിയെന്നാണ് അന്ന് അവർ ചിത്രീകരിച്ചത്.

നെറികെട്ട ഈ അപവാദ പ്രചരണത്തിനെതിരെ നല്ല ഇച്ഛാശക്തിയോടെയുള്ള രാഷ്ട്രീയ നിലപാടാണ് എൽഡിഎഫ് അന്നും സ്വീകരിച്ചത്. ഇതൊക്കെ സൗകര്യപൂർവ്വം മറന്ന് യുഡിഎഫിനൊപ്പം ചേക്കേറിയ ഷിബു ബേബിജോണും പ്രേമചന്ദ്രനും കിണഞ്ഞ് പരിശ്രമിച്ചിട്ടും യുഡിഎഫിന് ജയിക്കാൻ കഴിയാതെ പോയത് ചവറയുടെ ഇടതുപക്ഷ രാഷ്ട്രീയ മനസുകൊണ്ടാണെന്നും പ്രസ്താവനയിൽ പറയുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here