ജാഗ്രത കൈവിടരുത്; മൂന്നാം തരംഗത്തെ അഭിമുഖീകരിക്കാൻ തയ്യാറാകണം – ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിൽ കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്ന സാഹചര്യത്തിലും ജാഗ്രത കൈവിടരുതെന്നും കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഞായറാഴ്ച രാത്രി 8.30 ന് സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ജൂൺ 15 വരെ നീട്ടുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.ഓരോ ജില്ലയിലെയും സ്ഥിതിഗതികൾ സംസ്ഥാന സർക്കാർ വിലയിരുത്തുമെന്നും പ്രത്യേക മേഖലകളിലെ നിയന്ത്രണങ്ങൾ കർശനമാക്കാനോ ഇളവുകൾ നൽകാനോ കഴിയുമെന്നും താക്കറെ പറഞ്ഞു.

മൂന്നാം തരംഗം എപ്പോൾ, ഏത് തീയതിയിൽ വരുമെന്ന് തനിക്കറിയില്ലെന്നും അത് കൊണ്ട് തന്നെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് തുടരണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ രോഗവ്യാപനത്തിൽ വർദ്ധനവുണ്ടെന്ന് താക്കറെ സൂചിപ്പിച്ചു.എന്നിരുന്നാലും കേസുകളുടെ കുതിച്ചുചാട്ടം തടയുന്നതിന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജനങ്ങൾ പാലിച്ചു കണ്ടതിൽ നന്ദിയുണ്ടെന്നും താക്കറെ കൂട്ടിച്ചേർത്തു..

കൊവിഡ് അണുബാധയുടെ മൂന്നാം തരംഗം സംസ്ഥാനത്തെ ബാധിച്ചാൽ മെഡിക്കൽ ഓക്സിജന്റെ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും താക്കറെ ആശങ്കപ്പെട്ടു.കൊവിഡിന്റെ മൂന്നാമത്തെ തരംഗം കുട്ടികളെയാകും കൂടുതൽ ബാധിക്കുക. കുട്ടികളെ എങ്ങനെ അണുബാധയിൽ നിന്ന് രക്ഷപ്പെടുത്താമെന്ന് സംസ്ഥാന സർക്കാർ ശിശുരോഗവിദഗ്ദ്ധരുമായി ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി . മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുമെന്നും ഇതുസംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel