പുകവലിക്കുന്നവരിൽ കോവിഡ് രോഗം മറ്റുള്ളവരേക്കാൾ ഗുരുതരമാകാം

ഇന്ന് അന്താരാഷ്ട്ര പുകയില വിരുദ്ധദിനമാണ്. കോവിഡ് പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചു വരുന്നു.പുകവലിക്കുന്നവരിൽ കോവിഡ് രോഗം മറ്റുള്ളവരേക്കാൾ ഗുരുതരമാകാമെന്ന പഠനങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഈ അവസരത്തിലാണ് 2021 പുകയില വിരുദ്ധ ദിനം എത്തുന്നത്. “Quitters Are Winners- Commit to Quit” എന്നതാണ് ഈ വർഷത്തെ തീം.ഈ പുകയിലവിരുദ്ധദിനത്തിൽ ഏതു തരത്തിലുള്ള പുകയില ഉപയോഗവും നിർത്താനുള്ള ഉറച്ച തീരുമാനം നമുക്ക് എടുക്കാം.

പുകയില ഉപയോഗം അർബുദമുണ്ടാക്കുന്നു , ഹൃദ്രോഗത്തിന് കാരണമാവുന്നു , ശ്വാസകോശങ്ങളെ ബാധിക്കുന്നു , പക്ഷാഘാതത്തിന് വഴിവയ്ക്കുന്നു. ഇത്തരം ജീവിതശൈലീ രോഗങ്ങളുള്ള കോവിഡ് ബാധിതരിൽ മരണനിരക്ക് കൂടുന്നതായും പറയപ്പെടുന്നു . കോവിഡ് മഹാമാരി അതിതീവ്രമായി പടർന്ന് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പുകവലിയും പുകയില ഉപയോഗവും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. പുകവലി ശ്വാസകോശത്തിന്റെയും ശ്വസന വ്യവസ്ഥയുടെയും പ്രതിരോധശേഷി കുറയ്ക്കുന്നതിനാൽ പുകവലിക്കുന്നവരിൽ കൊറോണ വൈറസ് വളരെ പെട്ടെന്ന് പിടിപെടാൻ സാധ്യതയുണ്ട്. വീടുകളിൽ ക്വാറന്റീനിലും ഐസോലേഷനിലും കഴിയുന്ന കോവിഡ് ബാധിതർ പുകവലി നിർത്തേണ്ടത് രോഗം മൂർച്ഛിക്കാതിരിക്കാൻ വളരെയെറെ അത്യാവശ്യമാണ്.

പുകയിലയുടെ ഉപയോഗം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കാം. പുകയില ഉപയോഗിക്കുന്നവർക്ക് മരണം സംഭവിക്കാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് പതിന്മടങ്ങ് കൂടുതലാണ്. പുകയിലയിൽ അടങ്ങിയിരിക്കുന്ന പല തരത്തിലുള്ള രാസവസ്തുക്കളാണ് ഈ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നത്. ഇത്തരത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാവുന്ന 69 ഓളം രാസവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.

നിരവധി അർബുദ രോഗങ്ങൾക്ക് പുകയിലയുടെ ഉപയോഗം കാരണമാകുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനം ശ്വാസകോശ അർബുദമാണ്. ശ്വാസകോശ അർബുദങ്ങളിൽ 80-90% വരെ പുകയിലയുടെ ഉപയോഗം മൂലം ഉണ്ടാകുന്നതാണ്. ഇതോടൊപ്പം തൊണ്ട, വായ്, അന്നനാളം, കുടലുകൾ, ആമാശയം, പാൻക്രിയാസ് തുടങ്ങി വിവിധ ഭാഗങ്ങളെ ബാധിക്കുന്ന ക്യാൻസറുകൾ പുകയില ഉപയോഗം മൂലം ഉണ്ടാകാം. തടയാൻ പറ്റുന്ന ക്യാൻസറുകളുടെ കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പുകയിലയുടെ ഉപയോഗമാണ്.

നിരവധി ശ്വാസകോശ രോഗങ്ങൾക്ക് പുകയിലയുടെ ഉപയോഗം കാരണമാകാം. ക്രോണിക് ബ്രോങ്കൈറ്റിസ്, ആസ്ത്മ വഷളാക്കുക, സി ഓ പി ഡി തുടങ്ങിയ രോഗാവസ്ഥകൾ ഉണ്ടാകാം.

പുകവലി ഹൃദയാഘാതം , ഹൃദയധമനികളുടെ ചുരുക്കം, ഇവയ്ക്ക് കാരണമാകാം.

തലച്ചോറിലെ രക്തക്കുഴലുകളിൽ അടവ് ഉണ്ടാകുന്നത് മൂലം ഉണ്ടാകുന്ന സ്ട്രോക്കിന് പ്രധാന കാരണം പുകവലിയാണ്. അതുപോലെ രക്തക്കുഴലുകളുടെ ചുരുക്കം മൂലം ഉണ്ടാകുന്ന മറവിരോഗത്തിനും( vascular dementia) പുകയില ഉപയോഗം കാരണമാകാം.

പുകയില ഉപയോഗത്തില് നിന്നും ആളുകളെ പിന്തിരിപ്പിച്ച് പുകയില ഉത്പ്പന്നങ്ങള് ഇല്ലാത്ത ലോകമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് പ്രോത്സാഹിപ്പിക്കുകയാണ് MAY 31 പുകയില വിരുദ്ധ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.ഇപ്പൊൾ ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കോവിഡ് വൈറസ് പുകവലിക്കാരിൽ തീവ്രമായ രോഗ ലക്ഷണങ്ങൾ ആണ് ഉണ്ടാക്കുന്നത്. പുകവലി ഉപേക്ഷിക്കുക എന്നത് ഈ ശീലത്തിന് അടിമപ്പെട്ട ഏതൊരാൾക്കും സ്വീകരിക്കാവുന്ന ആരോഗ്യപരമായ തീരുമാനമാണ്.ലോക പുകയില വിരുദ്ധ ദിനത്തിൽ ഒറ്റക്കെട്ടായി ,ആരോഗ്യത്തോടെ മഹാമാരിയെ നേരിടാൻ എല്ലാവരും തീരുമാനിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News