നവി മുംബൈ ജയിലില്‍ കഴിയുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് കൊവിഡ്

എല്‍ഗാര്‍ പരിഷത്ത് കേസില്‍ അറസ്റ്റിലായ 84 കാരനായ ജെസ്യൂട്ട് പുരോഹിതനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായു സ്റ്റാന്‍ സ്വാമി കൊവിഡ് -19 ന് പോസിറ്റീവ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ഒക്ടോബറില്‍ എന്‍ഐഎ അറസ്റ്റുചെയ്ത ഫാദര്‍ സ്റ്റാന്‍ സ്വാമിയെ നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ബാന്ദ്രയിലെ സ്വകാര്യ ഹോളി ഫാമിലി ഹോസ്പിറ്റലിലേക്ക് 15 ദിവസത്തേക്ക് മാറ്റണമെന്ന് ഹൈക്കോടതി സംസ്ഥാന ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റിയ സ്വാമി ഐസിയുവില്‍ ഓക്‌സിജന്‍ പിന്തുണയിലായിരുന്നു. ജയിലിലെത്തുമ്പോള്‍ പരസഹായം ആവശ്യമില്ലായിരുന്നെന്നും എന്നാലിപ്പോള്‍ തനിക്ക് എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയുന്നില്ലെന്നും മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി കോടതിയെ ധരിപ്പിച്ചിരുന്നു.

ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് എല്‍ഗര്‍ പരിഷത്ത് കേസില്‍ കഴിഞ്ഞ എട്ട് മാസമായി ജയിലില്‍ കിടക്കുന്ന 84 കാരനായ ഫാ സ്റ്റാന്‍ സ്വാമി വീഡിയോ കോണ്‍ഫറന്‍സില്‍ ബോംബെ ഹൈക്കോടതി ജഡ്ജിമാരോട് തന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചത്.

തനിക്ക് ജാമ്യം അനുവദിക്കണമെന്നും ചികിത്സയ്ക്കായി ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനെക്കാള്‍ നല്ലത് ജയിലില്‍ക്കിടന്ന് മരിക്കുന്നതാണെന്നും സ്വാമി ബോംബെ ഹൈക്കോടതിയെ അറിയിച്ചു.

സ്വാമിയുടെ അപേക്ഷ പരിഗണിച്ച ഹൈക്കോടതി തലോജ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ബാന്ദ്രയിലെ സ്വകാര്യ ഹോളി ഫാമിലി ഹോസ്പിറ്റലിലേക്ക് മാറ്റണമെന്ന് സംസ്ഥാന ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

മെയ് 18 ന് ഒരു ജയില്‍ വാക്‌സിനേഷന്‍ ക്യാമ്പില്‍ സ്വാമിക്ക് കോവിഡ് -19 വാക്‌സിനേഷന്‍ നല്‍കിയതായി ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വകാര്യ ആശുപത്രിയിലെ ചികിത്സ ചെലവ് വഹിക്കാന്‍ കഴിയില്ലെന്നായിരുന്നു ജയില്‍ അധികൃതരുടെ വാദം.

ഹോളി ഫാമിലി ഹോസ്പിറ്റലില്‍ ചികിത്സയ്ക്ക് സ്വാമി തയ്യാറാണെന്നും ചെലവ് സ്വയം വഹിക്കുമെന്നും സ്വാമിയെ പ്രതിനിധീകരിച്ച് സീനിയര്‍ കൗണ്‍സിലര്‍ മിഹിര്‍ ദേശായി ഹൈക്കോടതിയെ അറിയിച്ചിരുന്നു. സ്വാമിയുടെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുകയാണെന്നും ശരിയായ ചികിത്സ ലഭിക്കുന്നതിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും കോടതിയെ ധരിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here