കൊടകര കുഴൽപ്പക്കേസ്; ബിജെപി ജില്ലാ ട്രഷററുടെ വിശ്വസ്തനേയും ഇന്ന് ചോദ്യം ചെയ്യും

കൊടകര കുഴൽപ്പക്കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ജില്ലാ ട്രഷററുടെ വിശ്വസ്തനേയും ഇന്ന് ചോദ്യം ചെയ്യും.സുജയ സേനൻ്റെ വിശ്വസ്തനായ പ്രശാന്തിനെയാണ് ഇന്ന് ചോദ്യം ചെയുക. അതേസമയം,കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട് . ബിജെപി പണമിടപാടുകളുടെ മുഖ്യ ചുമതലക്കാർ സംസ്ഥാന പ്രസിഡന്റും സംഘടനാ ജനറൽ സെക്രട്ടറിയുമാണ്‌.

സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷിനെയും സംസ്ഥാന ഓഫീസ്‌ സെക്രട്ടറി ജി ഗിരീഷിനെയും ചോദ്യം ചെയ്‌തു. ഇതിന്റെ തുടർച്ചയായി സംസ്ഥാന പ്രസിഡന്റിന്റെയും മൊഴിയെടുക്കേണ്ടി വരുമെന്ന്‌ റിപ്പോർട്ട് .
കേസിൽ ബിജെപി തൃശൂർ ജില്ലാ ഓഫീസ്‌ സെക്രട്ടറി സതീശനെ തിങ്കളാഴ്‌ച ചോദ്യം ചെയ്യും‌.

പണം കടത്തിയ ആർഎസ്‌എസ്‌ പ്രവർത്തകൻ ധർമരാജിന്റെ മൊഴിപ്രകാരമാണ്‌ സതീശനെ ചോദ്യംചെയ്യുന്നത്‌. തൃശൂരിൽ താമസ സൗകര്യമൊരുക്കിയത്‌ സതീശനുൾപ്പെടെ ജില്ലാ നേതാക്കളാണെന്നാണ്‌ മൊഴി. ചോദ്യം ചെയ്യലിൽ കുഴൽപ്പണവുമായി ബന്ധമില്ലെന്നുള്ള ഒരേ മറുപടിയാണ്‌ എം ഗണേഷ്‌, ജി ഗീരീഷ്‌, ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത എന്നിവർ നൽകിയത്‌.

എന്നാൽ പണക്കടത്തുമായി കൂടുതൽ വിവരങ്ങൾ സംസ്ഥാന പ്രസിഡന്റിനോട്‌ ചോദിക്കണമെന്ന്‌ കർത്ത വ്യക്തമാക്കിയിരുന്നു. ചോദ്യംചെയ്യലിന്‌ മുന്നോടിയായി ഇവർ പരസ്‌പരം ഫോണിൽ സംസാരിച്ചതായും വാർത്ത പുറത്തുവരുന്നുണ്ട് . മൂന്നുപേരെയും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യംചെയ്തേക്കാം . കവർച്ചയ്ക്കുശേഷം ജില്ലാ നേതാക്കളിലൊരാൾ വൻ പണമിടപാട്‌ നടത്തിയതായും വിവരം ലഭിച്ചു. പണം കൈമാറിയ ബിനാമിയേയും ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel