ബിജെപി വിയർക്കുന്നു; കൊടകര കുഴൽപ്പണക്കേസിൽ പണം കണ്ടെത്താൻ വ്യാപക പരിശോധന

കൊടകര കുഴൽപ്പണ കേസിൽ തട്ടിയെടുത്ത പണം കണ്ടെത്താൻ പ്രതികളുടെ വീടുകളിൽ റെയ്ഡ്.കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി 12 പ്രതികളുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലര്‍ച്ചയോടെ കോഴിക്കോട് ജില്ലയിലെ റെയ്ഡ് അവസാനിച്ചിട്ടുണ്ട്.ആകെ മൂന്നരക്കോടി രൂപ നഷ്ടപ്പെട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതുവരെ ഒരു കോടി രൂപയാണ് കണ്ടെടുത്തിട്ടുള്ളത്. ഇനിയും കണ്ടെത്തേണ്ട രണ്ടരക്കോടി രൂപക്ക് വേണ്ടിയുളള തിരച്ചിൽ തുടരുകയാണ്.

കേസിലെ മുഖ്യപ്രതികളായ കൂത്തുപറമ്പ് സ്വദേശി മുഹമ്മദ് അലി, കണ്ണൂര്‍ ഇരിട്ടി സ്വദേശി റഹീം എന്നിവരുടെ വീടുകളില്‍ റെയ്ഡ് നടക്കുന്നുണ്ട്.പണം 20 പേര്‍ക്കായി വീതിച്ചു നല്‍കിയെന്നാണ് പ്രതികളുടെ മൊഴി. ചില പ്രതികളുടെ വീട്ടില്‍ നിന്ന് അടുത്തിടെ അന്വേഷണ സംഘം പണം കണ്ടെത്തുകയും ചെയ്തിരുന്നു.

കേസിൽ ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരുകയാണ്.ബി.ജെ.പി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീശനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. പണം എത്തിച്ച റഷീദിനും ഡ്രൈവര്‍ ഷംജീറിനും മുറിയെടുത്തു നല്‍കിയത് സതീശനാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

കേസില്‍ ബി.ജെ.പി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ. ആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍, ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ. ജി കര്‍ത്ത, സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശന്‍, മേഖല സെക്രട്ടറി ജി. കാശിനാഥന്‍, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി. ഗിരീഷ് എന്നിവരെയും അന്വേഷണ സംഘം ഇതിനകം വിളിപ്പിച്ച് മൊഴിയെടുത്തിട്ടുണ്ട്.

അന്വേഷണം കൂടുതല്‍ സംസ്ഥാന നേതാക്കളിലേക്ക് വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. ബി.ജെ.പി നേതൃത്വം അറിയാതെ പണം എത്തില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.ഫണ്ട് സംബന്ധിച്ച് സംസ്ഥാന അധ്യക്ഷനോട് ചോദിക്കണമെന്ന ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ. ജി കര്‍ത്തയുടെ മൊഴിയും അന്വേഷണത്തിൽ നിർണ്ണായകമായി.

എന്നാൽ കവർച്ച നടന്നതിന് പിന്നാലെ ധർമ്മരാജൻ കെ. സുരേന്ദ്രനെ തുടർച്ചയായി വിളിച്ചതായി റിപ്പോർട്ട് .20 ലേറെ തവണ ധർമ്മരാജനും ,സുരേന്ദ്രനും തമ്മിൽ സംസാരിച്ചു. ധർമ്മരാജൻ്റെ ഫോൺ കോൾ സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ഇത് തെളിഞ്ഞത് .അന്വേഷണ സംഘം സുരേന്ദ്രനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

അതേസമയം കേസ് ഒതുക്കി തീര്‍ക്കാന്‍ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നേതാക്കളുമായി അടുപ്പമുള്ള അഭിഭാഷകര്‍ വഴി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News