ബി.ജെ.പി ജില്ലാ നേതാക്കൾ പറഞ്ഞിട്ടാണ് കുഴൽപ്പണക്കടത്ത് സംഘത്തിന് മുറിയെടുത്ത് നൽകിയതെന്ന് ജില്ലാ ഓഫീസ് സെക്രട്ടറി സതീഷ്. ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞതായും സതീഷ് വ്യക്തമാക്കി. അതേസമയം, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനിലേക്കും അന്വേഷണം നീണ്ടതായാണ് സൂചന.
ബി.ജെ.പി ജില്ലാ സംസ്ഥാന നേതൃത്വങ്ങളിലേക്ക് അന്വേഷണമെത്തുന്ന കൃത്യമായ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ജില്ലാ നേതാക്കളുടെ നിർദേശത്തെ തുടർന്നാണ് കുഴൽപ്പണക്കടത്ത് സംഘത്തിന് മുറിയെടുത്ത് നൽകിയതെന്ന് ജില്ലാ സെക്രടറി സതീഷ് സമ്മതിച്ചു. ഇതല്ലാതെ ധർമ്മരാജനുമായി നേരിട്ട് ബന്ധമില്ല.
ധർമ്മരാജനെ ഇതുവരെ ഫോണിൽ ബന്ധപ്പെടുകയോ തിരിച്ചുവിളിക്കുകയോ ചെയ്തിട്ടില്ലെന്നാണ് സതീഷ് പറഞ്ഞത്. ഈ കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കും.
അതേസമയം, ആർ.എസ്.എസ്. പ്രവർത്തകൻ ധർമ്മരാജനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി വിവരം ലഭിച്ചു. ഈ കാര്യം അന്വേഷണ സംഘം ഗൗരവത്തോടെ പരിശോധിക്കും.
കുഴൽപ്പണം തട്ടിയ സംഭവവുമായി ബന്ധപ്പെട്ട് ഏകദേശം ഒന്നരക്കോടി കണ്ടെത്താനുണ്ട്. പണം വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായി കണ്ണൂർ, കോഴിക്കോട് ജില്ലകളിലുള്ള പ്രതികളുടെ വീടുകളിൽ അന്വേഷണ സംഘം പരിശോധന നടത്തി. ബി.ജെ.പി ജില്ലാ ട്രഷറർ സുജയ സേനൻ്റെ അനുയായി ആയ പ്രശാന്തിനേയും അന്വേഷണ സംഘം ചോദ്യം ചെയ്യും.
Get real time update about this post categories directly on your device, subscribe now.