ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ പരിപാടിക്കിടെ അശ്ലീലവീഡിയോ; നടപടി ആവശ്യപ്പെട്ട് എസ്എഫ്‌ഐയുടെ പരാതി

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ. സംഘടിപ്പിച്ച ഓൺലൈൻ കലോത്സവത്തിനിടെ സാമൂഹിക വിരുദ്ധർ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചതായി പരാതി. മാനന്തവാടി ഗവ. എൻജിനീയറിങ് കോളേജ് എസ്.എഫ്.ഐ. യൂണിറ്റ് സംഘടിപ്പിച്ച ഓൺലൈൻ പരിപാടിക്കിടെയായിരുന്നു സംഭവം. ഓൺലൈൻ കലോത്സവം അലങ്കോലമാക്കാൻ ഉദ്ദേശിച്ച് അശ്ലീലവീഡിയോ പ്രദർശിപ്പിച്ചവർക്കെതിരേ നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി പോലീസിൽ പരാതി നൽകി.

ഓൺലൈൻ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് ഗൂഗിൾ മീറ്റിൽ നടക്കുന്നതിനിടെയാണ് വ്യാജ ഇ-മെയിൽ ഐ.ഡിയിലൂടെ ചടങ്ങിൽ കടന്നുകൂടിയവർ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചത്. ലക്ഷദ്വീപിൽനിന്നുള്ള സംവിധായിക ഐഷ സുൽത്താനയും കവി മുരുകൻ കാട്ടാക്കടയും കലോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഒട്ടേറെ വിദ്യാർഥികളും രക്ഷിതാക്കളും ചടങ്ങിൽ ഗൂഗിൾമീറ്റ് വഴി പങ്കെടുത്തിരുന്നു. ഇതിനിടെയാണ് ചടങ്ങിൽ കടന്നുകൂടിയ ചില സാമൂഹിക വിരുദ്ധർ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചത്.

സംഭവത്തിൽ കുറ്റക്കാരായ സാമൂഹിക വിരുദ്ധരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി തലപ്പുഴ പോലീസ് സ്റ്റേഷനിലും ജില്ലാ പോലീസ് മേധാവിക്കും ആഭ്യന്തര വകുപ്പിനും പരാതി നൽകി. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു. അതേസമയം, പരാതി വിശദമായ അന്വേഷണത്തിനായി സൈബർ സെല്ലിന് കൈമാറിയതായി തലപ്പുഴ പോലീസ് അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here