
നഴ്സുമാര്‍ക്കെതിരെ നിന്ദ്യമായ പരാമര്‍ശം നടത്തിയ മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റിനെതിരെ അസ്സോസിയേഷന്‍ രംഗത്ത്.ഇക്കഴിഞ്ഞ നഴ്‌സുമാരുടെ സമ്മേളനത്തില്‍ മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ശിവകുമാര്‍ ഉത്തര്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്.
ഒരാഴ്ച കൊണ്ട് ആരെ വേണമെങ്കിലും പരിശീലനം നല്‍കി നഴ്‌സിംഗ് ജോലിക്ക് പ്രാപ്തരാക്കാന്‍ കഴിയുമെന്നായിരുന്നു ശിവകുമാര്‍ പറഞ്ഞത്. ഇത് നഴ്‌സിംഗ് മേഖലയിലെ സേവനങ്ങളെ നിസ്സാരവത്കരിച്ചതിന് തുല്യമാണെന്ന് പറഞ്ഞാണ് ഇതിനെതിരെ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) രംഗത്തെത്തിയിരിക്കുന്നത്.
2011 മുതല്‍ രാജ്യത്തുടനീളമുള്ള നഴ്സുമാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യുഎന്‍എ. 2017 മുതല്‍ മഹാരാഷ്ട്രയിലും സജീവമായ സംഘടനയില്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് നഴ്‌സുമാര്‍ അംഗങ്ങളാണ്.
നഴ്‌സുമാരുടെ തൊഴിലിനെ ഇകഴ്ത്തി കാണിച്ചു കൊണ്ടുള്ള പരാമര്‍ശം വളരെ നിര്‍ഭാഗ്യകരമായി പോയെന്ന് യു എന്‍ എ സംസ്ഥാന പ്രസിഡന്റ് ജിബിന്‍ ടി സി വ്യക്തമാക്കി. ഇത് മുഴുവന്‍ നഴ്‌സിംഗ് സമൂഹത്തെയും അസ്വസ്ഥരാക്കിയെന്നും പൊതുസേവനം നടത്തുന്ന തൊഴിലിനെ സംബന്ധിച്ച ഇത്തരം പ്രസ്താവനകള്‍ വച്ചു പൊറുപ്പിക്കാനാവില്ലെന്നും ജിബിന്‍ പ്രതികരിച്ചു.
മഹാമാരിയില്‍ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിനായി രാപ്പകല്‍ കഠിനാധ്വാനം ചെയ്യുന്ന ഒരു സമൂഹത്തെയാണ് അടച്ചാക്ഷേപിച്ചിരിക്കുന്നതെന്നും ഇത് മഹത്തായ ഒരു തൊഴിലിനെ പരസ്യമായി പരിഹസിക്കുന്നതിന് തുല്യമാണെന്നും മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സിലിനെഴുതിയ കത്തില്‍ യു എന്‍ എ ചൂണ്ടിക്കാട്ടി. അഭിപ്രായം പുനഃപരിശോധിക്കണമെന്നും നഴ്‌സിംഗ് സമൂഹത്തോട് ക്ഷമ ചോദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here