പുതിയ കെപിസിസി പദവിയില്‍ സുധാകരനെ വെട്ടാന്‍ അതൃപ്ത വിഭാഗങ്ങളുടെ നീക്കം:എ ഐ വിഭാഗങ്ങളുടെ പിന്തുണ തേടി കൊടിക്കുന്നില്‍ സുരേഷ്

കെപിസിസി അധ്യക്ഷപദവിയുടെ കാര്യത്തില്‍ അവസാനഘട്ട അട്ടിമറിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടേയും പേര് മുന്നോട്ടുവയ്‌ക്കേണ്ടതില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ഇതുവരെയുള്ള തീരുമാനം. എന്നാല്‍ സുധാകരന്‍ വരുന്നതില്‍ എതിര്‍പ്പുമുണ്ട്.

ഭൂരിപക്ഷ അഭിപ്രായം മാനിക്കാതെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചതിലുള്ള അമര്‍ഷം ഇതുവരെയും ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും മാറിയിട്ടുമില്ല. സമാനരീതിയില്‍ കെ.പി.സി.സി പ്രസിഡന്റിനെയും തീരുമാനിച്ച് പരാജയമായാല്‍ മുഴുവന്‍ പഴിയും തലയില്‍ വരുമെന്ന ഭയം ഹൈക്കമാന്‍ഡിനുണ്ട്. മാത്രമല്ല, എ ഐ ഗ്രൂപ്പുകളുടെ പിന്തുണയില്ലാതെ താഴെത്തട്ട് ചലിപ്പിക്കാനുമാകില്ല.

ഈ അതൃപ്തി തനിക്ക് അനുകൂലമാക്കാനുള്ള അവസാനഘട്ട നീക്കത്തിലാണ് നിലവിലെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്. എ ഐ വിഭാഗം നേതാക്കളുമായി കൊടിക്കുന്നില്‍ വെവ്വേറെ ചര്‍ച്ചനടത്തി. തന്റെ പേരിന് ഇരു വിഭാഗത്തിന്റെ പിന്തുണ കൊടിക്കുന്നില്‍ തേടി.

പക്ഷെ ഗ്രൂപ്പിന് അതീതമായി കൊടിക്കുന്നിലിന്റെ പേര് നിർദേശിക്കാന്‍ ഇരുവിഭാഗവും തയ്യാറായിട്ടില്ല. കെ.സുധാകരന്‍ ഒഴികെ ആരും വന്നോട്ടെയെന്നാണ് എ-ഐ വിഭാഗങ്ങളുടെ മനസിലിരുപ്പ്. പക്ഷെ പ്രവര്‍ത്തകരുടെ ആവേശം ഹൈക്കമാൻഡ് പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് കെ.സുധാകരന്‍. തന്റെ പേരിന് തന്നെയാണ് മുന്‍ഗണനയെന്നും സുധാകരന്‍ കരുതുന്നു. അതേസമയം കോണ്‍ഗ്രസിലെ നേതൃത്വ പ്രശ്‌നത്തില്‍ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്കും അതൃപ്തി ഉണ്ട്.തര്‍ക്കങ്ങളില്‍ സമവായമായില്ലെങ്കില്‍ കൂടുതല്‍ നേതാക്കള്‍ പരസ്യ പ്രതികരവുമായി വരും ദിവസങ്ങളില്‍ രംഗത്തെത്തും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here