മലയാളത്തിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോള്‍ താരം ക്ലബ്ഹൗസ് ആണ്. ട്രെന്റിംഗ് ആയതോടെ ആപ്പ് ആപ്പിലായിരിക്കുകയാണ്. ക്ലബ്ഹൗസിനെപ്പറ്റി ചര്‍ച്ച പൊടിപൊടിച്ചതോടെ ആപ്പില്‍ മലയാളികളുടെ തള്ളിക്കയറ്റമാണ്. ഇതോടെ ആപ്പിന്റെ ചില പ്രവര്‍ത്തനങ്ങള്‍ തകരാറിലായിരിക്കുകയാണ്.
ആപ്പിനെപ്പറ്റി വ്യാപക പ്രചരണമാരംഭിച്ചതോടെ കൂട്ടത്തോടെ മലയാളികള്‍ ക്ലബ്ബ് ഹൗസില്‍ ചേരുകയും ചര്‍ച്ചകള്‍ക്കായി നിരവധി റൂമുകള്‍ തുറക്കുകയും ചെയ്തു. ഇതോടെ പല പ്രശ്നങ്ങളും ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ പലര്‍ക്കും അനുഭവപ്പെട്ടു.
സംസാരിക്കുന്നതിനിടയ്ക്ക് തനിയെ പുറത്താവുക, മ്യൂട്ട് ആവുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് നേരിട്ടത്. ജനപ്രീതി കാരണം കുത്തനെ ഉയര്‍ന്ന ട്രാഫിക്കായിരിക്കാം ഇത്തരം പ്രശ്നങ്ങള്‍ നേരിടാന്‍ കാരണമെന്ന് വിലയിരുത്തുന്നു.
ലോകത്ത് കൊറോണ പിടിമുറുക്കുന്ന കാലത്താണ് ക്ലബ്ഹൗസ് എന്ന ആപ്പിന്റെ ജനനം. പലപ്പോഴും കൂട്ടായ്മകള്‍ അന്യമായി വീട്ടിലൊതുങ്ങിപ്പോയവര്‍ക്ക് കൂട്ടം ചേര്‍ന്നിരുന്ന് വര്‍ത്തമാനം പറയാന്‍ ഒരിടം സൃഷ്ടിച്ചുവെന്നതാണ് ഈ ആപ്പിനെ വ്യത്യസ്തമാക്കിയതും, അതിന് വ്യാപക പ്രചാരം ഉണ്ടാക്കിയതും.
ആദ്യമാദ്യം അക്കൗണ്ട് ലഭിക്കാന്‍ ആരുടെയെങ്കിലും ക്ഷണം ആവശ്യമായിരുന്നു. പിന്നീട് ഇതും ഒഴിവാക്കിയതോടെ ആളുകളുടെ കുത്തൊഴുക്കായി. ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പ്ലേ സ്റ്റോറില്‍ 20 ലക്ഷം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.
Get real time update about this post categories directly on your device, subscribe now.