മഹാരാഷ്ട്രയില്‍ മൂന്നാം തരംഗം? ആശങ്ക പടര്‍ത്തി 8000 ത്തിലധികം കുട്ടികളില്‍ കൊവിഡ്

മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയില്‍ നിന്നുള്ള വിവരങ്ങളാണ് സംസ്ഥാനത്തെ ആശങ്കപ്പെടുത്തുന്നത്. കൊറോണയുടെ മൂന്നാം തരംഗത്തിന്റെ സൂചന നല്‍കി മഹാരാഷ്ട്രയിലെ അഹമ്മദ്നഗറില്‍ 8,000-ത്തിലധികം കുട്ടികള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.

കൊവിഡ് മൂന്നാംതരംഗം കൂടുതല്‍ ബാധിക്കുക കുട്ടികളെയാവുമെന്നതിനാല്‍ അഹമ്മദ് നഗര്‍ ജില്ലയിലെ കണക്കുകള്‍ ഏറെ ആശങ്ക പടര്‍ത്തുന്നതാണ്. ഇത് മൂന്നാംതരംഗത്തിന്റെ തുടക്കമാണെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിഗമനം.

ജില്ലയില്‍ രോഗം പിടിപെട്ടവരില്‍ പത്തു ശതമാനത്തോളം കുട്ടികളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ കൊവിഡ് മൂന്നാം വ്യാപനം ആരംഭിക്കുമെന്നാണ് മുന്നറിയിപ്പുകള്‍ വ്യക്തമാക്കുന്നത്. മൂന്നാം തരംഗത്തിന്റെ ഭീഷണിയെ നേരിടാന്‍ സംസ്ഥാനം തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം സംസ്ഥാനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ സൂചിപ്പിച്ചിരുന്നു. രോഗവ്യാപനം നേരിടാന്‍ സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ജില്ലകളില്‍ ശിശുരോഗ വിദഗ്ധരെ മാത്രം ഉള്‍പ്പെടുത്തി പ്രത്യേക ടാസ്‌ക് ഫോഴ്സിനു തന്നെ രൂപം നല്‍കിയിട്ടുണ്ട്. 36 ജില്ലകളിലും പത്ത് അംഗങ്ങള്‍ വീതമുള്ള ടാസ്‌ക് ഫോഴ്സ് വേറെയും രൂപികരിച്ചു. ഓരോ ജില്ലയിലും കുട്ടികളെ ചികിത്സിക്കാന്‍ വേണ്ടി മാത്രം കൊവിഡ് കേന്ദ്രങ്ങളില്‍ പ്രത്യേക വാര്‍ഡുകളും തയ്യാറാക്കുന്നുണ്ട്.

കൊവിഡ് രണ്ടാം തരംഗത്തില്‍ ആശുപത്രികളില്‍ ആവശ്യമായ കിടക്കകള്‍ ലഭ്യമല്ലാതാവുകയും ഓക്‌സിജന്‍ക്ഷാമം അതിരൂക്ഷമാവുകയും ചെയ്തിരുന്നു. മുംബൈയില്‍ കുട്ടികളുടെ ചികിത്സയ്ക്കായി മൂന്ന് ജംബോ സെന്ററുകളാണ് ഒരുങ്ങുന്നത്. മഹാരാഷ്ട്രയില്‍ എല്ലായിടത്തും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവു വരുമ്പോള്‍ അമരാവതിയില്‍ മാത്രം രോഗം കൂടുതല്‍ പേരിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. ഇതും കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കമാണെന്ന സംശയമുണ്ടാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News