കൊവിഡ് വകഭേദങ്ങളെ രാജ്യങ്ങളുടെ പേരിട്ടു വിളിക്കേണ്ട; പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ച് ലോകാരോഗ്യ സംഘടന

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ കൊവിഡ് വകഭേദങ്ങള്‍ക്ക് പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ച് ലോകാരോഗ്യ സംഘടന. ഗ്രീക്ക് പദങ്ങളാണ് പുതിയ വൈറസുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

കൊവിഡ് വകഭേദങ്ങളെ ശാസ്ത്രീയ നാമം ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ അവ കണ്ടെത്തിയ രാജ്യങ്ങളുടെ പേരിലാണ് ഇതുവരെ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ പുതിയ വൈറസുകളോ വകഭേദങ്ങളോ അവ ആദ്യമായി കണ്ടെത്തിയ രാജ്യങ്ങളുടെ പേരില്‍ അറിയപ്പെടുന്നത് വഴി ആ രാജ്യങ്ങളുടെ പേരിനുണ്ടാകുന്ന കളങ്കം ഒഴിവാക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ഈ നീക്കം.

ഇതുപ്രകാരം ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കണ്ടെത്തിയ വൈറസ് വകഭേദമായ ബി.1.617.2 നെ ഡെല്‍റ്റ എന്ന് പുനര്‍നാമകരണം ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യ സംഘടന വിളിച്ചുചേര്‍ത്ത വിദഗ്ധ സംഘം ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങള്‍ വൈറസ് വകഭേദങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇതനുസരിച്ചാണ് പുതിയ നാമകരണം. എന്നാല്‍ ശാസ്ത്രലോകത്ത്, കൊവിഡ് വകഭേദങ്ങളുടെ ശാസ്ത്രീയ നാമം തന്നെയായിരിക്കും ഉപയോഗിക്കുക.

ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദത്തില്‍ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തിയതിനു പിന്നാലെ ഇന്ത്യന്‍ വകഭേദം എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തു വന്നിരുന്നു. ബ്രിട്ടന്‍, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ കണ്ടെത്തിയ വകഭേദങ്ങളിലും ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വകഭേദം ഇതുവരെ 53 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News