
യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ബോധവാന്മാരല്ലാത്തതാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പിഴവെന്ന് കുറ്റപ്പെടുത്തി സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. കേന്ദ്രത്തിന്റെ പാളിപ്പോയ കൊവിഡ് പ്രതിരോധനയങ്ങളെ തെറ്റെന്നു വിളിച്ചാണ് ചന്ദ്രചൂഢ് വാര്‍ത്തകളില്‍ നിറയുന്നത്. ഇതോടെ ജസ്റ്റിസ് ചന്ദ്രചൂഢ് എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി.
ഭാരതം സംസ്ഥാനങ്ങളുടെ യൂണിയന്‍ എന്നാണ് ഭരണഘടനയില്‍ പറയുന്നതെങ്കിലും ഇന്ത്യ ആ ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന് ചന്ദ്രചൂഢ് ആരോപിച്ചു. ഉണര്‍ന്നു രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് കാണണമെന്നും സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ ശേഖരിച്ച് വിതരണം ചെയ്യണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളെ ആപത്ഘട്ടത്തില്‍ സഹായിക്കാതെ ഉപേക്ഷിക്കുന്നത് ആശാസ്യമല്ലെന്നും ചന്ദ്രചൂഢ് പറഞ്ഞു. സംസ്ഥാനങ്ങള്‍ എന്തിനു വാക്സിന് ഉയര്‍ന്ന വില നല്‍കുന്നതെന്ന് ചോദിച്ചതോടൊപ്പം തന്നെ രാജ്യത്തുടനീളം വാക്സിനുകളുടെ വില ഏകീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് കേന്ദ്രം മാധ്യമസ്വാതന്ത്ര്യത്തിന് മേല്‍ നടത്തുന്ന കയ്യേറ്റങ്ങളെയും പരോക്ഷമായി വിമര്‍ശിക്കാന്‍ ജസ്റ്റിസ് ചന്ദ്രചൂഢ് മറന്നില്ല, ‘ഒരു വാര്‍ത്താ ചാനല്‍ മൃതദേഹങ്ങള്‍ പുഴയില്‍ തള്ളുന്ന ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചതായി കണ്ടു. അത് കാണിച്ചതിന് വാര്‍ത്താ ചാനലുകള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിട്ടുണ്ടോ എന്നെനിക്കറിയില്ല.’
മഹാമാരിയുമായി ബന്ധപ്പെട്ട് പരമോന്നത കോടതിയില്‍ നിന്ന് അടുത്തകാലത്ത് ആദ്യമായാണ് കേന്ദ്രം ഇത്രയും രൂക്ഷമായ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നത്. ‘സാഹചര്യങ്ങള്‍ക്ക് മാറ്റം വരുന്നു എന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ ചെവി മണ്ണില്‍ വച്ചു നോക്കൂ. നിങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് ബോധവാന്മാരല്ല. നിങ്ങള്‍ക്ക് കോവിഡ് രജിസ്ട്രേഷന്‍ ആകാം. എന്നാല്‍ ഡിജിറ്റല്‍ ഡിവൈഡിനെ കുറിച്ച് നിങ്ങള്‍ എങ്ങനെ ഉത്തരം പറയും. ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരിടത്തേക്ക് പോകുന്ന കുടിയേറ്റ തൊഴിലാളികളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ എന്ത് ഉത്തരം നല്‍കും. വിദൂര ഗ്രാമങ്ങളിലുള്ള ആളുകള്‍ക്ക് കോവിഡ് വാക്സിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക സാധ്യമാണോ?’, ചന്ദ്രചൂഢ് ചോദിച്ചു.
ഒരു ജഡ്ജി എന്ന നിലയിലുള്ള അനുഭവത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ തെറ്റാണെന്ന് പറയാനുള്ള ശേഷി ദൗര്‍ബല്യത്തിന്റെ അടയാളമല്ല, മറിച്ച് ശക്തിയാണെന്നും ചന്ദ്രചൂഢ് പറയുകയുണ്ടായി. കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ രാജ്യത്ത് അസ്വസ്ഥത രൂക്ഷമാകുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഈ വിമര്‍ശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here