അഗ്യൂറോ ബാഴ്സയിൽ : കരാർ പുതുക്കലിൽ മനം തുറക്കാതെ മെസി

മാഞ്ചസ്റ്റർ സിറ്റി വിട്ട് സെർജിയോ അഗ്യൂറോ ഇനി ബാഴ്സലോണക്കൊപ്പം. ക്ലബ്ബ് അഗ്യൂറോയുടെ ട്രാൻസ്ഫർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.അതേസമയം ക്ലബ്ബിൽ തുടരുന്ന കാര്യത്തിൽ മെസി ഇതേ വരെ മനസ് തുറന്നിട്ടില്ല.

കുൻ അഗ്യൂറോ 2011-12 സീ​സ​ണി​ൽ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​ൽ​നി​ന്നാണ് മാഞ്ചസ്റ്റർ സി​​റ്റി​യി​ലെത്തുന്നത്.ഒ​രു പ​തി​റ്റാ​ണ്ട് ​കാ​ലം​കൊ​ണ്ട്​ എത്തിഹാദ് ക്ലബ്ബിന്റെ ഒ​ന്നാം ന​മ്പ​ർ ഗോ​ൾ​സ്​​കോ​റ​റാ​യി കുൻ മാറി. അ​ബൂ​ദ​ബി യു​നൈ​റ്റ​ഡ്​ ഗ്രൂ​പ്പി​നു കീ​ഴി​ൽ സി​റ്റി യൂ​റോ​പ്പി​ലെ വൻകിട ക്ല​ബാ​യി വ​ള​ർ​ന്ന​പ്പോ​ൾ ഈ അർജന്റീനക്കാരനായി​രു​ന്നു പ്ലേമേക്കർ.

ബാഴ്സലോണയ്ക്ക് മെസ്സി എന്ന പോലെ സിറ്റിസൺസിന് അത്രയേറെ അനിവാര്യനായിരുന്നു കുൻ അഗ്യൂറോ. അഞ്ച്​​ പ്രീ​മി​യ​ർ ലീ​ഗ്​ ഉ​ൾ​പ്പെ​ടെ സി​റ്റി​ നേടിയപ്പോൾ നെ​ടു​നാ​യ​ക​നാ​യി തിളങ്ങി നിന്നത് കുൻ ആയിരുന്നു. പത്ത് സീസണിൽ സിറ്റിയിൽ കളിച്ച അഗ്യൂറോയാണ് ഒരു പ്രീമിയർ ലീഗ് ക്ലബിന് വേണ്ടി ഏറ്റവുമധികം ഗോൾ നേടിയ താരം.

സ​മീ​പ​കാ​ല​ത്ത് പ​രി​ക്ക്​ വേട്ടയാടിയതോടെയാണ് പ്ലെയിങ്​ ഇ​ല​വ​നി​ൽ ഇടം പിടിക്കൽ അർജൻറീനിയൻ താരത്തിന് ബുദ്ധിമുട്ടായത്.സിറ്റിക്കൊപ്പം നടപ്പ് സീസണിൽ പ്രീമിയർ ലീഗ് കിരീടം ഉയർത്തിയ അഗ്യൂറോയ്ക്ക് പക്ഷേ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നിരാശയായിരുന്നു ഫലം.സ്വപ്‌ന നേട്ടമില്ലാതെ കണ്ണീരോടെയാണ് അഗ്യൂറോ സിറ്റിയുടെ കുപ്പായമഴിച്ചത്.കത്തിപ്പടർന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് അഗ്യൂറോയുടെ ട്രാൻസ്ഫർ വാർത്ത കറ്റാലൻ ക്ലബ്ബ് സ്ഥിരീകരിച്ചത്.

2022-23 സീസൺ വരെയാണ് അഗ്യൂറോയുമായുള്ള കരാറെന്ന് ബാഴ്സലോണ വ്യക്തമാക്കി. 100 ദശലക്ഷം യൂറോയാണ് താരത്തിന് ബാഴ്സലോണ വെച്ചിരിക്കുന്ന ബൈഔട്ട് ഉടമ്പടി.ജൂ​ലൈ ഒന്നിന്​ മാഞ്ചസ്​റ്റർ സിറ്റിയുടെ കരാർ അവസാനിപ്പിക്കുന്ന മുറക്ക്​ അഗ്യൂറോ സിറ്റിയിലെത്തുമെന്ന്​ ബാഴ്​സ ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്​താവനയിൽ പറഞ്ഞു.

കഴിഞ്ഞ സീസണിൽ ലാ ലീഗ കിരീടം കൈവിട്ട ബാഴ്സയിൽ അഗ്യൂറോയെത്തുമ്പോൾ കാര്യം അത്ര ശുഭകരമല്ല- ക്ലബ്ബിൽ തുടരുന്ന കാര്യത്തിൽ മെസി ഇതുവരെ മനസ് തുറക്കാത്തതും ബാഴ്സ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. ഏതായാലും അഗ്യൂറോയെ ടീമിലെത്തിച്ചതോടെ മെസിയുടെ മനസ് മാറ്റാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ബാഴ്സ മാനേജ്മെന്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here