സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണ്ണായക നീക്കവുമായി കസ്റ്റംസ്. യുഎഇ കോണ്‍സുല്‍ ജനറലിനേയും, അറ്റാഷേയും പ്രതികളാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇരുവര്‍ക്കും കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ യു എ ഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിയ്ക്കും അറ്റാ ഷേ റാഷിദ് ഖാമിസ് അലിയ്ക്കും പങ്കുള്ളതായി അന്വേഷണത്തിന്റെ തുടക്കം മുതല്‍ സൂചനകള്‍ പുറത്തു വന്നിരുന്നു.
കോണ്‍സുല്‍ ജനറലിന്റെ വിലാസത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 30 ന് വിമാനത്താവളത്തിലെത്തിയ നയതന്ത്ര ബാഗേജില്‍ നിന്നാണ് പതിനാലരക്കോടി രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയത്. ബാഗേജ് തുറക്കുന്നതിനു മുന്‍പ് തന്നെ ഇത് വിട്ടുകിട്ടാന്‍ കോണ്‍സുല്‍ ജനറലും അറ്റാഷേയും സമ്മര്‍ദം ചെലുത്തിയിരുന്നു.എന്നാല്‍ ആ ശ്രമം പരാജയപ്പെടുകയും ബാഗേജ് തുറക്കുകയും സ്വര്‍ണ്ണക്കടത്ത് കയ്യോടെ പിടികൂടുകയും ചെയ്തു. ഇതിന് തൊട്ടടുത്ത ദിവസങ്ങളില്‍ ഇരുവരും രാജ്യം വിടുകയും ചെയ്തു. പിന്നീട് അന്വേഷണത്തിന്റെ ഭാഗമായി കോണ്‍സുലേറ്റിലെ ജീവനക്കാരായ സരിത്ത്, സ്വപ്ന ഉള്‍പ്പടെ 25 ഓളം പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കടത്തുന്നതിന് കോണ്‍സുല്‍ ജനറലും അറ്റാഷെയും കൈക്കൂലി വാങ്ങിയിരുന്നതായി മറ്റ് പ്രതികള്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ ഏറെ വൈകിയാണ് ഇരുവരെയും പ്രതികളാക്കാനുള്ള തീരുമാനത്തിലേയ്ക്ക് കസ്റ്റംസ് കടന്നിരിക്കുന്നത്. ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കാന്‍ അനുമതി തേടി കസ്റ്റംസ് 6 മാസം മുന്‍പ് വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ഇതിന് അനുമതി ലഭിച്ചത്.
തുടക്കം മുതല്‍ സംശയത്തിന്റെ നിഴലിലായിരുന്ന കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും ഉള്ള പങ്ക് അന്വേഷിക്കുന്നതിനു പകരം രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു വഴങ്ങി അന്വേഷണം വഴിതിരിച്ചുവിടുന്ന സമീപനമാണ് കേന്ദ്ര ഏജന്‍സിയായ കസ്റ്റംസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് ഇടതുസംഘടനകള്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു.
അന്വേഷണം തുടങ്ങിയ ഉടന്‍ തന്നെ ഇരുവര്‍ക്കും രാജ്യം വിടാന്‍ അവസരം നല്‍കിയതുള്‍പ്പടെ അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ ഉള്‍പ്പടെ യുവജന സംഘടനകളും ആവശ്യപ്പെട്ടിരുന്നു.ഇതിനിടെയാണ് കേസന്വേഷണം തുടങ്ങി ഒരു വര്‍ഷമാകാറാവുമ്പോള്‍ കസ്റ്റംസ് കോണ്‍സുല്‍ ജനറലിനും അറ്റാ ഷേയ്ക്കുമെതിരെ നീക്കമാരംഭിച്ചിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.