കിടപ്പ് രോഗികളുടെ വാക്‌സിനേഷന്‍: മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

45 വയസിന് മുകളിൽ പ്രായമായ കിടപ്പ് രോഗികളുടെ വാക്‌സിനേഷനുള്ള മാർഗനിർദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കിടപ്പ് രോഗികൾക്ക് കൊവിഡിൽ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വീടുകളിൽ പോയി അവർക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ചത്.

ഇവരുടെ വാക്‌സിനേഷൻ പ്രക്രിയ ഏകീകൃതമാക്കാനാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്. 45 വയസിന് താഴെ പ്രായമുള്ള കിടപ്പ് രോഗികളെ വാക്‌സിനേഷന്റെ മുൻഗണനാപട്ടികയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു. അവർക്കും ഇതേ മാർഗനിർദേശമനുസരിച്ച് വാക്‌സിൻ നൽകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഓരോ ആരോഗ്യ സ്ഥാപനത്തിലും രജിസ്റ്റർ ചെയ്തിട്ടുള്ള 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാ കിടപ്പ് രോഗികളുടേയും ഒരു പട്ടിക തയ്യാറാക്കുകയും അവർ വാക്‌സിനേഷന് തയ്യാറാണോയെന്ന് കണ്ടെത്തേണ്ടതുമാണ്.

ഓരോ രോഗിയിൽ നിന്നും വാകിസ്‌നേഷനായി സമ്മതം വാങ്ങണം. ദൈനംദിന ഗൃഹ പരിചരണ പരിപാടിയിൽ ഉൾപ്പെടുത്തി ഇവരുടെ പങ്കാളിത്തം ഉറപ്പാക്കണം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ സന്നദ്ധ സംഘടനകളുടെ (എൻ.ജി.ഒ.എസ്/സി.ബി.ഒ.എസ്.) പങ്കാളിത്തം ഉറപ്പാക്കാവുന്നതാണ്.

എഫ്.എച്ച്.സി., പി.എച്ച്.സി. ഉദ്യോഗസ്ഥർക്ക് സി.എച്ച്.സി., താലൂക്ക് ആശുപത്രികളിലെ ഉദ്യോഗസ്ഥരുടെ സഹായവും തേടാവുന്നതാണ്. സർക്കാർ അംഗീകൃത നഴ്‌സിംഗ് യോഗ്യതയും രജിസ്‌ട്രേഷനുമില്ലാത്ത ജീവനക്കാർ വാക്‌സിൻ നൽകാൻ പാടില്ല. എങ്കിലും ഒരു കമ്മ്യൂണിറ്റി നഴ്‌സിന്റെ നേതൃത്വത്തിൽ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാവുന്നതാണ്.

എല്ലാ വാക്‌സിനേഷൻ ടീം അംഗങ്ങളും കൊവിഡ് പ്രോട്ടോകോളും പി.പി.ഇ. സുരക്ഷാ മാർഗങ്ങളും പാലിക്കണം. വാക്‌സിൻ നൽകിയ ശേഷം അര മണിക്കൂറോളം രോഗിയെ നിരീക്ഷിക്കേണ്ടതാണ്. വാക്‌സിനേഷൻ സമയത്ത് ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായാൽ ഉപദേശത്തിനായി സർക്കാർ, സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണം. കൂടാതെ ഇ സഞ്ജീവനി സംവിധാനങ്ങളും ഉപയോഗപ്പെടുത്താം. വാക്‌സിനേഷനുള്ള മറ്റെല്ലാ പ്രോട്ടോക്കോളുകളും ശരിയായി പിന്തുടരേണ്ടതാണ്. ദിശ 1056, 104, 0471 2551056 എന്നീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here