കൊവിഡ് വകഭേദങ്ങൾക്ക് ആൽഫ, ബീറ്റ, ഗാമ എന്നിങ്ങനെ പേരുകൾ നിർദേശിച്ച് ലോകാരോഗ്യ സംഘടന

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ കൊവിഡ് വകഭേദങ്ങള്‍ക്ക് പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ച് ലോകാരോഗ്യ സംഘടന. ഗ്രീക്ക് പദങ്ങളാണ് പുതിയ വൈറസുകള്‍ക്ക് നല്‍കിയിരിക്കുന്നത്.ഇതുപ്രകാരം ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കണ്ടെത്തിയ വൈറസ് വകഭേദമായ ബി.1.617.2 നെ ഡെല്‍റ്റ എന്ന് പുനര്‍നാമകരണം ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

2020 സെപ്റ്റംബറില്‍ യു.കെയില്‍ കണ്ടെത്തിയ വകഭേദമായ വി.ഒ.സി ബി.1.1.7 ന്റെ പേര് ആല്‍ഫ എന്നും ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വകഭേദമായ ബി.1.351 നെ ബീറ്റ എന്നു വിളിക്കാനും തീരുമാനമായി.

ബ്രസീലില്‍ കണ്ടെത്തിയ വൈറസ് വകഭേദമായ പി.1 നെ ഗാമ എന്ന് പുനര്‍നാമകരണം ചെയ്തതായും ലോകാരോഗ്യ സംഘടന അറിയിച്ചു.നേരത്തെ രാജ്യത്തിന്റെ പേരില്‍ വൈറസ് വകഭേദത്തെ അഭിസംബോധന ചെയ്യുന്നതിനെതിരെ ഇന്ത്യന്‍ ആരോഗ്യമന്ത്രാലയം രംഗത്തത്തെത്തിയിരുന്നു.

ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617 എന്ന വകഭേദത്തെ ഇന്ത്യന്‍ വേരിയന്റ് എന്നുപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിട്ടില്ലെന്നും അതുപയോഗിക്കരുതെന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.അതേസമയം വിയറ്റ്‌നാമില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ വൈറസിന്റെ വകഭേദത്തിന് പുതിയ പേര് നല്‍കിയിട്ടില്ല.

അതിവേഗം പകരുന്ന കൊറോണ വൈറസിനെയാണ് വിയറ്റ്‌നാമില്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617 വകഭേദത്തിന്റെയും യു.കെയില്‍ കണ്ടെത്തിയ വകഭേദമായ ബി.1.1.7 ന്റെയും സങ്കരയിനമാണ് പുതുതായി കണ്ടെത്തിയ കൊറോണ വൈറസെന്ന് വിയറ്റ്നാം ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News