പഠിക്കാൻ ടെലിവിഷനോ ഫോണോ ഇല്ല: മുഖ്യമന്ത്രിയ്ക്ക് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ കോൾ:നിമിഷങ്ങൾക്കുള്ളിൽ സമ്മാനം വീട്ടിലെത്തിച്ച് ക്യാപ്റ്റൻ

KPOA ജനറൽ സെക്രട്ടറി C.R. ബിജു പങ്കുവച്ചിരിയ്ക്കുന്ന ഫെയ്സ്ബുക്ക് ശ്രദ്ധേയമാകുന്നു.

അദ്ധ്യയന വർഷത്തിന് തുടക്കമായി. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയിരുന്നു ഇത്തവണത്തെ പ്രവേശനോത്സവം. ഇതിനിടയിലാണ് മുഖ്യമന്ത്രിയ്ക്ക് ആലുവ കമ്പനിപടിക്ക് സമീപം താമസിക്കുന്ന ഒരു മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ ഫോൺ എത്തുന്നത്.

സ്ക്കൂൾ തുറക്കുന്നു “എനിക്ക് പഠിക്കാൻ ടെലിവിഷനോ ഫോണോ ഇല്ല ” സഹായം ആവശ്യപ്പെട്ടായിരുന്നു ഫോൺ വിളി. ഇതിന്റെ നിജസ്ഥിതി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ഇടപെടൽ. എറണാകുളം റൂറൽ ജില്ല പൊലീസ് അന്വേഷണം നടത്തി.

തികച്ചും ന്യായമായ ആവശ്യമാണ് പഠനത്തിൽ മിടുക്കിയായ ആ കൊച്ചുമകൾ ആവശ്യപ്പെട്ടത്. സ്വന്തം വാപ്പ ഉമ്മയെ ഉപേക്ഷിച്ചതിനാൽ നിരാലംബയായ അമ്മയും മകളും. വീട്ടിൽ നിന്ന് ആട്ടി ഇറക്കിവിട്ടപ്പോൾ കോടതിയുടെ കരുണ കൊണ്ട് അവിടെ അയാളുടെ വീട്ടിൽ താമസിക്കുന്നു. മറ്റ് വരുമാന മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ അടുത്ത വീട്ടിൽ വീട്ടുപണിക്ക് പോയി മകളെ വളർത്തുന്ന ഉമ്മ ; മകളെ പഠിപ്പിക്കുന്ന ഉമ്മ.

ഈ സാഹചര്യത്തിൽ ഈ കൊച്ചുമകൾക്ക് സഹായഹസ്തവുമായി പൊലീസ് സംഘടനകൾ മുന്നോട്ടുവന്നു. കേരള പൊലീസ് അസോസിയേഷന്റേയും, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റേയും എറണാകുളം റൂറൽ ജില്ലാ കമ്മറ്റികൾ സംയുക്തമായി സാംസങ്ങിന്റെ നല്ലൊരു മൊബൈൽ ഫോൺ വാങ്ങി അവരുടെ വീട്ടിൽ എത്തി. പഞ്ചായത്ത് മെമ്പറുടെ സാന്നിധ്യത്തിൽ അത് ആ കൊച്ചു മിടുക്കിക്ക് കൈമാറി.

നന്നായി പഠിച്ച് മിടുക്കി ആവണം എന്ന് പറഞ്ഞപ്പോൾ നിറഞ്ഞ ചിരികളോടെ ആ മുടുക്കി പറഞ്ഞത് “ഞാനാണ് ക്ലാസിൽ ഒന്നാമത്” എന്നാണ്. സ്ക്കൂളിൽ നിന്ന് ലഭിച്ച പാഠപുസ്തകങ്ങളും, ഭക്ഷണ കിറ്റും ആവേശത്തോടെ കാണിച്ചു. ഇനി നോട്ടുബുക്കും പേനയും കൂടി ലഭിച്ചാൽ മതി എന്ന് നിറകണ്ണുകളോടെ ആ ഉമ്മ പറഞ്ഞു.

ഇത് കേട്ടതും ആവശ്യമായ നോട്ടുബുക്കുകളും പേനകളും കൂടി വാങ്ങി നൽകിയിട്ടാണ് മടങ്ങിയത്. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സെക്രട്ടറി ജെ. ഷാജി മോൻ,കേരള പൊലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സെക്രട്ടറി .അജിത്, കേരള പൊലീസ് അസോസിയേഷൻ എറണാകുളം റൂറൽ മുൻ ജില്ലാ സെക്രട്ടറി NV സനൽ, പഞ്ചായത്ത് മെമ്പർ റംല അലിയാർ എന്നിവരും ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News