പുതിയ അഡ്മിനിസ്‌ട്രേറ്റർ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണയുമായി ഖത്തറിലെ പെർഫ്യൂം കമ്പനി. തങ്ങളുടെ പുതിയ പെർഫ്യൂമിന് ലക്ഷദ്വീപ് എന്ന പേര് നൽകികൊണ്ടാണ് കമ്പനി പിന്തുണ രേഖപ്പെടുത്തിയത്.
മലയാളികളുടെ നേതൃത്വത്തിൽ ഖത്തറിലെ ദോഹ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റബ്ബാനി എന്ന കമ്പനിയാണ് ലക്ഷദ്വീപ് പെർഫ്യൂം ഇറക്കിയത്. A Frangrance Protest എന്ന ടാഗ് ലൈനും ഇതിനൊപ്പം നൽകിയിട്ടുണ്ട്. #Savelakshadweep, #AFragranceProtest എന്നീ ഹാഷ് ടാഗുകൾക്കൊപ്പമാണ് പുതിയ പെർഫ്യൂമിനെ കുറിച്ചുള്ള വിവരം കമ്പനി പങ്കുവെച്ചത്.
ദ്വീപിലെ ജനതയുടെ അതിജീവന സമരത്തെ സുഗന്ധത്തിന്റെ പേരിൽ ചരിത്രത്തിൽ അടയാളപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്ന് കമ്പനിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
റബ്ബാനി പെർഫ്യൂംസിന്റെ മാനേജ്‌മെന്റിലുള്ള മ്യൂസിഷ്യനും ആക്റ്റിവിസ്റ്റുമായ നാസർ മാലിക്കിനോട് ഫേസ്ബുക്കിൽ നടന്ന പെർഫ്യൂം റിവ്യുവിലുള്ള ചർച്ചക്കിടെയാണ് താജുദ്ധീൻ പൊതിയിൽ എന്ന വ്യക്തി ലക്ഷദ്വീപിനോട് ഐക്യദാർഢ്യം പ്രകടപ്പിച്ചു കൊണ്ട് പെർഫ്യൂം ഇറക്കാൻ ആവശ്യപ്പെടുന്നത്.
തുടർന്ന് റബ്ബാനി പെർഫ്യൂം ലക്ഷദ്വീപ് എന്ന പേരിൽ പെർഫ്യൂം അനൗൺസ് ചെയ്യുകയായിരുന്നു. ദ്വീപിന്റെ ഘടനയോട് ചേർന്ന സീ നോട്ടുകൾ ചേർന്ന പെർഫ്യൂമാണ് ലക്ഷദ്വീപ് എന്ന പേരിൽ ഇറക്കുകയെന്നും റബ്ബാനി പെർഫ്യൂംസിന്റെ ഉടമകളായ ഷഫീഖ്, ജാഫർ, നംഷീദ് എന്നിവർ അറിയിച്ചു.ഈ മാസം യു.എ.ഇ യിൽ വെച്ച് ലക്ഷദ്വീപ് പെർഫ്യൂംസിന്റെ ലോഞ്ച് നടക്കും. ലക്ഷദ്വീപിനോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യത്തിന്റെ ഭാഗമായി കേരളത്തിലും സ്പെഷ്യൽ ലോഞ്ച് ഉണ്ടായിരിക്കുമെന്നും ടീം റബ്ബാനി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.