തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി; സംഘടന ഓഫീസ് അടച്ചു പൂട്ടി താക്കോല്‍ നഗരസഭ സെക്രട്ടറിക്ക് കൈമാറി

തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസ് അനൂകൂല ജീവനക്കാരുടെ സംഘടനയിൽ നിന്നും സംസ്ഥാന നേതാക്കളടക്കം 25 പേർ രാജിവച്ച് ഇടതുപക്ഷ സംഘടനയിൽ ചേർന്നു. കോൺഗ്രസ് അനുകൂല സംഘടനയായ കേരള മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് രാജിവച്ചത്.

കോർപ്പറേഷനിൽ ആകെയുണ്ടായിരുന്ന 27 പേരിൽ 25 പേരും രാജിവച്ചു. നഗരസഭ സെക്രട്ടറിയുടെ പി.എ. കെ.രാജഗോപാൽ, അക്കൗണ്ട്സ് ഓഫീസർ ജയകുമാർ, ഹെൽത്ത് സൂപ്പർവൈസർ പ്രകാശ്, പ്രോജക്ട് ഓഫീസർ അജികുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സുജിത് സുധാകർ അടക്കം 25 പേരോളം അസോസിയേഷൻ പ്രവർത്തകരാണ് രാജിവച്ച് ഇടത് അനുകൂല സംഘടനയായ കേരള മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയ (KMCSU) നിൽ ചേർന്നത്.

കോൺഗ്രസ് അനുകൂല അസോസിയേഷൻ, ജീവനക്കാരുടെ ആവശ്യങ്ങൾക്ക് മുഖം തിരിഞ്ഞ് നിൽക്കുകയും അതിനെതിരെ പ്രതികരിക്കുന്നവരെ ഒഴിവാക്കുകയും ചെയ്ത നിലപാടിൽ പ്രതിഷേധിച്ചും, നഗരസഭ മേഖലയിൽ പൊതു സർവ്വീസ് രൂപീകരണം നടപ്പിലാക്കിയ ഇടതു ഗവൺമെന്റിന് പിന്തുണ പ്രഖ്യാപിച്ചുമാണ് പ്രവർത്തകർ യൂണിയനിൽ ചേർന്നത്.

തിരുവനന്തപുരം കോർപ്പറേഷൻ അങ്കണത്തിൽ ചേർന്ന യോഗം മുൻമന്ത്രിയും എം.എൽ.എ യുമായ കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു. യൂണിയനിൽ ചേർന്നവരെ കടകംപള്ളി സുരേന്ദ്രൻ ചുവപ്പ് ഹാരമണിയിച്ചു. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശക്തിപ്പെടുമ്പോൾ എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും തൊഴിലാളികൾക്ക് അവരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് സംഘടനയ്ക്കേ കഴിയൂ എന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

സർക്കാർ നഗരസഭ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ ജീവനക്കാർക്ക് കൂടുതൽ കരുത്ത് പകരുന്നതാണ്. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുന്ന സർക്കാരാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് എസ്.സജീവ് അദ്ധ്യക്ഷത വഹിച്ചു.

കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി പി.സുരേഷ്, സെക്രട്ടറിയേറ്റംഗം എസ്.എസ്.മിനു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഒ.ബിജി, ആർ.സി.രാജേഷ്, ജയകുമാർ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എം.എസ്.സന്തോഷ്കുമാർ സ്വാഗതം പറഞ്ഞു. അസോസിയേഷൻ യൂണിറ്റിന് നഗരസഭ അനുവദിച്ച് നൽകിയ ഓഫീസ് മുറി പൂട്ടി താക്കോൽ നഗരസഭ സെക്രട്ടറിക്ക് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News