കൊവിഡ് മൂന്നാം തരംഗ ഭീതിയിൽ മഹാരാഷ്ട്ര; 9000 ത്തിലധികം കുട്ടികൾക്ക് കൊവിഡ് ബാധ

കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീതിയിൽ മഹാരാഷ്ട്ര. സംസ്ഥാനത്ത് ആശങ്ക പടർത്തി 9000 ത്തിലധികം കുട്ടികൾക്കാണ് ഒരു മാസത്തിനുള്ളിൽ കൊവിഡ് ബാധിച്ചിരിക്കുന്നത്. മൂന്നാം തരംഗത്തിന്റെ ഭീഷണിയെ നേരിടാൻ സംസ്ഥാനം തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകി .

മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിൽ നിന്നുള്ള വിവരങ്ങളാണ് സംസ്ഥാനത്തെ ആശങ്കപ്പെടുത്തുന്നത്. കൊറോണയുടെ മൂന്നാം തരംഗത്തിന്റെ സൂചന നൽകി മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ 8,000-ത്തിലധികം കുട്ടികൾക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.

കൊവിഡ് മൂന്നാംതരംഗം കൂടുതൽ ബാധിക്കുക കുട്ടികളെയാവുമെന്നതിനാൽ അഹമ്മദ് നഗർ ജില്ലയിലെ കണക്കുകൾ ഏറെ ആശങ്ക പടർത്തുന്നതാണ്. ഇത് മൂന്നാംതരംഗത്തിന്റെ തുടക്കമാണെന്നാണ് മഹാരാഷ്ട്ര സർക്കാരിന്റെ നിഗമനം.

ജില്ലയിൽ രോഗം പിടിപെട്ടവരിൽ പത്തു ശതമാനത്തോളം കുട്ടികളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജൂലായ് അവസാനമോ ഓഗസ്റ്റ് ആദ്യമോ കൊവിഡ് മൂന്നാം വ്യാപനം ആരംഭിക്കുമെന്നാണ് മുന്നറിയിപ്പുകൾ വ്യക്തമാക്കുന്നത്.മൂന്നാം തരംഗത്തിന്റെ ഭീഷണിയെ നേരിടാൻ സംസ്ഥാനം തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സൂചിപ്പിച്ചിരുന്നു. രോഗവ്യാപനം നേരിടാൻ സർക്കാർ മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

ജില്ലകളിൽ ശിശുരോഗ വിദഗ്ധരെ മാത്രം ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്‌സിനു തന്നെ രൂപം നൽകിയിട്ടുണ്ട്. 36 ജില്ലകളിലും പത്ത് അംഗങ്ങൾ വീതമുള്ള ടാസ്ക് ഫോഴ്‌സ് വേറെയും രൂപികരിച്ചു. ഓരോ ജില്ലയിലും കുട്ടികളെ ചികിത്സിക്കാൻ വേണ്ടി മാത്രം കൊവിഡ് കേന്ദ്രങ്ങളിൽ പ്രത്യേക വാർഡുകളും തയ്യാറാക്കുന്നുണ്ട്.

കൊവിഡ് രണ്ടാം തരംഗത്തിൽ ആശുപത്രികളിൽ ആവശ്യമായ കിടക്കകൾ ലഭ്യമല്ലാതാവുകയും ഓക്സിജൻക്ഷാമം അതിരൂക്ഷമാവുകയും ചെയ്തിരുന്നു. മുംബൈയിൽ കുട്ടികളുടെ ചികിത്സയ്ക്കായി മൂന്ന് ജംബോ സെന്ററുകളാണ് ഒരുങ്ങുന്നത്.

മഹാരാഷ്ട്രയിൽ എല്ലായിടത്തും കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവു വരുമ്പോൾ അമരാവതിയിൽ മാത്രം രോഗം കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. ഇതും കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കമാണെന്ന സംശയമുണ്ടാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News