പ്ലസ് ടു: സി ബി എസ് ഇ, ഐ സി എസ് ഇ മാര്‍ക്കും ഗ്രേഡും മുന്‍പരീക്ഷകളെ അടിസ്ഥാനമാക്കി

സി ബി എസ് ഇ, ഐ സി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയാലും മുന്‍പരീക്ഷകളെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കും ഗ്രേഡും നല്‍കും. പത്താംക്ലാസ് അടക്കമുള്ള മുന്‍ പരീക്ഷകളുടെ മാര്‍ക്കും ഹയര്‍സെക്കന്‍ഡറി കാലത്തെ പഠനമികവും കണക്കിലെടുക്കുമെന്നാണ് സൂചന. ഇരുബോര്‍ഡുകളിലും പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ മാര്‍ക്കും കണക്കിലെടുക്കും.

കുട്ടികളുടെ ഭാഗത്തു നിന്നുകൊണ്ടായിരിക്കും തീരുമാനമെന്നും ഉന്നതപഠനത്തിന് അവരെ സഹായിക്കുന്ന തരത്തിലായിരിക്കും മാനദണ്ഡം നിശ്ചയിക്കുന്നതെന്നും നാഷണല്‍ കൗണ്‍സില്‍ ഓഫ് സി ബി എസ് ഇ സ്‌കൂള്‍സ് സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിരാ രാജന്‍ പറഞ്ഞു.

സി ബി എസ് ഇ, ഐ സി എസ് ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷ റദ്ദാക്കിയതിനാല്‍ സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ സംബന്ധിച്ച തീരുമാനം നിര്‍ണായകമാകും. എന്‍ജിനിയറിങ് കോഴ്‌സുകള്‍ക്കുള്ള സംസ്ഥാന പ്രവേശനപരീക്ഷയില്‍ 50 ശതമാനം വെയ്‌റ്റേജ് യോഗ്യതാ പരീക്ഷയായ പ്ലസ് ടുവിന്റെ മാര്‍ക്കിനാണ്. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളുടെ മാര്‍ക്കാണ് ഇതിന് ആധാരം.

വിവിധ സംസ്ഥാന ബോര്‍ഡുകള്‍, സി ബി എസ് ഇ, ഐ സി എസ് ഇ അടക്കമുള്ള ദേശീയ ബോര്‍ഡുകള്‍, വിദേശരാജ്യങ്ങളിലെ ബോര്‍ഡുകള്‍ എന്നിവ സമീകരിച്ചാണ് പ്ലസ് ടു മാര്‍ക്കിന്റെ വെയ്‌റ്റേജ് കണക്കാക്കുക. ഇപ്രാവശ്യം പല ബോര്‍ഡുകളിലും പരീക്ഷ ഉപേക്ഷിച്ചു. ചില ബോര്‍ഡുകളില്‍ മുന്‍ പരീക്ഷകളുടെ മാര്‍ക്കിന്റെയും മറ്റും ശരാശരി അടിസ്ഥാനമാക്കി പ്ലസ് ടു മാര്‍ക്ക് നിര്‍ണയിക്കുകയാണ്.

ഈ സാഹചര്യത്തില്‍ പ്ലസ്ടു മാര്‍ക്ക് യഥാര്‍ഥ വിലയിരുത്തലാകുമോയെന്ന സംശയം ഉടലെടുക്കുന്നു. ഇതേസമയം സംസ്ഥാന ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടന്നു. എന്‍ട്രന്‍സ് പരീക്ഷയ്ക്ക് കേന്ദ്ര സിലബസിലെ കുട്ടികള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നതുകൂടി കണക്കിലെടുത്തായിരുന്നു പ്ലസ് ടു പരീക്ഷയുടെ മാര്‍ക്കിന് പകുതി വെയ്‌റ്റേജ് നല്‍കാന്‍ നേരത്തേ നിശ്ചയിച്ചത്. പ്ലസ്ടു മാര്‍ക്കിന്റെ വെയ്‌റ്റേജ് ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്കുമാത്രമാകും റാങ്ക് പട്ടിക തയ്യാറാക്കാന്‍ അടിസ്ഥാനമാക്കുക. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കേണ്ടിവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News