തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കി കേന്ദ്രത്തിന്‌ സമര്‍പ്പിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തീരദേശ പരിപാലന നിയമത്തിൽ ഭേദഗതി വരുത്തി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 2019 ലെ CRZ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഒരു തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കുകയും അത് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അംഗീകരിക്കുന്ന മുറയ്ക്ക് മാത്രമേ ഈ വിജ്ഞാപനത്തിലെ ഇളവുകൾ സംസ്ഥാനത്ത് ലഭിക്കുകയുള്ളൂവെന്ന് കെ ബാബുവിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കുന്നതിന് തിരുവനന്തപുരത്തെ കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യ കരട് തയ്യാറായിട്ടുണ്ട്.കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി അത് പരിശോധിക്കുകയും പൊതുജനങ്ങളുടെ അഭിപ്രായം തേടുകയും ചെയ്യും. തുടർന്ന് സർക്കാർ പരിശോധിച്ച്‌ കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് സമർപ്പിക്കും.

ഇന്റഗ്രേറ്റഡ് കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്രോജക്ടിലേക്ക് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്താൻ കേന്ദ്ര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. തീരദേശങ്ങളെയും സമുദ്ര പാരിസ്ഥിതിക പ്രവർത്തനങ്ങളെയും സംരക്ഷിക്കുക, തീരദേശ മലിനീകരണ നിയന്ത്രണം, അനുബന്ധ അടിസ്ഥാന സൗകര്യ വികസനം, തീരദേശ സമൂഹങ്ങളുടെ ഉപജീവന സംരക്ഷണം, സുസ്ഥിരമായ വികസനം, ഇന്റഗ്രേറ്റഡ് കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാനിന്റെ ശേഷി വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.

വേമ്പനാട്ട് കായലിനായുള്ള പ്രത്യേക സമഗ്ര പദ്ധതിയിൽ സുസ്ഥിര വിനോദ സഞ്ചാര പ്രവർത്തനങ്ങൾ , കാർഷിക പ്രവർത്തനങ്ങൾ, തനത് പരിസ്ഥിതി സംരക്ഷണ പദ്ധതികൾ, സാമുദ്രിക പദ്ധതികളും കായൽ പദ്ധതികളും നിലനിർത്തുന്ന ജല സംയോജനം സാധ്യമാക്കൽ, പാരിസ്ഥിതിക ഘടകങ്ങളിലുണ്ടാവുന്ന വ്യതിയാനങ്ങൾ നിരീക്ഷിച്ച്‌ വിലയിരുത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നതാണ്.

സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ മുഖാന്തിരം പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ആദ്യ വർഷത്തെ പ്രവർത്തനങ്ങൾക്കായി 140.75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം സമഗ്രമായ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനായി തണ്ണീർത്തട അതോററ്റിക്ക് വേണ്ടി വെസ്റ്റ്ലാന്റ് ഇന്റർനാഷണൽ സൗത്ത് ഏഷ്യയുടെ പ്രൊപ്പോസൽ സമർപ്പിച്ചത് സർക്കാരിന്റെ പരിഗണനയിലുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News