കൊവിഡ് അനാഥരാക്കിയത് 1742 കുട്ടികളെയെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍

രാജ്യത്ത് കൊവിഡ് കാരണം അനാഥരായത് 1742 കുട്ടികളെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തില്‍ 49 കുട്ടികളാണ് അനാഥരായത്. അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് നോഡല്‍ ഓഫീസറെ നിയമിക്കാന്‍ കേരളമുള്‍പ്പെടെ പത്ത് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

മഹാമാരിക്കാലത്തെ കുട്ടികളുടെ സംരക്ഷണത്തെ കുറിച്ചുള്ള കേസിലാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ സുപ്രീംകോടതിയില്‍ ഈ കണക്ക് സമര്‍പ്പിച്ചത്. 1742 കുട്ടികള്‍ക്ക് അച്ഛനമ്മമാരെ നഷ്ടമായി. 7464 കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ടു. കൊവിഡ് കാലത്ത് ബന്ധുക്കള്‍ ഉപേക്ഷിച്ചത് 140 കുട്ടികളെയാണ്. സംരക്ഷണം ആവശ്യമായവരില്‍ 4486 പെണ്‍കുട്ടികളും 4860 ആണ്‍കുട്ടികളുമാണുള്ളത്. കേരളത്തിലെ 49 കുട്ടികള്‍ കൊവിഡില്‍ അനാഥരായി എന്ന കണക്കാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നല്‍കിയത്. 8 കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടു. 895 കുട്ടികള്‍ക്ക് അച്ഛനമ്മമാരില്‍ ഒരാളെ നഷ്ടമായി. കേരളത്തില്‍ സംരക്ഷണം ആവശ്യമുള്ള കുട്ടികളുടെ എണ്ണം ആകെ 952 ആണ്.

കണക്കുകള്‍ പരിശോധിച്ച കോടതി സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടു. കേസില്‍ അമിക്കസ് ക്യൂറിയായ ഗൗരവ് അഗര്‍വാളിന് വിവരങ്ങള്‍ കൈമാറുന്നതിനായി നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് സുപ്രീം കോടതി പത്ത് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേരളം, തമിഴ്‌നാട്, തെലുങ്കാന, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. മറ്റ് സംസ്ഥാനങ്ങള്‍ക്കും വൈകാതെ ഈ നിര്‍ദേശം നല്‍കുമെന്ന് കോടതി അറിയിച്ചു. മഹാമാരിക്കാലത്ത് അനാഥരായ കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് കേരളം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News