കൊവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാന്‍ ഘട്ടംഘട്ടമായി മാത്രമേ ലോക്ക് ഡൗണ്‍ പിന്‍വലിക്കാവൂ- ഡോ. ബല്‍റാം ഭാര്‍ഗവ

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗത്തിനുള്ള സാധ്യതകൾ തടയുന്നതിന് മാർഗനിർദേശങ്ങളുമായി ഐസിഎംആർ മേധാവി .കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെത്തുടർന്ന് വിവിധ സംസ്ഥാനങ്ങൾ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ഐസിഎംആർ മേധാവിനൽകുന്നത്.

സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി മാത്രമേ പിൻവലിക്കാവൂ എന്ന് ഡോ. ബൽറാം ഭാർഗവ വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് സാഹചര്യത്തെക്കുറിച്ച്‌ കേന്ദ്രസർക്കാർ നടത്തിയ അവലോകനയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്ക് ഡൗൺ പെട്ടെന്ന് പിൻവലിക്കരുത്. ഇളവുകൾ ഘട്ടം ഘട്ടമായി മാത്രമാവണം നൽകേണ്ടത്. കുറഞ്ഞ പോസിറ്റീവിറ്റി നിരക്ക്, മതിയായ വാക്‌സിനേഷൻ, കൊവിഡിന് അനുയോജ്യമായ പെരുമാറ്റം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി മാത്രമേ ലോക്ക് ഡൗൺ ഇളവുകൾ അനുവദിക്കാവൂ.

പ്രതിവാര പോസിറ്റീവിറ്റി നിരക്ക് അഞ്ചുശതമാനത്തിൽ താഴെയാവുക, ദുർബല വിഭാഗങ്ങൾക്ക് കുറഞ്ഞത് 70 ശതമാനം പ്രതിരോധ കുത്തിവയ്പ്പ് (പ്രായമായവരും 45 വയസ്സിന് മുകളിലുള്ള രോഗികളും), കൊവിഡിന് ഉചിതമായ പെരുമാറ്റത്തിൽ സമൂഹത്തിന്റെ ഉറപ്പ് തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കണം. ജില്ലാതലത്തിൽ കൊവിഡ് പരിശോധന വർധിപ്പിച്ചതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ഇതിന് സുസ്ഥിര പരിഹാരമല്ല.

ലോക്ക് ഡൗൺ വളരെ സാവധാനത്തിലായിരിക്കണം ലഘൂകരിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. ഭാർഗവയുടെ നിർദേശങ്ങൾ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക മാർഗനിർദേശങ്ങളിൽ ഇതുവരെ ഉൾപ്പെട്ടിട്ടില്ല. സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന സാഹചര്യത്തിൽ ഈ നിർദേശങ്ങൾ പ്രസക്തമാവുകയാണ്.

കഴിഞ്ഞയാഴ്ച ദില്ലിയിൽ ലോക്ക് ഡൗൺ ജൂൺ 7 വരെ നീട്ടിയിരുന്നെങ്കിലും നിർമാണ, ഉത്പാദന ബിസിനസുകൾക്ക് വ്യവസ്ഥകളോടെ പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി നൽകിയിരുന്നു. നഗരത്തിലെ പോസിറ്റീവിറ്റി നിരക്ക് രണ്ട് ശതമാനത്തിൽ താഴെയാണ്.

തിങ്കളാഴ്ച മുതൽ ഉത്തർപ്രദേശിൽ 600 ൽ താഴെ കേസുകളുള്ള ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ദേശീയ തലത്തിൽ പോസിറ്റീവിറ്റി നിരക്ക് 8.3 ശതമാനമാണ്. ഏപ്രിൽ 27 മുതൽ മെയ് 3 വരെയുള്ള കാലയളവിൽ 21.39 ശതമാനമായിരുന്നു ഇത്. മെയ് 31 ന് അവസാനിച്ച ആഴ്ചയിൽ 344 ജില്ലകളിൽ അഞ്ചുശതമാനത്തിൽ താഴെ പോസിറ്റീവിറ്റി നിരക്ക് റിപ്പോർട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here