സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള വ്യക്തി അല്ല ഞാന്‍; വ്യാജ വീഡിയോയ്‌ക്കെതിരെ പരാതിയുമായി നടി രമ്യാ സുരേഷ്

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയ്ക്ക് എതിരെ പരാതിയുമായി നടി രമ്യാ സുരേഷ് രംഗത്ത്. സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയാറുള്ള വ്യക്തി അല്ല ഞാനെന്നും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലും ഫോട്ടോയിലുമുള്ളത് താനല്ലെന്നും രമ്യ പറയുന്നു.

ഇത്തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് താന്‍ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും ആലപ്പുഴ എസ് പി ഓഫീസില്‍ ചെന്ന് താന്‍ പരാതി കൊടുത്തിട്ടുമ്‌ടെന്നും രമ്യ വ്യക്തമാക്കി.

രമ്യയുടെ വാക്കുകള്‍ ഇങ്ങനെ:

എന്നെ പരിചയമുള്ള ഒരാള്‍ ആണ് ഈ വീഡിയെ കുറിച്ച് അറിയിച്ചത്. ഫോട്ടോയും വീഡിയോയും എന്റെ ഫോണിലേക്ക് അയച്ചുതരികയായിരുന്നു. ഫേസ്ബുക്കിലുള്ള എന്റെ രണ്ട് ഫോട്ടോയും വേറൊരു വീഡിയോയുമായിരുന്നു അതില്‍ ഉണ്ടായിരുന്നു. ഫോട്ടോയിലെ ആള്‍ എന്നെപ്പോലെ തന്നെയായിരുന്നു. വീഡിയോയിലെ സ്ത്രീയും അതുപോലെ തന്നെ. ഉടന്‍തന്നെ നാട്ടിലെ പൊലീസ് സ്റ്റേഷനില്‍ ഇക്കാര്യം അറിയിച്ചെന്നും രമ്യാ സുരേഷ് പറഞ്ഞു.

അവര്‍ പറഞ്ഞത് അനുസരിച്ച് ആലപ്പുഴ എസ് പി ഓഫീസില്‍ ചെന്ന് പരാതി കൊടുത്തു. വിഡിയോ വന്ന ഗ്രൂപ്പിന്റെയും ഗ്രൂപ്പ് അഡ്മിന്റെയും അത് പങ്കുവച്ച ആളുടെയും വിവരങ്ങള്‍ എടുത്തു. വേണ്ട നടപടികള്‍ ഉടനടി ചെയ്യുമെന്നും അവര്‍ അറിയിച്ചു. നമുക്ക് ധൈര്യവും സമാധാനവും നല്‍കുന്ന വാക്കുകളാണ് സൈബര്‍സെല്ലിലെ ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞത്.

പക്ഷേ, ഈ വീഡിയോ എത്രത്തോളം പേര്‍ കണ്ടുവെന്നോ പ്രചരിച്ചെന്നോ അറിയില്ല. നമുക്ക് എത്രപേരോട് ഇത് ഞാനല്ല എന്ന് പറയാന്‍ പറ്റും. ഈ വിഡിയോ പ്രചരിക്കുന്നവര്‍ ഇത് സത്യമാണോ എന്നുപോലും നോക്കാതെയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലെ യഥാര്‍ഥ വ്യക്തിക്ക് ഇതുമൂലം എന്തുമാത്രം വിഷമം ഉണ്ടാകും. അവര്‍ക്കും ഇല്ലെ കുടുംബം.

നമ്മുടേതല്ലാത്തൊരു വീഡിയോ സാമ്യം തോന്നിയതിന്റെ പേരില്‍ ഫോട്ടോസ് വച്ച് പ്രചരിക്കുന്നത് എന്ത് മനോവിഷമം ഉണ്ടാക്കുന്നതാണ്. സത്യത്തില്‍ ഞാനിപ്പോള്‍ തകര്‍ന്ന് തരിപ്പണം ആകേണ്ടതാണ്. ആ വിഡിയോ എന്റേതല്ലെന്ന പൂര്‍ണബോധ്യവും എന്തിന് പേടിക്കണം എന്ന വിശ്വാസവും ഉള്ളതുകൊണ്ടാണ് ഇങ്ങനെ നില്‍ക്കുന്നത്. അല്ലെങ്കില്‍ ഒരു ചെറിയ കാര്യത്തില്‍ വിഷമം വരുന്ന ആളാണ് ഞാന്‍.

സിനിമയില്‍ വരുന്നതിനു മുമ്പ് പാട്ടുപാടുന്ന എന്റെ വീഡിയോ വൈറലായപ്പോള്‍ തകര്‍ന്നുപോയിട്ടുണ്ട്. അന്നൊക്കെ എന്നെ പിന്തുണച്ച് ധൈര്യം തന്ന ഒരുപാട് പേരുണ്ട്. എന്റെ ഭര്‍ത്താവ് ഗള്‍ഫിലാണ്. അദ്ദേഹം എന്നെ എപ്പോഴും ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയാറുള്ള വ്യക്തി അല്ല ഞാന്‍.

അത് ആദ്യം മനസിലാക്കണം. എനിക്ക് മെസേജ് അയയ്ക്കും എന്നെ വേണ്ടാത്ത രീതിയിലും കാണുന്നവര്‍ അത് മാറ്റിവയ്ക്കണം. അതെന്റെ എളിയ അപേക്ഷയാണ്. എല്ലാവരെയും ഒരേകണ്ണിലൂടെ കാണാന്‍ ശ്രമിക്കരുത്. സിനിമയെ പ്രൊഫഷനായി കാണുകയും, അന്തസായി ജോലി ചെയ്യുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട് ഉണ്ടെന്നും രമ്യാ സുരേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News