“ജനങ്ങള്‍ ജീവവായുവിനായി അലയുമ്പോള്‍ നരേന്ദ്രമോദി കൊട്ടാരം പണിയുന്ന തിരക്കില്‍”: എം.എ ബേബി

കൊവി‍‍ഡ് പ്രതിസന്ധിക്കിടയിലും സെൻട്രൽ വിസ്ത പദ്ധതിക്ക് മു‍ൻ​ഗണന നൽകുന്ന കേന്ദ്ര സർക്കാരിനെ വിമർശിച്ച്‌ സി.പി. ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പ്രതിസന്ധി ഘട്ടത്തിൽ നടക്കുന്ന സെൻട്രൽ വിസ്ത നിർമാണം നിർത്തി വെക്കണമെന്ന പൊതുതാൽപര്യ ഹർജി നൽകിയവർക്ക് കോടതി ഒരു ലക്ഷം രൂപ പിഴയിട്ടത് നിരാശാജനകമാണെന്നും എം.എ ബേബി ഫേസ്ബുക്കിൽ കുറിച്ചു.

തലസ്ഥാന ന​ഗരിയിൽ ജനങ്ങൾ ജീവവായു ലഭിക്കാതെ പണിപ്പെടുമ്പോൾ, പ്രധാനമന്ത്രി പുതിയ പാർലമെന്റും തനിക്ക് പുതിയ കൊട്ടാരവും പണിയുന്ന തിരക്കിലാണെന്ന് എം.എ ബേബി കുറ്റപ്പെടുത്തി. ദില്ലിയുടെ പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്ന കെട്ടിടങ്ങൾ തകർത്തുകൊണ്ടാണ് സെൻട്രൽ വിസ്ത പദ്ധതി പുരോ​ഗമിക്കുന്നത്.

ഹിറ്റ്ലറുടെ കാലത്ത് നടന്ന നിർമാണ പ്രവൃത്തിക്ക് സമാനമാണ് ഇപ്പോൾ ദില്ലിയിൽ നടക്കുന്നത്. ​ഗുരുതര ഘട്ടത്തിൽ പുതിയ പാർലമെന്റ് നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിയ കോടതി അവർക്ക് പിഴയിട്ടത് ​നീതി ന്യായവ്യവസ്ഥയുടെ പാരമ്പര്യത്തിന് വിരുദ്ധമാണ്. ഭാവിയിൽ പൊതുതാൽപര്യങ്ങളുമായി കോടതിയിലെത്തുന്ന ജനങ്ങളെ തടയുന്നതാണ് കോടതിയുടെ നടപടി.

കേരള നിയമസഭയുടെ പോലും സൗകര്യമോ വിശാലതയോ ഇല്ലാത്തതാണ് ബ്രിട്ടന്റെ പാർലമെന്റ്. എം.പിമാർ എല്ലാവരും വന്നാൽ ഒരുമിച്ച്‌ ഇരിക്കാൻ അവിടെ സൗകര്യമുണ്ടാകില്ല. എന്നാൽ അവരുടെ ജനാധിപത്യത്തിന്റെ മഹത്തായ പാരമ്പര്യം ഒർമിപ്പിക്കാൻ മറ്റൊരു പാർലമെന്റിലേക്ക് അവർ മാറിയില്ല. ഫാസിസം എമണ്ടൻ കെട്ടിടങ്ങളിലൂടെ തങ്ങളുടെ മേധാവിത്വം സ്ഥായിയാക്കാൻ ശ്രമിക്കുമ്പോൾ ജനാധിപത്യം , വാസ്തുശില്പപാരമ്പര്യത്തെ സംരക്ഷിക്കാൻ ശ്രമിക്കുമെന്നും എം.എ ബേബി പറഞ്ഞു.

ദില്ലിയിൽ കൊവിഡ് രോ​ഗികൾ പ്രാണവായുവില്ലാതെ പിടഞ്ഞ് മരിക്കുമ്പോൾ, പുതിയ സെക്രട്ടേറിയറ്റും കൊട്ടാരവും പണിയാനുള്ള തത്രപ്പാടിലാണ് മോദിയെന്നും, വാക്സിൻ കിട്ടാതെ ജനങ്ങൾ വലയുമ്പോൾ ഇരുപതിനായിരം കോടിയാണ് ഈ കെട്ടിടങ്ങൾക്ക് വേണ്ടി സർക്കാർ ചെലവഴിക്കുന്നതെന്നും എം.എ ബേബി കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News