വാക്സിൻ വിൽപ്പന: കേന്ദ്ര സർക്കാർ കരിഞ്ചന്തക്ക് കൂട്ടുനില്ക്കുകയാണന്ന് കേരളം ഹൈക്കോടതിയിൽ

വാക്സിൻ വിൽപ്പനയിൽ കേന്ദ്ര സർക്കാർ കരിഞ്ചന്തക്ക് കൂട്ടുനില്ക്കുകയാണെന്ന് കേരളം ഹൈക്കോടതിയിൽ.കേന്ദ്രനയം മൂലം വിപണിയിൽ വ്യത്യസ്ത വില ആണെന്നും ന്യായ വിലക്ക് കൊടുക്കാൻ കേന്ദ്രം തയാറാവുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.

എന്തുകൊണ്ട് സംസ്ഥാനത്തിന് കിട്ടാതെ സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ ലഭിക്കുന്നുവെന്ന് ഹൈക്കോടതി ചോദിച്ചു. വില നൽകിയാൽ സംസ്ഥാനത്തിന് മുൻ​ഗണന നൽകാൻ കഴിയുമോ എന്ന് വ്യക്തമാക്കാൻ ജസ്റ്റീസുമാരായ മുഹമ്മദ് മുഷ്താക്, കൗസർ ഇടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.

ചൊവ്വാഴ്ചക്കകം വിശദീകരണം നൽകണം. വില നൽകാൻ തയ്യാറായിട്ടും അമ്പത് ശതമാനം ഓപ്പൺ മാർക്കറ്റിൽ ലഭ്യമാക്കുന്ന വാക്സിൻ ലഭിക്കുന്നില്ലെന്ന് സംസ്ഥാന മെഡിക്കൽ കോർപ്പറേഷനും വിശദീകരിച്ചു. ഉൽപ്പാദനത്തിലുള്ള ദൗർലഭ്യമാണ് വിതരണത്തിൽ പ്രതിഫലിക്കുന്നതെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചെങ്കിലും കേരളത്തിൽ ചില സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ ലഭിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ചില സ്വകാര്യ സ്ഥാപനങ്ങൾ വാക്സിനും താമസവും അടക്കമുള്ള പാക്കേജുകൾ പരസ്യം ചെയ്യുന്നതായും കോടതി പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം ചോദ്യം ചെയ്ത പൊതുതാല്പ്പര്യ ഹർജികളാണ് കോടതി പരിഗണിച്ചത്.കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം മൂലം പൊതുജനം നട്ടം തിരിയുകയാണെന്നും അടിയന്തിര കോടതി ഇടപെടൽ ആവശ്യമാണന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ വാക്സിൻ വില സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിനാൽ ഹൈക്കോടതി ഇടപെടരുതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട കേസുകൾ ഹൈക്കോടതികളാണ് പരിഗണിക്കുന്നതെന്ന് ഹർജിക്കാർ വാദിച്ചു.സർക്കാരിന് കിട്ടാത്ത വാക്സിൻ എങ്ങനെയാണ് സ്വകാര്യ ആശുപത്രികൾക്ക് കിട്ടുന്നതെന്ന് കോടതി ആരാഞ്ഞു.സ്വകാര്യ ആശുപത്രികൾക്ക് കൊടുക്കുന്ന വില നൽകാൻ കേരളം തയ്യാറാണോ എന്ന കോടതിയുടെ ചോദ്യത്തിന്
സാധ്യമല്ലെന്ന് സർക്കാർ മറുപടി നല്കി.

ജനങ്ങളുടെ പണം ഉപയോഗിച്ചാണ് പരീക്ഷണങ്ങൾ നടത്തിയതും രാജ്യത്ത് രണ്ട് കമ്പനികളും വാക്സിൻ വികസിപ്പിച്ചതെന്ന് ഹർജി ഭാഗം ബോധിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ പൊതുമേഖലാ സ്ഥാപനത്തിന് വാക്സിൻ നിർമ്മാണത്തിന് അനുമതി നല്കിയതുപോലെ കേരളത്തിലും ഇക്കാര്യം സാദ്ധ്യമാക്കണമെന്നും ആവശ്യം ഉയർന്നു.വാക്സിൻ നിർമ്മാണം സംബന്ധിച്ച ആലോചനകൾ പുരോഗമിക്കുകയാണന്ന് സർക്കാർ കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News