പാഠപുസ്തക വിതരണം അവസാന ഘട്ടത്തിൽ: ലോക്ഡൗൺ കാലത്തും പാഠപുസ്തക വിതരണത്തിൽ വിട്ടുവീഴ്ചയില്ലാതെ സർക്കാർ

കൊവിഡ് മഹാമാരി മൂലം ആഴ്ചകൾ നീണ്ട ലോക്ഡൗൺ ഉണ്ടായിട്ടും 86.30 ശതമാനം പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിൽ എത്തിച്ച് വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ സൊസൈറ്റികളിൽ നിന്ന് 65 ശതമാനം പാഠപുസ്തകം കുട്ടികൾ കൈപ്പറ്റുകയും ചെയ്തു.

പാഠപുസ്തക വിതരണം അവശ്യ സർവീസുകളുടെ ഭാഗമാക്കിയതിനാൽ കൊവിഡ് പശ്ചാത്തലത്തിലും വിതരണം ചെയ്യാനും കുട്ടികളുടെ കൈയ്യിൽ എത്തിക്കാനും സാധിച്ചു.ജൂൺ പതിനഞ്ചോടെ ആദ്യവാല്യം പാഠപുസ്തക വിതരണം പൂർത്തിയാക്കാനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ.

2021- 22 അധ്യയനവർഷം സംസ്ഥാനത്തെ സർക്കാർ,എയ്ഡഡ്,അംഗീകൃത അൺ-എയ്ഡഡ് സ്കൂളുകളിലെയും മാഹി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ സ്കൂളുകളിലെയും ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി ഇതിനകം തന്നെ പൂർത്തീകരിച്ചിട്ടുണ്ട്.വിതരണം അവസാനഘട്ടത്തിൽ ആണ് ഉള്ളത്. സിബിഎസ്ഇ മലയാള ഭാഷാ പുസ്തകത്തിന്റെയും അച്ചടി പൂർത്തിയാക്കി.

ഒന്നാം വാല്യത്തിൽ 288 ടൈറ്റിലുകളിലായി 2,62,56,233 പാഠപുസ്തകങ്ങൾ ആണുള്ളത്. ഒന്നാം വാല്യത്തിന്റെ അച്ചടി പൂർത്തിയായിക്കഴിഞ്ഞു. ആകെ പാഠപുസ്തകങ്ങളിൽ 98.5 ശതമാനവും ഹബ്ബുകൾ എത്തിച്ചിട്ടുണ്ട്. ഇവയിൽ 86.30 ശതമാനം പുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് വിതരണം ചെയ്തുകഴിഞ്ഞു. സ്കൂൾ സൊസൈറ്റികളിൽ നിന്ന് കുട്ടികൾ കൈപ്പറ്റിയ പാഠപുസ്തകങ്ങൾ ഏകദേശം 65 ശതമാനമാണ്.

രണ്ടാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി ആരംഭിച്ചുകഴിഞ്ഞു. 183 ടൈറ്റിലുകളിലായി 1,71,00,334 പുസ്തകങ്ങൾ ആണ് രണ്ടാം വാല്യത്തിൽ അച്ചടിക്കേണ്ടത്. മൂന്നാം വാല്യത്തിൽ അച്ചടിക്കേണ്ടത് 66 ടൈറ്റിലുകളിലായി 19,34,499 പുസ്തകങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here