ഇടതുപക്ഷ എംപിമാർ ലക്ഷദ്വീപ് സന്ദർശിക്കും: എളമരം കരീം എംപി

കേളത്തിൽ നിന്നുള്ള ഇടതുപക്ഷ എംപിമാരായ എളമരം കരീം, ബിനോയ്‌ വിശ്വം, തോമസ് ചാഴിക്കാടൻ, എം. വി. ശ്രേയാംസ് കുമാർ, ഡോ. വി. ശിവദാസൻ, കെ. സോമപ്രസാദ്, എ. എം. ആരിഫ്, ജോൺ ബ്രിട്ടാസ് എന്നിവർ ലക്ഷദ്വീപ് സന്ദർശിക്കുമെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അറിയിച്ചു.

ദ്വീപിലെ നിലവിലെ സാഹചര്യം വിലയിരുത്താനും പുതിയ അഡ്മിനിസ്ട്രേറ്റർക്ക് കീഴിൽ നടപ്പിലാക്കിയിട്ടുള്ള പരിഷ്കാരങ്ങളും നയങ്ങളും ദ്വീപ് നിവാസികളെ ഏത് രീതിയിലാണ് ബാധിച്ചിരിക്കുന്നത് എന്ന് നേരിട്ട് കണ്ട് മനസിലാക്കി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. യാത്രാനുമതി നൽകണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും കവരത്തി അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനും എംപിമാർ കത്ത് നൽകി.

ഇതിന് മുൻപും എംപിമാരുടെ പ്രതിനിധിസംഘം ദ്വീപ് സന്ദർശിക്കാൻ അപേക്ഷ നൽകിയിരുന്നെങ്കിലും കോവിഡ് സാഹചര്യം പരിഗണിച്ച് ഉടനെ അനുമതി തരാൻ സാധിക്കില്ലെന്നും യാത്ര മാറ്റിവെക്കണം എന്നും ദ്വീപ് ഭരണകൂടം അറിയിച്ചിരുന്നു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഈ നിലപാട് ദൗർഭാഗ്യകരവും പാർലമെന്റ് അംഗങ്ങൾക്കുള്ള അവകാശങ്ങളുടെ ലംഘനവുമാണ്.

എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് ദ്വീപിൽ ഔദ്യോഗിക സന്ദർശനം നടത്താൻ എംപിമാരെ അനുവദിക്കണം. ദ്വീപിലെ ജനപ്രതിനിധികളും മറ്റും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവരെ നേരിട്ട് കാണാനും കാര്യങ്ങൾ മനസിലാക്കാനുമാണ് സന്ദർശനം. അല്ലാതെ വിനോദ സഞ്ചാരികളെപ്പോലെ ദ്വീപിൽ അങ്ങോളമിങ്ങോളം യാത്രചെയ്യാനല്ല.

മാത്രമല്ല, ഈ എംപിമാർ എട്ടുപേരും കൊവിഡ് വാക്‌സിൻ എടുത്തവരാണ്. എല്ലാവരും ദ്വീപിൽ എത്തുന്നതിനു മുൻപ് RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ തയ്യാറുമാണ്. ഈ സാഹചര്യത്തിൽ ജൂൺ 5ന് മുൻപായി ഇടത് എംപിമാർക്ക് ലക്ഷദ്വീപ് സന്ദർശിക്കാൻ ദ്വീപ് ഭരണകൂടം അനുമതി നൽകണം. അനുമതി നൽകാത്തപക്ഷം ശക്തമായ സമരപരിപാടികളോടൊപ്പം നിയമ നടപടികളും സ്വീകരിക്കാൻ ആലോചിക്കുന്നതായും ഇടത് എംപിമാർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News