കെഎസ്ആർടിസി സിറ്റി സർക്കുലർ ഉടൻ ആരംഭിക്കും: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം ന​ഗരത്തിലെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ , ആശുപത്രികൾ എന്നിവ ബന്ധിപ്പിച്ച് കൊണ്ട് കെഎസ്ആർടിസി സിറ്റി സർക്കുലർ സർവ്വീസുകൾ ആരംഭിക്കുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഈ സർക്കുലർ സർവ്വീസുകൾ എല്ലാം തന്നെ ഒരു പ്രത്യേക നിറത്തിൽ ഉള്ളവയായിരിക്കും. കൂടാതെ ഓരോ റൂട്ടും ഓരോ കളറിലാകും അറിയപ്പെടുക.

നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളായ കിഴക്കേക്കോട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ എത്താതെ തന്നെ നഗരത്തിനുള്ളിലും പ്രാന്തപ്രദേശങ്ങളിലും കുറഞ്ഞ ചെലവിൽ സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിലാണ് സർവ്വീസുകൾ വിഭാവനം ചെയ്തിരിക്കുന്നത്.

ബ്ലൂ, റെഡ്, ഓറഞ്ച്, പർപ്പിൾ എന്നീ നിറങ്ങളാകും ഓരോ റൂട്ടുകൾക്ക് നൽകുക. കൃത്യമായ ഇടവേളകളിൽ ജനങ്ങൾക്ക് ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്ന രീതിയിലാണ് ഇവ ക്രമീകരിച്ചിരിക്കുക. ആദ്യഘട്ടത്തിൽ ഏഴ് സർകുലർ റൂട്ടുകളിലാണ് സർവ്വീസ് ആരംഭിക്കുക.

തുടർന്ന് 15 റൂട്ടുകളിൽ സർവ്വീസ് നടത്തും. യാത്രക്കാർക്ക് ആയാസ രഹിതമായി കയറുന്നതിനും, ഇറങ്ങുന്നതിനും വീതികൂടിയ വാതിലുകളോട് കൂടിയതും, രണ്ട് ചവിട്ടുപടികൾ ഉള്ളതുമായ ലോ ഫ്ളോർ ബസുകളാണ് ഇതിനായി ഉപയോ​ഗിക്കുക. ഉദ്ദേശം 200 ബസുകളാണ് ഇതിന് വേണ്ടി ആവശ്യം വരുക. മെച്ചപ്പെട്ട യാത്രഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ഈ ബസുകളിൽ സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി കൂടുതൽ യാത്രാക്കാർക്ക് നിന്ന് യാത്രചെയ്യുന്ന തരത്തിലാണ് ബസുകൾ രൂപ കൽപ്പന ചെയ്യുന്നത്. ഇതിന്റെ നിർമ്മാണ പുരോ​ഗതി സെൻട്രൽ വർക്ക് ഷോപ്പിൽ നേരിട്ടെത്തി ​ഗതാ​ഗതമന്ത്രി വിലയിരുത്തി.

കൂടാതെ സിറ്റി സർക്കുലർ സർവ്വീസുകളിൽ യാത്രാക്കാർക്ക് ഒരു നിശ്ചിത തുകയ്ക്ക് ഏകദിന യാത്രപാസ് ഏർപ്പെടുത്തുന്നതും പരി​ഗണനയിൽ ആണെന്നും മന്ത്രി അറിയിച്ചു. ഈ യാത്രാ പാസ് ഉപയോ​ഗിച്ച് ഒരു ദിവസം തന്നെ എല്ലാ സർകുലർ റൂട്ടുകളിലും യാത്രചെയ്യാനാകുമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here