യൂറോ കപ്പ് ഫുട്ബോൾ ടൂർണമെൻറിന് ഇനി 9 നാൾ

യൂറോ കപ്പ് ഫുട്ബോൾ ടൂർണമെൻറിന് ഇനി 9 നാൾ. ഈ മാസം 11 ന് തുർക്കി – ഇറ്റലി മത്സരത്തോടെ ടൂർണമെൻറിന് കിക്കോഫാകും. പോർച്ചുഗലാണ് നിലവിലെ യൂറോ ചാമ്പ്യൻസ്. തലമുറകളായി മലയാളി കാൽപന്ത് കളി പ്രേമികളുടെ കാലവർഷ രാത്രികളെ ചൂടുപിടിപ്പിച്ച യൂറോ കപ്പിന് പന്തുരുളാൻ നാളുകൾ മാത്രം.

11 രാജ്യങ്ങളിലെ 11 നഗരങ്ങളിലായാണ് ഇക്കുറി ടൂർണമെന്റ് അരങ്ങേറുക. ഇതാദ്യമായി വീഡിയോ അസിസ്റ്റൻറ് റഫറി സംവിധാനം ഉപയോഗിക്കുന്ന ടൂർണമെന്റ് എന്ന സവിശേഷത കൂടി ഈ യൂറോ കപ്പിനുണ്ട്. ആറ് ഗ്രൂപ്പുകളിലായി ആകെ 24 ടീമുകളാണ് കിരീടത്തിനായി മത്സരിക്കുന്നത്.

നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ ഉൾപ്പെട്ട എഫ് ഗ്രൂപ്പാണ് മരണ ഗ്രൂപ്പ്.മുൻ ലോക ചാമ്പ്യന്മാരായ ഫ്രാൻസും ജർമനിയും ഈ ഗ്രൂപ്പിലാണ്. എഫ് ഗ്രൂപ്പിലെ ഓരോ മത്സരത്തിനും വീറും വാശിയും ഏറും.ഫ്രാൻസ് – ജർമനി സൂപ്പർ പോരാട്ടം ജൂൺ 15നാണ്. 23 ന് പോർച്ചുഗൽ ഫ്രാൻസിനെ നേരിടും.ഇംഗ്ലണ്ടും ക്രയേഷ്യയും ചെക്ക് റിപ്പബ്ലിക്കും ഉൾപ്പെട്ട ഗ്രൂപ്പ് ഡിയിലും മത്സരം കടുകട്ടിയാണ്.

ഇംഗ്ലണ്ട്- ക്രയേഷ്യ മത്സരം ജൂൺ 13ന് നടക്കും.ജൂൺ 18നാണ് ക്രൊയേഷ്യ – ചെക്ക് റിപ്പബ്ലിക്ക് പോരാട്ടം. ജൂൺ 22 ന് ഇംഗ്ലണ്ട് ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. ടൂർണമെൻറിൽ സ്പെയിൻ ഇ ഗ്രൂപ്പിലും ഹോളണ്ട് സി ഗ്രൂപ്പിലുമാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ,കിലിയൻ എംബാപ്പെ,റോബർട്ട് ലെവാൻഡോവ്സ്കി, കെവിൻ ഡി ബ്രൂയിൻ, ഹാരി കെയ്ൻ, ബ്രൂണോ ഫെർണാണ്ടസ്, ഈഡൻ ഹസാർഡ്, അന്റോയ്ൻ ഗ്രീസ്മാൻ തുടങ്ങി മിന്നും താരങ്ങളുടെ ഒരു പട തന്നെ യൂറോ കപ്പിനെത്തും. ഈ മാസം 11 ന് രാത്രി 12.30ന് എ ഗ്രൂപ്പിൽ തുർക്കി ഇറ്റലിയെ നേരിടുന്നതോടെ ടൂർണമെൻറിന് തുടക്കമാകും.

നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളിൽ നിന്നും ഗ്രൂപ്പ് ജേതാക്കളും റണ്ണറപ്പും നോക്കൗട്ട് റൗണ്ടിലെത്തും.ഇതിന് പുറമെ മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടും. സെമിയും ഫൈനലും ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തിലാണ്. ജൂലൈ 12 നാണ് യൂറോ കപ്പ് ചാമ്പ്യന്മാരുടെ പട്ടാഭിഷേകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here