ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസ്; പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസിലെ പ്രധാന പ്രതി രവി പൂജാരിയെ രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു. ബംഗലുരു പരപ്പന അഗ്രഹാര ജയിലിലായിരുന്ന രവി പൂജാരിയെ അല്പം മുമ്പാണ് നെടുമ്പാശ്ശേരിയിലെത്തിച്ചത്. ഈ മാസം 8 വരെ രവി പൂജാരിയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടിരുന്നു. ബ്യൂട്ടി പാര്‍ലര്‍ വെടിവപ്പു കേസുമായി ബന്ധപ്പെട്ടാണ് കൊച്ചിയിലെത്തിച്ചത്

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനാണ് രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. കേസില്‍ മൂന്നാം പ്രതിയാണ് രവി പൂജാരി. ജൂണ്‍ എട്ട് വരെയാണ് കോടതി അനുവദിച്ചിരിക്കുന്ന കസ്റ്റഡി കാലാവധി. തുടര്‍ന്ന് രവി പൂജാരിയെ തിരികെ ബെംഗളൂരുവിലെത്തിച്ച് കോടതിയില്‍ ഹാജരാക്കണം.

കേസില്‍ മൂന്നാം പ്രതിയായ രവി പൂജാരി വര്‍ഷങ്ങളായി ഒളിവിലായിരുന്നു. അധോലോക കുറ്റവാളിയായി കണക്കാക്കുന്ന രവി പൂജാരിയെ രണ്ട് വര്‍ഷം മുന്‍പ് ഇന്റര്‍പോളിന്റെ സഹായത്തോടെ സെനഗലില്‍ നിന്നാണ് പിടികൂടിയത്.കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നടി ലീനാ മരിയാ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പദ്ധതിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

പല തവണ ഫോണില്‍ വിളിച്ചിരുന്ന രവി പൂജാരി 25 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്ന് ലീനാ മരിയാ പോളും മൊഴി നല്‍കിയിരുന്നു. 2018 ഡിസംബര്‍ 15നാണ് കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറിനു നേരെ ബൈക്കിലെത്തിയ 2 പേര്‍ വെടിവെച്ചത്. എറണാകുളം സ്വദേശികളായ വിപിന്‍ വര്‍ഗ്ഗീസ്, ബിലാല്‍ എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.

രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോഡ് സംഘമാണ് യുവാക്കള്‍ക്ക് വെടിവെപ്പിന് ക്വട്ടേഷന്‍ നല്‍കിയതെന്നും വ്യക്തമായിരുന്നു. രവി പൂജാരിയെ ക്രൈം ബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യുകയും കൊച്ചിയിലെ തെളിവെടുപ്പ് നടത്തുകയും ചെയ്യുന്നതോടെ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പുമായി ബന്ധപ്പെട്ട പ്രധാന ഘട്ടം പൂര്‍ത്തിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here