ബി ജെ പി കുഴല്‍പ്പണം; വയനാട്ടിലെ നേതാക്കള്‍ക്കെതിരെയും അന്വേഷണമുണ്ടാവും

കുഴൽപ്പണ ആരോപണത്തിൽ വയനാട്ടിലെ ബിജെപി നേതാക്കൾക്കെതിരെയും അന്വേഷണമുണ്ടാകുമെന്ന് സൂചന. വയനാട്‌, കോഴിക്കോട്‌ ജില്ലകളിൽ നൽകിയ ശേഷമുള്ള കുഴൽപ്പണമാണ്‌ തൃശൂർ കൊടകരയിൽ തട്ടിയെടുത്തതെന്ന നിഗമനത്തിലാണ്‌ അന്വേഷണ സംഘം.

ജില്ലയിൽ തെരെഞ്ഞെടുപ്പ്‌ ഫണ്ട്‌ കൈകാര്യം ചെയ്തവരെ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. അതേസമയം തെരഞ്ഞെടുപ്പ്‌ ഫണ്ടിനെച്ചൊല്ലി ബി ജെ പി ജില്ലാഘടകത്തിൽ ഭിന്നത രൂക്ഷമാണ്‌.

എൻഡിഎയിൽ ചേരാൻ സി കെ ജാനു ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനിൽനിന്ന്‌ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന ജനാധിപത്യ രാഷ്‌ട്രീയ പാർടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തലോടെയാണ്‌ ജില്ലയിലെത്തിയ കുഴൽപ്പണവും അന്വേഷണ പരിധിയിലേക്ക്‌ വരുന്നത്‌.

ജാനുവിന്‌ നൽകിയ തുക കുഴൽപ്പണമാണോയെന്ന്‌ അന്വേഷിക്കണമെന്നും പ്രസീത ആവശ്യപ്പെട്ടിട്ടുണ്ട്‌. മുന്നണിയിൽ ചേരാൻ 10 ലക്ഷം നൽകിയത്‌ കൂടാതെ എൻഡിഎ സ്ഥാനാർഥിയായി സി കെ ജാനു മത്സരിച്ച ബത്തേരി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ്‌ ചെലവിനായി ഒരുകോടി നേതാക്കൾ കൈപ്പറ്റിയെന്നാണ്‌ ജെആർപി ഭാരവാഹികളുടെ ആക്ഷേപം.

വയനാട്‌, കോഴിക്കോട്‌ ജില്ലകളിൽ നൽകിയ ശേഷമുള്ള കുഴൽപ്പണമാണ്‌ തൃശൂർ കൊടകരയിൽ തട്ടിയതെന്ന സംശയം നേരത്തെതന്നെ പൊലീസിനുണ്ട്‌. ഇപ്പോഴത്തെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ ജില്ല കേന്ദ്രീകരിച്ചുള്ള പൊലീസ്‌ അന്വേഷണം ഊർജിതമാകും. ശക്തമായ അന്വേഷണം നടത്തണമെന്ന്‌ സിപിഐ എം ആവശ്യപ്പെട്ടിട്ടുമുണ്ട്‌.

പണം വിനിയോഗിച്ച നേതാക്കൾക്കെതിരെ അന്വേഷണമുണ്ടാകും. ബത്തേരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ ചെലവിനെ ചൊല്ലി ബിജെപിയിൽ ഭിന്നത രൂക്ഷവുമാണ്‌. ഫണ്ട്‌ വിനിയോഗം ചില വ്യക്തികൾ സ്വകാര്യ താൽപ്പര്യങ്ങൾക്കായി വിനിയോഗിച്ചുവെന്നാണ്‌ ഒരു വിഭാഗം ആരോപിക്കുന്നത്‌.

ബത്തേരിയിൽ 77,25,000 രൂപ വരവും 79,46,598 രൂപ ചെലവുമാണ്‌ ബിജെപി പാർട്ടിക്കുള്ളിൽ അവതരിപ്പിച്ച കണക്കിൽ കാണിച്ചത്‌.പൊതുയോഗത്തിന്‌ 15.35 ലക്ഷം, വാഹനവാടക 26.55 ലക്ഷം, ബൂത്തുകളിലെ ചെലവ്‌ 11.75 ലക്ഷം, ഭക്ഷണവും വെള്ളവും 2.39 ലക്ഷം എന്നിങ്ങനെയാണ്‌ കണക്കുകൾ. ഇതെല്ലാം പർവതീകരിച്ച കണക്കുകളാണെന്നാണ്‌ ആക്ഷേപം.
കെ സുരേന്ദ്രനെ പ്രത്യക്ഷത്തിൽ പ്രതിരോധത്തിലാക്കിയ കുഴൽപ്പണക്കേസ്‌ ജില്ലാ നേതൃത്വത്തിലും ആഭ്യന്തര കലഹങ്ങൾക്ക്‌ ഇടയാക്കിയിരിക്കുകയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News