ഇസ്രയേലിൽ ഭരണമാറ്റം: നെതന്യാഹു പുറത്തേക്ക്; മന്ത്രിസഭ ഉണ്ടാക്കാൻ പ്രതിപക്ഷം

പ്രതിപക്ഷത്തെ എട്ടു കക്ഷികളുടെ സഖ്യം ഉണ്ടാക്കാൻ സാധിച്ചതോടെ ബെഞ്ചമിൻ നെതന്യാഹുവിന് പകരം ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായി നഫ്താലി ബെന്നറ്റ് സ്ഥാനമേൽക്കും. നെതന്യാഹുവിന്റെ 12 വർഷത്തെ ഭരണം അവസാനിപ്പിച്ച് ഇസ്രായേലിൽ ഐക്യസർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷം ധാരണയിലെത്തി. പ്രധാനമന്ത്രിപദം ഊഴം വെച്ച് വഹിക്കാനാണ് സഖ്യത്തിന്റെ തീരുമാനം.

പ്രധാനമന്ത്രി പദവി പങ്കിടുമ്പോൾ ആദ്യ ടേമിൽ നഫ്താലി ബെന്നറ്റും രണ്ടാം ടേമിൽ യെർ ലാപിഡും പ്രധാനമന്ത്രി പദം വഹിക്കും. വോട്ടു ചെയ്തവരും ചെയ്യാത്തവരും ഉൾപ്പെടെ എല്ലാ ഇസ്രായേലി പൗരൻമാർക്കും വേണ്ടിയായിരിക്കും ഈ സർക്കാർ പ്രവർത്തിക്കുക. ഇസ്രായേലി ജനതയെ ഐക്യത്തോടെ കൊണ്ടുപോവാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ലാപിഡ് ട്വീറ്റ് ചെയ്തു.

പുതിയ സർക്കാരിന്റെ കരാറിൽ ഒപ്പുവെച്ചിരിക്കുന്നത് ലാപിഡ്, നഫ്താലി ബെന്നറ്റ്, അറബ് ഇസ്ലാമിറ്റ് റാം പാർട്ടി നേതാവ് മൻസൂർ അബ്ബാസ് എന്നിവരാണ്. സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്ന് ലാപിഡ് പ്രസിഡന്റിനെ അറിയിച്ചു. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് ഇസ്രായേൽ പാർലമെന്റായ നെസ്റ്റിൽ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. ഏഴ് മുതൽ 12 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കേണ്ടി വരും.

സഖ്യത്തിൽ ഏഴു സീറ്റുകൾ നേടിയ യാമിന പാർട്ടിയുടെ പ്രതിനിധിയാണ് നെഫ്ത്താലി ബെന്നെറ്റ്. 17 സീറ്റുള്ള യെശ് അതിഡ്, ഏട്ടു സീറ്റുകളുള്ള കോഹൽ ലാവൻ, ഏഴു സീറ്റുകൾ വീതം കിട്ടിയ ഇസ്രായേൽ ബെയ്‌തെയ്‌നു, ലാബർ, യാമിന, ആറു സീറ്റുകൾ വീതം കിട്ടിയ ന്യൂ ഹോപ്പ്, മെറെറ്റ്‌സ്, നാലു സീറ്റ് കിട്ടിയ റാം എന്നീ കക്ഷികൾ ചേർന്നാണ് സഖ്യ സർക്കാരുണ്ടാക്കുന്നത്. ഇതാദ്യമായിട്ടാണ് ഒരു അറബ് മുസ്‌ളീം പാർട്ടിയും ഇസ്രായേലിന്റെ ഭരണകക്ഷിയുടെ ഭാഗമാകുന്നത്. യെശ് അതിഡ് തലവനാണ് യെയ്ർ ലാപിഡ്.

ടെൽ അവീവിനടുത്തുള്ള ഒരു ഹോട്ടലിൽ നടന്ന മാരത്തൺ ചർച്ചകൾക്ക് പിന്നാലെയാണ് സഖ്യരൂപീകരണ പ്രഖ്യാപനം നടന്നത്. സർക്കാർ രീപീകരിക്കുന്നതിന് സഖ്യമുണ്ടാക്കാൻ ലാപിഡിന് പാർലമെന്റ് അനുവദിച്ച 28 ദിവസം തീരുന്ന ബുധനാഴ്ച തന്നെയാണ് പ്രഖ്യാപനം നടത്തിയതും.രണ്ടു വർഷത്തിനിടെ നാല് പാർലമെന്റ് തിരഞ്ഞെടുപ്പുകളാണ് ഇസ്രയേലിൽ നടന്നത്.

ഇസ്രായേൽ പ്രധാനമന്ത്രിയായി ഏറ്റവും കൂടുതൽ കാലം തുടർന്ന നെതന്യാഹുവിന് മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനായിരുന്നില്ല. ലാപിഡിന്റെ യെഷ് ആതിഡ് പാർട്ടിയായിരുന്ന രണ്ടാം സ്ഥാനത്ത് എത്തിയത്. ഇതേ തുടർന്ന് കൂടുതൽ വാഗ്ദാനം നൽകി ബെന്നറ്റിനെ ഒപ്പം നിർത്തി സർക്കാരുണ്ടാക്കാൻ നെതന്യാഹു ശ്രമം നടത്തിയെങ്കിലും ഫലിക്കാതെ വന്നതോടെയാണ് പുറത്തേക്ക് പോകേണ്ടി വന്നിരിക്കുന്നത്.

പ്രതിപക്ഷ സഖ്യം തകർക്കാനുള്ള നീക്കങ്ങൾ നെതന്യാഹു നടത്തിയെങ്കിലും ഫലം കണ്ടില്ല. ബുധനാഴ്ചയ്ക്കുള്ളിൽ ലാപിഡിനും സർക്കാർ രൂപീകരിക്കാനുള്ള സഖ്യത്തെ പ്രഖ്യാപിക്കാൻ സാധിച്ചില്ലായിരുന്നെങ്കിൽ ഇസ്രയേൽ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോകുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News