ADVERTISEMENT
ശബ്ദരേഖയുടെ ആധികാരികതയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീത.സികെ ജാനുവിനെ എൻഡിഎയിലേക്ക് എത്തിക്കാൻ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയതിന് തെളിവായി പുറത്ത് വിട്ട ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണം.ശാസ്ത്രീയമായി പരിശോധിച്ച് ശബ്ദരേഖയുടെ ആധികാരികത തെളിയിക്കണം. മാർച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചാണ് സുരേന്ദ്രൻ പണം കൈമാറിയതെന്നും പ്രസീത കണ്ണൂരിൽ വ്യക്തമാക്കി.
ഇന്നത്തെ കാലത്ത് ഒരു ഓഡിയോ റെക്കോർഡ് ചെയ്ത് അതിൽ ആവശ്യമില്ലാത്തത് കട്ട് ചെയ്യാനും ആവശ്യമായ ഭാഗങ്ങൾ ചേർക്കാനും ഒന്നും ഒരു ബുദ്ധിമുട്ടില്ല എന്ന് ഓർക്കണമെന്ന് കെ സുരേന്ദ്രൻ കോഴിക്കോട്ട് പ്രതികരിച്ചതിന് തൊട്ട് പിന്നാലെയാണ് പ്രസീതയുടെ പ്രതികരണം. ബിജെപിയെ ആക്ഷേപിച്ചോളു എന്നാൽ സികെ ജാനുവിനെ ആക്ഷേപിക്കരുതെന്ന വാദം ഉയർത്തിയ കെ സുരേന്ദ്രൻ പണം നൽകിയെന്ന ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു.
കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് കെ സുരേന്ദ്രൻ. അദ്ദേഹത്തിനെതിരെ കള്ള പ്രചാരണം ആണ് നടത്തുന്നതെങ്കിൽ കേസ് കൊടുക്കണം. ശബ്ദരേഖ പരിശോധിക്കണം. ശാസ്ത്രീയ പരിശോധന നടത്തി സത്യം കണ്ടെത്തണം. ഒരു എഡിറ്റിംഗും ആ ഓഡിയോയിൽ നടത്തിയിട്ടില്ല. സികെ ജാനു കേസ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. കെ സുരേന്ദ്രനും കേസ് കൊടുക്കണം. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും കുറ്റക്കാരിയെന്ന് കണ്ടാൽ എന്ത് ശിക്ഷയും ഏറ്റുവാങ്ങാമെന്നും പ്രസീത പറഞ്ഞു.
തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചാണ് കാശ് കൈമാറിയത്. കെ സുരേന്ദ്രൻ നേരിട്ട് വന്നിരുന്നു. പ്രവർത്തകരെ പുറത്ത് നിർത്തിയാണ് കൈമാറ്റം നടക്കുന്നത്. കാശ് കൊടുക്കുന്നതിന് മുൻപും കെ സുരേന്ദ്രൻ ആശയവിനിമയം നടത്തിയിരുന്നു. കാശ് കിട്ടിയെന്നാണ് സികെ ജാനുവും പറഞ്ഞത്. മാർച്ച് ഏഴിന് രാവിലെയും വൈകിട്ടും ജാനു താമസിക്കുന്ന ഹോട്ടലിൽ സുരേന്ദ്രൻ എത്തി. വയനാട്ടിൽ സികെ ജാനു നടത്തിയ ഇടപാടുകൾ പരിശോധിച്ചാൽ കാശ് ചെലവഴിച്ച കാര്യം ബോധ്യപ്പെടുമെന്നും പ്രസീത വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.