ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം; പാലക്കാട് ജില്ലയില്‍ 150 ഓളം കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് പ്രതിഷേധം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ പാലക്കാട് ജില്ലയില്‍ 150 ഓളം കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ലോക്കല്‍ – പഞ്ചായത്ത് കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലായിരുന്നു പ്രതിഷേധം. സിപിഐഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ കിഴക്കഞ്ചേരി പോസ്റ്റ് ഓഫീസിനു മുന്നിലും സംസ്ഥാന കമ്പറ്റി അംഗം പാലക്കാട് ഹെഡ് പോസ്റ്റോഫീസിനു മുന്നിലും എല്‍ ഡി എഫ് കണ്‍വീനര്‍ വി ചാമുണ്ണി ഒലവക്കോട്ടും സമരത്തില്‍ അണിചേര്‍ന്നു.

അതേസമയം, ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തൊട്ടാകെ എല്‍.ഡി.എഫ് നേതൃത്വത്തില്‍ പ്രതിഷേധ സമരം നടന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എല്‍ഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലായിരുന്നു പ്രതിഷേധം. ലക്ഷദ്വീപിന്റെ നിഷ്‌കളങ്കതയ്ക്ക് നേരെ സംഘപരിവാര്‍ കാപട്യം അടിച്ചേല്‍പ്പിക്കുകയാണെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററായ പ്രഭുല്‍പട്ടേല്‍ ലക്ഷദ്വീപ് ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെയാണ് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി സമര പരിപാടികള്‍ സംഘടിപ്പിച്ചത്.

തിരുവനന്തപുരം ജിപിഒയ്ക്ക് മുന്നിലെ പ്രതിഷേധ പരിപാടിക്ക് എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ എ വിജയരാഘവന്‍ നേതൃത്വം നല്‍കി. ലക്ഷ്വദ്വീപിന്റെ നിഷ്‌കളങ്കതയ്ക്ക് നേരെ സംഘപരിവാര്‍ കാപട്യം അടിച്ചേല്‍പ്പിക്കുകയാണെന്ന് എ വിജയരാഘവന്‍ പറഞ്ഞു. ദ്വീപ് ജനതയുടെ ജീവിത മൂല്യങ്ങളെ തകര്‍ക്കുന്നു.കേരളവുമായി കാലങ്ങളായി അടുത്ത ബന്ധമാണ് ദ്വീപിനുള്ളത്. ദ്വീപിനെ കോര്‍പ്പറേറ്റുകള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന സംഘപരിവാര്‍ നയത്തെ ഇടതുപക്ഷം ചെറുക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

ലക്ഷദ്വീപിനെ കാവിവല്‍ക്കരിക്കാനാണ് സംഘപരിവാര്‍ അജണ്ടയെന്നും അഡ്മിനിസ്‌ട്രേറ്റര്‍ ഫാസിസ്റ്റ് നടപടികള്‍ ദ്വീപ് ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഏജീസ് ഓഫീസിന് മുന്നിലെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സംസ്ഥാനത്തുടനീളം എല്‍ഡിഎഫ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. എല്‍ഡിഎഫ് നേതാക്കള്‍ വിവിധ കേന്ദ്രങ്ങളിലെ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here