ബ്രസീലിന്റെ ‘പുതിയ റൊണാൾഡോ’ കായ് ജോർഗെ

ബ്രസീലിയൻ ഫുട്ബോളിൽ ഇപ്പോഴത്തെ സെൻസേഷൻ കായ് ജോർഗെ എന്ന 19 കാരനാണ്. ‘പുതിയ റൊണാൾഡോ’ എന്നാണ് ഈ സാൻടോസ് സ്ട്രൈക്കറെ ബ്രസീലിയൻ മാധ്യമങ്ങൾ വാഴ്ത്തിപ്പാടുന്നത്.ഫുട്ബോളിനെ നെഞ്ചോട് ചേർക്കുന്ന ബ്രസീലിയൻ ജനത ഒന്നടങ്കം ഉറ്റുനോക്കുന്നത് കായുടെ മാസ്മരിക പ്രകടനങ്ങളാണ്.

കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ ഒട്ടേറെ സൂപ്പർ താരങ്ങളെ ലോകഫുട്ബോളിൽ അവതരിപ്പിച്ച സാൻടോസിലെ സൂപ്പർ താരമാണ് ഇപ്പോൾ കായ്. പഴയ കാല ഫുട്ബോളറായ പിതാവ് ജോർഗെയിൽ നിന്നും കാൽപന്ത് കളിയുടെ ബാലപാഠങ്ങൾ വശത്താക്കിയ കായ് പത്താം വയസിലാണ് സാൻടോസ് എഫ്.സി യിൽ എത്തുന്നത്.

പതിനഞ്ചാം വയസിൽ സാൻടോസ് എഫ്.സിയുടെ അണ്ടർ-20 ടീമിലേക്ക് സെലക്ഷൻ. പതിനാറാമത്തെ വയസിൽ സാൻടോസ് എഫ് സി യുടെ സീനിയർ ടീമിൽ സ്വപ്നതുല്യമായ അരങ്ങേറ്റം. അത്ലറ്റിക്കോ പരാനെൻസിനെതിരെ സാൻടോസ് വിജയിച്ചപ്പോൾ ക്ലബ്ബിൻടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായക്കുറവുള്ള ആറാമത്തെ കളിക്കാരനായി കായ് മാറി. ഇക്കഴിഞ്ഞ ബ്രസീൽ സീരി എ സീസണിൽ കായ് സാൻടോസ് ക്ലബ്ബിനായി സ്കോർ ചെയ്തത് നാല് മിന്നും ഗോളുകളാണ്.

കോപ്പ ലിബർട്ടഡോറസിലും കോപ്പ സുഡാമരിക്കാനയിലും എല്ലാം മാസ്മരിക ചലനങ്ങളിലൂടെ ഈ വണ്ടർ കിഡ് കാൽപന്ത് കളി പ്രേമികളുടെ മനം കവർന്നു.അണ്ടർ- 15, അണ്ടർ-17 തലങ്ങളിൽ കായ് ദേശിയ ടീമിനെ പ്രതിനിധീകരിച്ചു. 2019 ലെ അണ്ടർ-17 ലോകകപ്പിൽ മെക്സിക്കോയെ തോൽപ്പിച്ച് ബ്രസീൽ ചാമ്പ്യന്മാരായപ്പോൾ ഫൈനലിലെ താരം രണ്ട് ഗോളുകൾ നേടിയ കായ് ആയിരുന്നു.

ടൂർണമെൻറിലെ വെങ്കല ബൂട്ടിനും ഈ താരം അർഹനായി.അസാധാരണ പന്തടക്കമുള്ള കായ് ഡ്രിബ്ലിംഗിലും വേഗതയിലും സാങ്കേതിക തികവിലും എല്ലാം ഏറെ മുന്നിലാണ്.പ്രതിരോധ നിരയിലെ വിള്ളലുകൾ ഗോളിലെത്തിക്കാനുള്ള ഈ 19 കാരന്റെ കഴിവ് സാൻടോസ് ആരാധകരും ബ്രസീൽ ഫുട്ബോൾ പ്രേമികളും ഏറെ തവണ കണ്ടറിഞ്ഞതാണ്.

കളി മികവിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയോടാണ് പെർനാംബുക്കാനോ സംസ്ഥാനത്തെ ഒലിൻഡക്കാരനായ കായെ ബ്രസീലിയൻ മാധ്യമങ്ങൾ താരതമ്യപ്പെടുത്തുന്നത്. യുവന്റസ്, ചെൽസി ആഴ്സണൽ തുടങ്ങിയ ക്ലബ്ബുകളാണ് സാൻടോസിൻടെ ഗോൾവേട്ടക്കാരനെ സ്വന്തമാക്കാൻ മുന്നിലുള്ളത്. ബ്രസീലിയൻ വണ്ടർ കിഡിന് പിന്നാലെ രാകിപ്പറക്കുകയാണ് ഇപ്പോൾ യൂറോപ്യൻ ക്ലബ്ബുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News