മിശ്ര പാഠ്യരീതി; യുജിസി നിർദേശം ധൃതിയിൽ നടപ്പിലാക്കാൻ പാടില്ല: മന്ത്രി ഡോ. ആർ. ബിന്ദു

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓരോ കോഴ്സിന്റെയും 40 ശതമാനം ഓൺലൈനായും ബാക്കി 60 ശതമാനം ക്ലാസ്സ്റൂം പഠനമായി നടത്തുവാനുള്ള യുജിസി നിർദ്ദേശം പടിപടിയായി മാത്രമേ നടപ്പിലാക്കാവൂ എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടു.

ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്ന ഡിജിറ്റൽ വിഭജനത്തെ ഈ നിർദേശം വർദ്ധിപ്പിക്കും. തൽഫലമായി വലിയ വിഭാഗം വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം കാലക്രമേണ അപ്രാപ്യമാകും.

കാലാനുസൃതമായി വലിയ മാറ്റങ്ങൾക്ക് ഈ നിർദ്ദേശം കാരണമാകുമെങ്കിലും ധൃതിപിടിച്ച് ഈ നിർദ്ദേശം നടത്തുന്നത് നമ്മുടെ സാമൂഹിക സാഹചര്യങ്ങളിൽ അഭികാമ്യമല്ല. ഉന്നതവിദ്യാഭ്യാസരംഗത്ത് കാതലായ പരിഷ്കരണങ്ങൾക്ക് ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്; എന്നാൽ സാമൂഹ്യനീതി ഉറപ്പുവരുത്തി മാത്രമേ സർക്കാർ ഈ നിർദ്ദേശം നടപ്പിലാക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു .

യുജിസി മുന്നോട്ടുവച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള ബ്ലഡ് ലേണിങ് നടപ്പിലാക്കുന്നത് സംബന്ധിച്ച് കേരളം സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ സംഘടിപ്പിച്ച കോൺഫറൻസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മിശ്ര പാഠ്യരീതി (blended learning ) ബന്ധപ്പെട്ടു യുജിസി റിപ്പോർട്ട് ആസ്പദമാക്കി കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ നടത്തിയ ഓൺലൈൻ മീറ്റിംഗ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ . ആർ ബിന്ദു ഉത്ഘാടനം ചെയ്തു . ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ അധ്യക്ഷതവഹിച്ചു.

ഉന്നത വിദ്യാഭ്യാസ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.വി. വേണു, സംസ്ഥാനത്തെ വിവിധ സർവകലാശാലയുടെ വൈസ് ചാൻസലർമാർ , അധ്യാപക വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ ,ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ . രാജൻ വർഗീസ് എന്നിവർ സംസാരിച്ചു.

ചർച്ചകളുടെ അടിസ്ഥാനത്തിൽ യുജിസി നിർദേശത്തെ കുറിച്ചുള്ള അഭിപ്രായം അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ.രാജൻ ഗുരുക്കൾ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News