പുതിയ കെ.പി.സിസി അധ്യക്ഷനായി  ഈ പേര് നിര്‍ദേശിച്ച് ഹൈക്കമാന്‍ഡ്

പുതിയ കെ.പി.സിസി അധ്യക്ഷനായി കെ.സുധാകരനെ നിര്‍ദേശിച്ച് ഹൈക്കമാന്‍ഡ്. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ കേരളത്തിലെത്തുന്നത് ഗ്രൂപ്പ് നേതാക്കളെ അനുനയിപ്പിക്കാന്‍. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷം പുതിയ കെ.പി.സിസി അധ്യക്ഷനെ പ്രഖ്യാപിക്കുമെന്ന് സൂചന. അതേസമയം പ്രഖ്യാപനം വൈകുന്നതില്‍ അതൃപ്തിയിലാണ് രണ്ടാം നിര നേതാക്കള്‍.

എഐസിസി നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടും രണ്ടാം നിര നേതാക്കളുടെ പിന്തുണയും കെ.സുധാകരനൊപ്പമാണ്. കെ.സി.വേണുഗോപാലും രാഹുല്‍ ഗാന്ധിയും പിന്തുണച്ചേതാടെ സുധാകരന്‍ പുതിയ അധ്യക്ഷ പദവി ഉറപ്പിച്ചു. പക്ഷെ കേരളത്തിലെ ഗ്രൂപ്പ് നേതാക്കളുടെ എതിര്‍പ്പാണ് ഹൈക്കമാന്‍ഡ് നേരിടുന്ന വെല്ലുവിളി.

ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും അനുനയിപ്പിക്കണം. പ്രധാനനേതാക്കളെ കണ്ട് സമവായനീക്കത്തിലൂടെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുകയാണ് ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വറിന്റെ ചുമതല. ഈ ആഴ്ച അവസാനത്തോടെ താരിഖ് അന്‍വര്‍ കേരളത്തില്‍ എത്തുമെന്നാണ് സൂചന.

കേരളത്തില്‍ എത്തുന്ന താരിഖ് അന്‍വര്‍ ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തും. എംഎല്‍എമാരുമായും പോഷക സംഘടനാ ഭാരവാഹികളുമായും ആശയവിനിമയം നടത്തുമെന്നാണ് സൂചന. ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പുതിയ ഉപാധികള്‍ മുന്നോട്ടുവയ്ക്കാനും സാധ്യതയുണ്ട്്.

ഇതുകൂടി പരിഗണിച്ചാകും പുതിയ കെപിസിസി അധ്യക്ഷനെ എഐസിസി പ്രഖ്യാപിക്കുക. അതേസയം കെ.കരുണാകരന്റെ കാലശേഷം ചിതറിപോയ ഐ വിഭാഗത്തെ ഒരു കുടക്കീഴില്‍ യോജിപ്പിക്കുക എന്ന ലക്ഷ്യവും വിഡി സതീശന്റെയും കെ.സുധാകരന്റെയും കടന്നുവരവിന് പിന്നിലുണ്ട്.

ഇതിന് ദില്ലിയില്‍ ചുക്കാന്‍ പിടിക്കുന്നതാകട്ടെ സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ്. ഈ നീക്കത്തിലുള്ള അതൃപ്തിയും ഉമ്മന്‍ചാണ്ടിയടക്കമുള്ള എ വിഭാഗം നേതാക്കള്‍ക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News