ADVERTISEMENT
കാലങ്ങളും അതിരുകളും കടന്നു ഇന്നും ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ മായാത്ത അടയാളമായി തങ്ങിനില്‍ക്കുന്ന ആ ശബ്ദം. പിന്നണി ഗാനരംഗത്തെ അനിഷേധ്യനായ ഗായകന്‍ എസ് പി ബി എന്ന എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ജന്മദിനത്തില്‍ 16 ഭാഷകളിലായി പാടി നേടിയ ലക്ഷക്കണക്കിന് ആരാധകര്‍ക്ക് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം. കൊവിഡിന്റെ പിടിയിലമര്‍ന്ന് മരണക്കിടക്കയില്‍ പോലും സംഗീതം അദ്ദേഹത്തെ അനശ്വരനാക്കി.
‘ആയിരം നിലവേ വാ’ എന്ന് പാടി സംഗീതലോകത്തെ കീഴടക്കിയ ആ ശബ്ദം പിന്നീടങ്ങോട്ട് വിവിധ ഭാഷകളില്‍ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമായി മാറുകയായിരുന്നു. പാട്ടുജീവിതം തുടങ്ങിയതിനു ശേഷം അമ്പതു വര്‍ഷത്തോളം മുടങ്ങാതെ ദിനംപ്രതി പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തിരുന്ന അപൂര്‍വ വിസ്മയം കൂടിയായി അദ്ദേഹം മാറി. ടി എം സൗന്ദരരാജനെയും പി ബി ശ്രീനിവാസിനെയും പോലുള്ള അതികായന്മാര്‍ വാഴുന്നിടത്തായിരുന്നു ഔപചാരിക സംഗീതപഠനങ്ങളൊന്നും പൂര്‍ത്തിയാക്കാതെ തന്നെ എസ് പി ബി സ്വന്തം പേര് ഉറപ്പിച്ചത്. ശാസ്ത്രീയ സംഗീതത്തില്‍ അതിവിദഗ്ധരായ അനേകം ഗായകരെ മറികടന്നാണ് ഈ നേട്ടം എസ് പി ബി നേടിയതെന്നതും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
ലയങ്ങള്‍ക്കും താളങ്ങള്‍ക്കും രാഗങ്ങള്‍ക്കുമിടയിലൂടെ ഇഴചേര്‍ന്നൊഴുകുന്ന അഭൗമ ശബ്ദത്തിന്റെ അലയൊലികള്‍ക്ക് മരണമില്ല. ‘ശങ്കരാഭരണ’ത്തിന്റെ ആഢ്യത്തവും, ‘ഇളമൈ ഇതോ ഇതോ’യുടെ ചടുലതയും എങ്ങനെ മറക്കാനാണ്? ‘താരാപഥം ചേതോഹരം’, ‘കാക്കാല കണ്ണമ്മാ’, എന്നീ മലയാള ഗാനങ്ങളും ഹൃദ്യമാണ്. എടുത്ത് പറയാന്‍ അനേകം ഗാനങ്ങള്‍ പാടിയ എസ് പി ബിയുടെ ശബ്ദം ഇന്നും ദീപ്ത സ്മരണയാണ്.
Get real time update about this post categories directly on your device, subscribe now.