ഓണ്‍ലൈന്‍ പഠനത്തിന് 10 കോടി, ടെലി- ഓണ്‍ലൈന്‍ കൗണ്‍സലിംഗ്,വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ലക്ഷം ലാപ്‌ടോപ്പുകള്‍ ; ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പരിഗണന

കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ വിദ്യാഭ്യാസ ആരോഗ്യ സാമൂഹ്യ വിദഗ്ധരടങ്ങുന്ന സമിതി, ടെലി- ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങിന് സ്ഥിരം സംവിധാനം, തുടങ്ങി കൊവിഡ് പ്രതിസന്ധിയില്‍ കുട്ടികളുടെ പഠനം കൂടുതല്‍ സുഗമമാക്കാനുമുള്ള പ്രത്യേക പദ്ധതികളാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂള്‍ അന്തരീക്ഷത്തില്‍ പഠനം സാധ്യമാക്കുന്ന രീതിയില്‍ പൊതു ഓണ്‍ലൈന്‍ അധ്യയന സംവിധാനത്തിന് 10 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

അധ്യാപകരും സഹപാഠികളും ചേര്‍ന്ന ആനന്ദകരമായ സ്‌കൂള്‍ അന്തരീക്ഷത്തില്‍നിന്ന് വീട്ടിലെ നാലുചുമരുകള്‍ക്കുള്ളിലേക്ക് ചുരുക്കപ്പെട്ട കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി വിവിധ കര്‍മ്മപരിപാടികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്ന് സംസ്ഥാന ബജറ്റ് വ്യക്തമാക്കുന്നു. ഈ വിഷയത്തെ കുറിച്ച് വിശദമായ പഠനം നടത്തുന്നതിനായി വിദ്യാഭ്യാസ,ആരോഗ്യ,സാമൂഹ്യ വിദഗ്ധരടങ്ങുന്ന സമിതിയെ നിയോഗിക്കും.

കൊവിഡ് രോഗവ്യാപനം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഭാവിയെക്കുറിച്ചുള്ള ഉത്ക്കണ്ഠ സൃഷ്ടിക്കുന്നതോടൊപ്പം വിവിധ മാനസിക, ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഈ വിഷയം പരിഹരിക്കുന്നതിനായി ടെലി-ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ കൗണ്‍സിലിംഗ് നല്‍കുന്നതിനായി ഒരു സ്ഥിരം സംവിധാനം ആരംഭിക്കും.

കൈറ്റ് – വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസുകളോടൊപ്പം അതാത് വിദ്യാലയങ്ങളിലെ അധ്യാപകര്‍ നയിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടി സംഘടിപ്പിക്കും. വെര്‍ച്വല്‍- ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്ക് സ്‌കൂള്‍ അന്തരീക്ഷത്തില്‍ പഠനം സാധ്യമാക്കുന്ന രീതിയില്‍ ഒരു പൊതു ഓണ്‍ലൈന്‍ അധ്യയന സംവിധാനം സൃഷ്ടിക്കും. ഇതിനായി 10 കോടി രൂപ അനുവദിച്ചു.

കുട്ടികളുടെ സര്‍ഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനും കലാ – കരകൗശല സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പ്രത്യേക പരിപാടി. കുട്ടികളുടെ തെരഞ്ഞെടുത്ത സൃഷ്ടികള്‍ വിക്ടേഴ്‌സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യും. കുട്ടികള്‍ക്ക് ഇതിനാവശ്യമായ പരിശീലനവും വിക്ടേഴ്‌സ് ചാനല്‍ മുഖേന നല്‍കും.

കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷിയും കായികക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനായി യോഗ അടക്കമുള്ള വ്യായാമ മുറകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക ഫിസിക്കല്‍ എജ്യുക്കേഷന്‍ സെഷനുകള്‍ വിക്ടേഴ്‌സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യും. വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് രണ്ട് ലക്ഷം ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുന്നതിനുള്ള കെഎസ്എഫ്ഇ സ്‌കീം സമയബന്ധിതമായി നടപ്പാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here