തന്‍റെ പ്രിയ പാപ്പാനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയ ബ്രഹ്മദത്തനെന്ന ആനയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാല്‍ നൂറ്റാണ്ടോളം തന്നെ പരിപാലിച്ച ഓമനച്ചേട്ടന് യാത്രാമൊഴി നല്‍കാനാണ് ബ്രഹ്മദത്തനെത്തിയത്. കോട്ടയം പള്ളിക്കത്തോട്ടില്‍ നിന്നാണ് വികാരനിര്‍ഭരമായ ഈ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.
കാല്‍ നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഓമനച്ചേട്ടനും ബ്രഹ്മദത്തനും തമ്മിലുള്ള ബന്ധത്തിന്. ലക്ഷണമൊത്ത ഒരു ഗജകേസരിയായി വളര്‍ന്നു വന്ന വഴിത്താരകളിലൊക്കെയും ഒരച്ഛന്റെ സ്നേഹലാളനകളോടെ ഒപ്പമുണ്ടായിരുന്ന ഓമനച്ചേട്ടന്‍റെ ചേതനയറ്റ ശരീരം കണ്ണിമയ്ക്കാതെ നോക്കി നില്‍ക്കുന്ന ബ്രഹ്മദത്തന്‍റെ വീഡിയോ ആരുടേയും കണ്ണു നിറയ്ക്കുന്നതാണ്.
ആനകളെ ജീവനോളം സ്നേഹിക്കുകയും ആ സനേഹം തിരികെ കിട്ടുകയും ചെയ്യുന്നത് ചുരുക്കം ചിലര്‍ക്കു മാത്രമാണ്. അങ്ങനെയൊരാളാണ് പള്ളിക്കത്തോടുകാരുടെ ഓമനച്ചേട്ടന്‍. ആനകളുടെ കളിത്തോഴനും പ്രിയപാപ്പാനുമായിരുന്ന ഓമനച്ചേട്ടനെന്ന ദാമോദരന്‍ നായര്‍ അര്‍ബുദ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മരിക്കുന്നത്.
ആനപ്രേമികള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള പാപ്പാന്‍ കൂടിയായിരുന്നു ഇദ്ദേഹം. വാര്‍ദ്ധക്യ കാലത്തും അര്‍ബുദം അലട്ടിയപ്പോഴും അദ്ദേഹം ബ്രഹ്മദത്തനൊപ്പം തന്നെ നിലയുറപ്പിച്ചു. അവന്റെ വളര്‍ച്ചയ്ക്ക് തണലായി… ഇവരുടെ സ്നേഹബന്ധത്തിന്റെ ആഴം ഈ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. മടങ്ങും നേരം തുമ്പിക്കൈകൊണ്ട് അവസാനമായി ഓമനച്ചേട്ടനെ വണങ്ങുന്ന കാഴ്ച്ചയും കരളലിയിപ്പിക്കുന്നതായിരുന്നു.
പുതുപ്പള്ളി ബ്രഹ്മദത്തന്‍ എന്നറിയപ്പെട്ടിരുന്ന ആന ഇപ്പോള്‍ പാലാ ഭരണങ്ങാനം അമ്പാറ പല്ലാട്ട് രാജേഷ്, മനോജ് എന്നിവരുടെ ഉടമസ്ഥതയിലാണ്. അവിടെ നിന്നാണ് ബ്രഹ്മദത്തന്‍ കൂരോപ്പടയിലെത്തിയത്. ഒരാനയും പാപ്പാനും തമ്മിലുള്ള വര്‍ണ്ണനകള്‍ക്കതീതമായ സ്നേഹ ബന്ധത്തിന്റെ അവശേഷിപ്പായി ഈ ദൃശ്യങ്ങള്‍ ചരിത്രത്തിലിടം പിടിക്കും.
Get real time update about this post categories directly on your device, subscribe now.